ചണ്ഡിഗഢ്: ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് അസമിലെ ദിബ്രുഗഡിലുള്ള അതിസുരക്ഷാ ജയിലിൽ തടവിൽ കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ് പഞ്ചാബിൽ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായി ലോക്‌സഭയിലേക്കു മത്സരിക്കാനുള്ള നാമനിർദേശപത്രിക സമർപ്പിച്ചത്. ആയിരം കോടിയുടെ ആസ്തിയാണ് ഖലിസ്ഥാൻ വാദി നേതാവിനുള്ളത്. വാരിസ് പഞ്ചാബ് ദേയുടെ അധ്യക്ഷൻകൂടിയായ അമൃത്പാൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുക്കൾ സംബന്ധിച്ച വിവരം പുറത്തുവന്നത്. ജൂൺ ഒന്നിനാണ് പഞ്ചാബിലെ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.

അമൃത്പാലിനുവേണ്ടി അമ്മാവൻ താൻ തരൺ വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു. കഴിഞ്ഞവർഷം ഏപ്രിൽ 23നാണ് അമൃത്പാലിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. പിടിയാലാകുംവരെ പഞ്ചാബിൽ വ്യാപകമായി ഖലിസ്ഥാൻ ആശയങ്ങൾ പ്രചരിപ്പിച്ചയാളാണ് അമൃത്പാൽ സിങ്. അമൃത്സറിലെ ബാബ ബകാലയിലെ റയ്യയിലുള്ള എസ്‌ബിഐയുടെ ശാഖയിൽ 1000 കോടിയുണ്ടെന്നാണ് സത്യവാങ്മുലത്തിൽ പറയുന്നത്. ഇതുകൂടാതെ മറ്റു സ്ഥാവരജംഗമ വസ്തുക്കളും ഇല്ലെന്നും ഇതിൽ പറയുന്നു.

അമൃത്പാലിന്റെ ഭാര്യ കിരൺദിപ് കൗറിന് 18.37 ലക്ഷത്തിന്റെ സ്വത്തുണ്ട്. ഇതിൽ കൈവശം 20,000 രൂപയും 14 ലക്ഷം വിലവരുന്ന സ്വർണാഭരണങ്ങളും ഉണ്ട്. 4,17,440 രൂപ മൂല്യം വരുന്ന 4000 ബ്രിട്ടിഷ് പൗണ്ട്, ലണ്ടനിലെ റെവോലുട്ടിന്റെ അക്കൗണ്ടിലും ഉണ്ടെന്നാണ് സത്യവാങ്മുലം. കിരൺദിപ് ബ്രിട്ടിഷ് പൗരത്വമുള്ളയാളാണ്. സിങ്ങിനെതിരെ 12 ക്രിമിനൽ കേസുകളുണ്ടെങ്കിലും ഒന്നിലും കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ല. പത്താംക്ലാസ് മാത്രമാണ് വിദ്യാഭ്യാസം.

അമൃത്പാലിന് ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആഗ്രഹമുണ്ടെന്ന് ആദ്യം പറഞ്ഞത് അഭിഭാഷകനായ രാജ്‌ദേവ് സിങ് ഖൽസയാണ്. കുടുംബാംഗങ്ങൾ ജയിലിലെത്തി കഴിഞ്ഞദിവസം അമൃത്പാലിനെ കാണുകയും ചെയ്തു. പിന്നാലെ വ്യാഴാഴ്ച നാമനിർദേശപത്രിക അമൃത്പാൽ കുടുംബത്തിന് ജയിലിൽവച്ച് ഒപ്പിട്ടു നൽകുകയായിരുന്നു.

കഴിഞ്ഞ ഏപ്രിൽ 23ന് പിടിയാലാകുംവരെ പഞ്ചാബിൽ വ്യാപകമായി ഖലിസ്ഥാൻ ആശയങ്ങൾ പ്രചരിപ്പിച്ചയാളാണ് അമൃത്പാൽ സിങ്. അനുയായിയായ ലവ്പ്രീത് സിങ് തൂഫാനെ പൊലീസ് കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കാൻ അമൃത്സറിന് സമീപമുള്ള അജ്‌നാല പൊലീസ് സ്റ്റേഷൻ അമൃത്പാലും ആയിരക്കണക്കിന് വരുന്ന അനുയായികളും ചേർന്ന് ആക്രമിച്ചതോടെ രാജ്യാന്തര തലത്തിൽ കുപ്രസിദ്ധനായി.