മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിൽ അണിനിരന്ന ഉദ്ധവ് താക്കറെക്കും ശരദ് പവാറിനും രാഷ്ട്രീയ ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസുമായി കൂട്ടുചേർന്ന് സ്വയം ഇല്ലാതെയാകുന്ന സാഹചര്യം ഒഴിവാക്കാൻ തിരഞ്ഞെടുപ്പിന് ശേഷം ഏക്‌നാഥ് ഷിൻഡെയുമായും അജിത് പവാറുമായും കൈകോർക്കാനാണ് ഇരുവരോടും നരേന്ദ്ര മോദി നിർദേശിച്ചത്. കോൺഗ്രസുമായി ചേർന്ന് ഇല്ലാതാകുന്നതിനേക്കാൾ ഇവർക്കൊപ്പം ചേർന്നു മുന്നോട്ടുപോകുന്നതാണ് ഇരുകക്ഷികൾക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു.

"കഴിഞ്ഞ നാൽപതുവർഷമായി സജീവമായി രാഷ്ട്രീയ രംഗത്തുള്ള നേതാവ് ബരാമതിയിലെ പോളിങ്ങിന് ശേഷം വ്യാകുലനാണ്. ജൂൺ നാലിന് ശേഷം ചെറിയ പാർട്ടികൾ അതിജീവിക്കുന്നതിന് വേണ്ടി കോൺഗ്രസുമായി ലയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വ്യാജ എൻസിപിയും വ്യാജ ശിവസേനയും കോൺഗ്രസുമായി ചേരാൻ തീരുമാനിച്ചു എന്നാണ് ഇത് അർഥമാക്കുന്നത്. കോൺഗ്രസിനൊപ്പം ചേർന്ന് ഇല്ലാതാകുന്നതിനേക്കാൾ അജിത് പവാറുമായും ഏക്‌നാഥ് ഷിൻഡെയുമായി കൈകോർക്കുന്നതാണ് നല്ലത്." ശരദ് പവാറിന്റെ പേരുപരാമർശിക്കാതെ മോദി പറഞ്ഞു.

എന്നാൽ പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ഒരു പാർട്ടിയുമായോ പ്രത്യയശാസ്ത്രവുമായോ വ്യക്തിയുമായോ സഖ്യത്തിനു തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ശരദ് പവാർ പ്രതികരിച്ചു. മോദിയുടെ പ്രസംഗങ്ങൾ സമുദായങ്ങൾക്കിടയിൽ പിളർപ്പ് സൃഷ്ടിക്കുന്നതാണ്. ഇതു രാജ്യത്തിനുതന്നെ ആപത്താണ്. രാജ്യതാല്പര്യത്തിനു നിരക്കാത്തതിനു ഞാനോ എന്റെ സഹപ്രവർത്തകരോ തുനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത രണ്ടുവർഷങ്ങൾക്കുള്ളിൽ നിരവധി പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ ഉദ്ദവ് വിഭാഗം ശിവസേനയ്‌ക്കെതിരെ കടുത്ത വിമർശനവുമായി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. വ്യാജ ശിവസേന തന്നെ ജീവനോടെ കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം. ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ലെന്ന് കഴിഞ്ഞ ദിവസം ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

ഗുജറാത്തിൽ നിന്നെത്തിയ ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ലെന്നായിരുന്നു ഉദ്ദവ് സേന നേതാവിന്റെ വെല്ലുവിളി. തെരഞ്ഞെടുപ്പ് റാലികളിൽ മറാത്ത വാദം എക്കാലവും ആളിക്കത്തിക്കുന്ന ശിവസേന ശൈലിയിലായിരുന്നു പ്രസംഗം. പ്രസംഗത്തിലുടനീളം മോദിയെ കടന്നാക്രമിച്ചുള്ള പരാമർശങ്ങളുമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ മറുപടിയുമായി മോദി തന്നെ രംഗത്തെത്തുകയായിരുന്നു.

പ്രതിപക്ഷ നിരയിലെ ശിവസേനയും എൻസിപിയും ഡൂപ്ലിക്കേറ്റാണെന്ന് മോദി ആവർത്തിച്ചിരുന്നു. ഇരു പാർട്ടികളും ഉടൻ കോൺഗ്രസിൽ ലയിക്കുമെന്നും മോദി പരിഹസിച്ചു. അതേസമയം, സഞ്ജയ് റൗത്തിന്റെ ഔറംഗസീബ് പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ബിജെപി. ഭീഷണി പരമാർശവും വിദ്വേഷ ജനകമെന്നുമാണ് പരാതി. വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പൊലീസ് റൗത്തിനെതിരെ കേസെടുത്തു.