ബെംഗളൂരു: വോട്ടുബാങ്ക് ലക്ഷ്യമിട്ട് കോൺഗ്രസ് രാജ്യത്ത് മുസ്ലിം പ്രീണനനയം നടപ്പാക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് ബിജെപി. കർണാടക ഘടകം എക്സിൽ (ട്വിറ്റർ) പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയുമായി ബന്ധപ്പെട്ട കേസിൽ കേസെടുത്ത് കർണാടക പൊലീസ്. ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു. ബിജെപിയുടെ കർണാടക ഐ.ടി. സെൽ മേധാവി അമിത് മാളവ്യയോടും ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

വിവാദ വീഡിയോ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച എക്‌സ് അധികൃതർക്ക് കത്തയച്ചിരുന്നു. കോൺഗ്രസ് പാർട്ടി മുസ്ലിം പ്രീണനത്തിനാണ് ശ്രമിക്കുന്നതെന്നും പിന്നാക്കവിഭാഗങ്ങൾക്ക് അവകാശപ്പെട്ട സംവരണവും ധനസഹായവുമെല്ലാം കോൺഗ്രസ് അട്ടിമറിയിലൂടെ മുസ്ലിങ്ങൾക്ക് നൽകുന്നെന്നുമായിരുന്നു ബിജെപി. എക്‌സിൽ പങ്കുവെച്ച വീഡിയോയുടെ ഉള്ളടക്കം.

കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽനിന്ന് ഒഴിവാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നുകാണിച്ച് കർണാടക കോൺഗ്രസ് ലീഗൽ യൂണിറ്റ് അംഗമായ രമേഷ് ബാബുവാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. കർണാടകയിലെ ബിജെപി. നേതാവ് ബി.വൈ. വിജയേന്ദ്രയ്‌ക്കെതിരെ നൽകിയ പരാതിയിൽ വീഡിയോയിലൂടെ ജനങ്ങൾക്കിടയിൽ വെറുപ്പും സ്പർധയും വളർത്താനാണ് ബിജെപി. ശ്രമിക്കുന്നതെന്ന് രമേഷ് ആരോപിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട് പൊലീസ് സ്റ്റേഷനിൽ ഫയൽചെയ്ത എഫ്.ഐ.ആറിൽ ജെ.പി. നഡ്ഡയുടെയും അമിത് മാളവ്യയുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് ഇരുവർക്കും ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.

കോൺഗ്രസ് നേതൃത്വത്തിന്റെ പരാതിക്ക് പിന്നാലെയാണ് ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ഐ.ടി. സെൽ മേധാവി അമിത് മാളവ്യ എന്നിവർക്കെതിരെ കർണാടക പൊലീസ് കേസെടുത്തത്. ഇതിനുപിന്നാലെ, വീഡിയോ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ളതാണ് എന്ന് കാണിച്ച് അത് നീക്കംചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, അവർ വീഡിയോ നീക്കംചെയ്യാതെ വന്നതോടെയാണ് ചൊവ്വാഴ്ച ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച് എക്‌സിന് ഔദ്യോഗികമായി കത്തയച്ചത്. ശനിയാഴ്ചയാണ് 17-സെക്കൻഡ് ദൈർഘ്യമുള്ള ആനിമേറ്റഡ് വീഡിയോ ബിജെപി. കർണാടക ഘടകം എക്‌സിൽ പങ്കുവെച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലിങ്ങൾക്ക് വലിയ രീതിയിൽ ഫണ്ട് നൽകുന്നതായാണ് വീഡിയോയിൽ ആരോപിക്കുന്നത്.

രാഹുൽ ഗാന്ധിയുടേയും സിദ്ധരാമയ്യയുടേയും കാരിക്കേച്ചറുകൾ മുസ്ലിം എന്ന് രേഖപ്പെടുത്തിയ മുട്ട ഒരു പക്ഷിക്കൂട്ടിൽ നിക്ഷേപിക്കുന്നു. പക്ഷിക്കൂട്ടിൽ എസ്.സി, എസ്.ടി, ഒ.ബി.സി എന്നിങ്ങനെ രേഖപ്പെടുത്തിയ മുട്ടകളുമുണ്ട്. മുട്ട വിരിഞ്ഞതിന് ശേഷം രാഹുൽ ഗാന്ധി മുസ്ലിം എന്ന് രേഖപ്പെടുത്തിയ പക്ഷിക്ക് ഫണ്ട് നൽകുന്നു. മറ്റുള്ള പക്ഷികൾ അത് ലഭിക്കുന്നതിനായി ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കത് നൽകുന്നില്ലെന്നാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.