- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാം പിത്രോദയ്ക്ക് പിന്നാലെ വംശീയ പരാമർശവുമായി അധീർ ചൗധരി
ന്യൂഡൽഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മുൻ ചെയർമാൻ സാം പിത്രോദ നടത്തിയ വംശീയ പരാമർശത്തിന് പിന്നാലെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദത്തിന് തുടക്കമിട്ട് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. ഇന്ത്യയിലെ വ്യത്യസ്ത വംശീയവിഭാഗങ്ങളേക്കുറിച്ച് പറയുന്നതിനിടെ പ്രോട്ടോ ആസ്ട്രലോയ്ഡ്, മംഗ്ലോയിഡ്, നെഗ്രിറ്റോ തുടങ്ങിയവയെല്ലാം ഉണ്ടെന്നായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം. ചിലർ വെളുത്തവരും ചിലർ കറുത്തവരുമാണ് എന്നത് സത്യമെന്നാണ് ചൗധരിയുടെ പരാമർശം. ഇതിനെതിരേയാണ് ഇപ്പോൾ ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയുടെ കിഴക്കു ഭാഗത്തുള്ളവർ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവർ അറബികളേപ്പോലെയും ഉത്തരേന്ത്യയിലുള്ളവർ വെള്ളക്കാരേപ്പോലെയും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരേപ്പോലെയും ആണെന്നായിരുന്നു പിത്രോദ കഴിഞ്ഞ ദിവസം പറഞ്ഞത്. മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ദി സ്റ്റേറ്റ്‌സ്മാന് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു പിത്രോദയുടെ പ്രസ്താവന. ഇത് ബിജെപി വലിയ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു.
ഇന്ത്യക്കാരെ തൊലിയുടെ പേരിൽ അപമാനിക്കുന്ന പ്രസ്താവനയാണ് സാം പിത്രോദ നടത്തിയത് എന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതോടെ കുരുക്കിലായ കോൺഗ്രസിനെയും പിത്രോദയെയും പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം ഇപ്പോൾ വിവാദമായിരിക്കുന്നത്. നമ്മുടെ രാജ്യത്തെ ജനതയിൽ വ്യത്യസ്ത സവിശേഷതകളുള്ളവരുണ്ട്. ആരോ പറഞ്ഞത് (സാം പിത്രോദയുടെ പരാമർശം ഉദ്ദേശിച്ച്) അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ചിലർ വെളുത്തവരും ചിലർ കറുത്തവരുമാണ് എന്നത് സത്യമാണ്, അധീർ പറഞ്ഞു.
ഈ പരാമർശത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസിന്റെ ചിന്താഗതിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി. വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ഇന്ത്യക്കാരെ നെഗ്രിറ്റോ എന്ന് വിളിക്കുന്നത് സാം പിത്രോദയെ ന്യായീകരിക്കാനാണോയെന്ന് അദ്ദേഹം ചോദിച്ചു. പണ്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ച അധീർ രഞ്ജൻ ചൗധരിയുടെ പരാമർശത്തെയെും പൂനാവാല ഓർമ്മിപ്പിച്ചു.
അതേസമയം, അധീറിന്റെ പരാമർത്തിൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടർച്ചയായ വിവാദപരാമർശങ്ങളെ തുടർന്ന് കഴിഞ്ഞദിവസം സാം പിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.