ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിന് രാജ്യം ഒരുങ്ങുന്നതിനിടെ ഹരിയാനയിലെ ബിജെപി സർക്കാറിന് മേലുള്ള രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച ഒരു സ്വതന്ത്ര എംഎൽഎ കൂടി കോൺഗ്രസിനൊപ്പം പോകുമെന്നാണ് സൂചന. നിലവിൽ മൂന്ന് സ്വതന്ത്ര എംഎൽഎമാർ കോൺഗ്രസിന് ഒപ്പം പോയെങ്കിലും ഭൂരിപക്ഷം ഇടിയില്ലെന്നാണ് ബിജെപി അവകാശവാദം. ഈ മാസം 25ന് ആറാംഘട്ടത്തിൽ ഹരിയാനയിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി പ്രതിസന്ധി നേരിടുന്നത്.

നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായിട്ടില്ലെന്നാണ് ബിജെപി പറയുന്നത്. 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി നയാബ് സൈനിയുടെ ഓഫീസിന്റെ അവകാശവാദം. ജെജെപി വിമതരുടെ പിന്തുണ തുടരുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഹരിയാനയിൽ ബിജെപി സർക്കാർ പ്രതിസന്ധിയിലായത്.

ഇതിനിടെ കോൺഗ്രസ് ബിജെപിയിൽ നിന്ന് ഭരണം പിടിച്ചെടുക്കണമെന്ന് ജെജെപി നേതാവ് ദിഗ്ഗ് വിജയ് സിങ് ആവശ്യപ്പെട്ടു. സഖ്യകക്ഷിയായ ജെജെപി ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. എന്നാൽ ജെജെപി വിമതരുടെ പിന്തുണയോടെ ബിജെപി സർക്കാർ ഭൂരിപക്ഷം തെളിയിക്കുകയായിരുന്നു.

സർക്കാരിനെ പിന്തുണച്ചിരുന്ന സോംഭിർ സാങ്‌വാൻ, രൺദീർ ഗോല്ലെൻ, ധരംപാൽ ഗോണ്ടർ എന്നീ സ്വതന്ത്രർ പിന്തുണ പിൻവലിച്ച് കോൺഗ്രസിന് ഒപ്പം പോവുകയായിരുന്നു. ഒരു സ്വതന്ത്ര എംഎൽഎ കൂടി ഒപ്പം വരുമെന്നാണ് കോൺഗ്രസിനെ പിന്തുണക്കാൻ തീരുമാനിച്ചവരുടെ അവകാശവാദം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.അപ്രതീക്ഷിതമായ നീക്കം ബിജെപിക്ക് കനത്ത തിരിച്ചടിയായി.

മൂന്ന് സ്വതന്ത്ര എംഎ‍ൽഎമാർ പിന്തുണ പിൻവലിക്കുകയും സർക്കാരിന്റെ നിലനിൽപിന് ഭീഷണി ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ കോൺഗ്രസിനെതിരെ ഹരിയാണ മുഖ്യമന്ത്രി നയാബ് സിങ് സൈനി രംഗത്തെത്തി.

'ഞാൻ അതേക്കുറിച്ച് കേട്ടപ്പോൾ, ആ നിമിഷം തന്നെ എനിക്കറിയാമായിരുന്നു കോൺഗ്രസ് അവരുടെ ആഗ്രഹം സഫലമാക്കാനുള്ള ശ്രമത്തിലാണെന്ന്. എല്ലാവർക്കും ആഗ്രഹങ്ങളുണ്ട്' - സൈനി പറഞ്ഞു.

പക്ഷേ ജനങ്ങൾക്ക് അറിയാം. അവർക്ക് അറിയാം, കോൺഗ്രസിന് ജനങ്ങളുടെ ആഗ്രഹങ്ങളിൽ യാതൊരു താൽപര്യവുമില്ലെന്നും പകരം സ്വന്തം ആഗ്രഹങ്ങൾ സഫലമാക്കാനുള്ള മോഹം മാത്രമേയുള്ളൂവെന്നും, സൈനി കൂട്ടിച്ചേർത്തു. അതേസമയം സ്വതന്ത്ര എംഎ‍ൽഎമാർ ഉയർത്തിയ ഭീഷണിയെ എങ്ങനെ അതിജീവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.