ബെംഗളൂരു: ലൈംഗിക പീഡന വിഡിയോകൾ പ്രചരിച്ചതിനു പിന്നാലെ ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപിയും സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം മാത്രമേ നാട്ടിലേക്ക് മടങ്ങിയെത്തുവെന്ന് സൂചന. എംപിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ജർമനിയിലേക്കു പോകാൻ പദ്ധതിയിട്ടെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു.

അതേ സമയം പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ ലൈംഗിക പീഡനക്കേസിൽ വ്യത്യസ്ത നിലപാടുമായി ദേശീയ വനിത കമ്മിഷൻ (എൻഎസ്ഡബ്ല്യു) രംഗത്തെത്തി. പീഡനത്തിന് ഇരയായെന്നു വ്യാജപരാതി നൽകാൻ സമ്മർദം ചെലുത്തിയെന്ന് ഒരു സ്ത്രീ അവകാശപ്പെട്ടതായി വനിതാ കമ്മിഷൻ അവകാശപ്പെട്ടു. പ്രജ്വലിന്റെ പീഡനത്തിന് ഇരയായതായി പറയപ്പെടുന്നവരിൽനിന്ന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വനിതാ കമ്മിഷൻ വ്യക്തമാക്കി.

പ്രജ്വലിനെതിരെ 700 സ്ത്രീകൾ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിലായിരുന്നു വനിതാ കമ്മിഷന്റെ വിശദീകരണം. എംപിക്കെതിരെ രണ്ട് ലൈംഗിക പീഡന കേസുകളും പിതാവ് എച്ച്.ഡി. രേവണ്ണ എംഎൽഎയ്ക്കെതിരെ തട്ടിക്കൊണ്ടു പോകൽ കേസുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അതേസമയം, വനിതാ കമ്മിഷന്റെ പ്രസ്താവന ജെഡിഎസ് ഏറ്റെടുത്തു. ഭീഷണിപ്പെടുത്തി പരാതി നൽകിച്ചെന്നതു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കണമെന്നു മുൻ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു. കോൺഗ്രസ് സർക്കാരിന് അനുകൂലമായി മൊഴി നൽകാത്ത സ്ത്രീകൾക്കെതിരെ ലൈംഗികത്തൊഴിൽ ചെയ്‌തെന്ന കുറ്റം ചുമത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രജ്വലിന്റെ പീഡനത്തിന് ഇരയായ യുവതിയെ പിതാവ് എച്ച്.ഡി.രേവണ്ണ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നാല് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. രേവണ്ണയുടെ അടുത്ത അനുയായി സതീഷ് ബാബണ്ണ നേരത്തെ അറസ്റ്റിലായിരുന്നു. പാരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലുള്ള രേവണ്ണയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി 13ന് പരിഗണിക്കാനായി മാറ്റി.

അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ച കേസിൽ എംപിയുടെ മുൻ ഡ്രൈവർ ഉൾപ്പെടെ നാല് പേർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹാസൻ സെഷൻസ് കോടതി തള്ളി. പ്രജ്വലിന്റെ ഫോണിൽ നിന്ന് വിഡിയോകൾ ചോർത്തിയെന്നു സംശയിക്കുന്ന കാർത്തിക് മലേഷ്യയിലേക്ക് കടന്നിരുന്നു.

ഇതിനിടെ, കേസിൽ സർക്കാരിനു വേണ്ടി ഹാജരായ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എൻ.ജഗദീശ രാജിവച്ചു.മുതിർന്ന അഭിഭാഷകരെ അഡീഷനൽ എസ്‌പിപിമാരായി സർക്കാർ നിയമിച്ചതിനു പിന്നാലെ ജഗദീശയെ നീക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദൾ നേതൃത്വം ഗവർണർക്കു പരാതി നൽകി.