- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒഡീഷയിലെ ജില്ലകളുടെ പേര് കടലാസ് നോക്കാതെ പറയാൻ കഴിയുമോ?' നവീനോട് മോദി
ഭുവനേശ്വർ: ഒഡീഷയിലെ ജില്ലകളുടെ പേര് കടലാസ് നോക്കാതെ പറയാൻ കഴിയുമോ എന്ന് മുഖ്യമന്ത്രി നവീൻ പട്നായിക്കിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്ഡമലിലെ പൊതുയോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ വെല്ലുവിളി. എന്നാൽ സംസ്ഥാനവുമായി ബന്ധമില്ലാത്ത നേതാവ് ആണ് നവീൻ എന്ന ആ പഴയ ആരോപണം കുത്തിപ്പൊക്കുകയാണ് ഇപ്പോൾ മോദി. മോദിയുടെ വെല്ലുവിളിയോട് നവീൻ എങ്ങനെ പ്രതികരിക്കും എന്നതാണ് ഇനി കണ്ടറിയാനുള്ളത്.
"നവീൻ പട്നായിക് ദീർഘകാലമായി ഒഡീഷ മുഖ്യമന്ത്രിയാണല്ലോ. ഞാൻ അദ്ദേഹത്തിനു മുന്നിൽ ഒരു ചാലഞ്ച് വയ്ക്കുന്നു. കടലാസിന്റെ സഹായമില്ലാതെ, ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ അദ്ദേഹത്തിനു സാധിക്കുമോ? താൻ ഭരിക്കുന്ന സംസ്ഥാനത്തെ ജില്ലകളുടെ പേരു പറയാൻ അദ്ദേഹത്തിന് സാധിക്കില്ലെങ്കിൽ, നിങ്ങളുടെ വേദനകൾ അദ്ദേഹം എങ്ങനെ മനസ്സിലാക്കും?" മോദി ചോദിച്ചു.
സ്വന്തം സംസ്ഥാനത്തിന്റെ മാതൃഭാഷ നന്നായി സംസാരിക്കാൻ അറിയില്ല എന്ന ചീത്തപ്പേര് പലകുറി കേട്ട നേതാവ് ആണ് നവീൻ പട്നായിക്. അച്ഛൻ ബിജു പ്ടനായിക്കിന്റെ പിന്മുറക്കാരനായി മനസ്സില്ലാ മനസ്സോടെ രാഷ്ട്രീയത്തിൽ എത്തിയ വ്യക്തിയാണ് നവീൻ പട്നായിക്ക്. ഈ തെരഞ്ഞെടുപ്പ് കൂടി വിജയിച്ചാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി എന്ന റെക്കോർഡും നവീൻ സ്വന്തം പേരിൽ കുറിക്കും.
ഇത്തവണ ഒഡീഷയിലെ മത്സരം തന്നെ നവീൻ - മോദി പോരാട്ടമാണ്. നവീൻ പ്ടനായിക്കിനെ എൻ ഡി എയിൽ എത്തിക്കാൻ ഈ വര്ഷം ആദ്യം ബിജെപി ആവുന്നത്ര ശ്രമിച്ചിരുന്നു. പക്ഷെ വിജയിച്ചില്ല. ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിനോടോ എൻ ഡി എ സഖ്യത്തിനോ ഒപ്പം നിൽക്കാതെ ഒറ്റയ്ക്ക് നിൽക്കുകയാണ് നവീൻ.
വലിയ വികസന സാധ്യതകൾ ഉണ്ടായിരുന്നിട്ടും, നവീൻ പട്നായിക്കിന്റെ ഭരണകൂടം സംസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ഒന്നും ചെയ്തില്ലെന്ന് മോദി ആരോപിച്ചു. സാമ്പത്തിക മേഖലയിലും വിനോദ സഞ്ചാര മേഖലയിലും വലിയ സാധ്യതകളുള്ള സംസ്ഥാനമാണ് ഒഡീഷയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒഡീഷയിലെ ജില്ലകളുടെ പേര് കാണാതെ പറയാമോ എന്നാണ് പ്രധാനമന്ത്രിയുടെ വെല്ലുവിളി. 1997 ൽ പിതാവിന്റെ മണ്ഡലമായ അസ്കയിൽ നിന്നും ആദ്യ വിജയം. പിന്നാലെ കേന്ദ്രമന്ത്രി. ജനതാദൾ പിളർന്നതോടെ ബിജു ജനതാദൾ സ്ഥാപിച്ചു. 98 ലെ വാജ്പേയി മന്ത്രിസഭയിൽ വീണ്ടും കേന്ദ്രമന്ത്രിയായി. ബിജെപി പിന്തുണയോടെ 2000 ൽ ഒഡീഷയുടെ മുഖ്യമന്ത്രിയായി. 2007 ൽ സംസ്ഥാനത്ത് ബിജെപി ബന്ധം മുറിച്ച് ഒറ്റയ്ക്ക് പോരാടി വിജയിച്ചു. ഈ 2024 ലും അദ്ദേഹം അത് തുടരുന്നു.
അച്ഛൻ ഒഡിഷ ഭരിക്കുന്ന കാലത്തെ സൗഹൃദവും ചങ്ങാത്തവുമായി ഡൽഹിയിലായിരുന്നു നവീന്റെ തട്ടകം. ഇടയ്ക്ക് വന്നുപോകുന്നതല്ലാതെ നാടുമായി ബന്ധമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മാതൃഭാഷയും വശമല്ലാതെ പോയി. എന്നാൽ അച്ഛന്റെ മരണശേഷം ആ നാടിന്റെ നായകസ്ഥാനം ഏറ്റെടുത്തത് മുതൽ ലാളിത്യത്തിൽ ജീവിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചാണ് രണ്ടര പതിറ്റാണ്ടിനടുത്ത് കാലം നവീൻ ഒഡീഷ ഭരിച്ചത്. പലകുറി കേട്ട് തഴമ്പിച്ച ആരോപണം മോദി പുറത്തെടുത്താലും അതേൽക്കില്ലെന്നാണ് പ്രവർത്തകരുടെ പക്ഷം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ നാലു ഘട്ടങ്ങളിലായാണ് ഒഡീഷയിൽ വോട്ടെടുപ്പ്. മെയ് 13നു ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനത്ത്, ജൂൺ ഒന്നിനാണ് വോട്ടെടുപ്പു പൂർത്തിയാകുക. ജൂൺ നാലിനാണ് വോട്ടെണ്ണൽ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ എട്ടു സീറ്റു നേടിയിരുന്നു. നവീൻ പട്നായിക്കിന്റെ ബിജു ജനതാദൾ 12 സീറ്റുകളാണ് നേടിയത്. കോൺഗ്രസ് ഒറ്റ സീറ്റിൽ ഒതുങ്ങി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ 146ൽ 112 സീറ്റും ബിജു ജനതാദളാണ് നേടിയത്. ബിജെപി 23 സീറ്റിൽ ഒതുങ്ങിയപ്പോൾ കോൺഗ്രസിന് ലഭിച്ചത് 9 സീറ്റു മാത്രം.