ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രായം പറഞ്ഞുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരിഹാസത്തിന് പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ പ്രായം പറഞ്ഞും വിരമിക്കലിനെക്കുറിച്ചും പറഞ്ഞ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിക്കാൻ പോകുന്ന തോൽവിയിൽനിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള വൃധാ ശ്രമമാണ് കെജ്രിവാൾ നടത്തുന്നതെന്ന് യോഗി അദിത്യനാഥ് കുറ്റപ്പെടുത്തി. അടുത്ത വർഷം സെപ്റ്റംബറിൽ 75 വയസ്സ് പൂർത്തിയാകുമ്പോൾ പാർട്ടിയുടെ നിബന്ധന പ്രകാരം മോദി പ്രധാനമന്ത്രിപദം ഒഴിയേണ്ടിവരുമെന്നായിരുന്നു കെജ്രിവാൾ പറഞ്ഞത്.

പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ വടക്കും കിഴക്കും തെക്കും പടിഞ്ഞാറുമുള്ള ജനങ്ങളിൽനിന്ന് ലഭിക്കുന്ന പിന്തുണയിൽ പ്രതിപക്ഷത്തിന്റെ ഗൂഢാലോചനകളെല്ലാം തകർന്നടിയുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ പ്രതിപക്ഷം നിരാശയിൽനിന്നാണ് മോദിയുടെ പ്രായമടക്കം എടുത്തുകാട്ടി വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് - എക്സിൽ പങ്കുവെച്ച പോസ്റ്റിൽ യോഗി ആദിത്യനാഥ് പറഞ്ഞു.

മോദിയുടെ ശക്തമായ ഭരണത്തിൽ കീഴിൽ 'വികസിത ഭാരത്, ആത്മനിർഭർ ഭാരത്, ഏക ഭാരതം-ശ്രേഷ്ഠ ഭാരതം' എന്നീ ആശയങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞ് വരികയാണ്. പ്രത്യേകിച്ച് മോദി മൂന്നാമതും അധികാരത്തിൽ എത്തുന്നതോടെ ഇന്ത്യ ആഗോളതലത്തിൽ വലിയ ശക്തിയാകും. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ നേതാവാണ് മോദി, നമ്മുടെ രക്ഷാധികാരി. മോദിയുടെ കുടുംബം എന്നുപറയുന്നതിൽ നമ്മൾ അഭിമാനം കൊള്ളുന്നു - എക്സ് പോസ്റ്റിൽ യോഗി ആദിത്യനാഥ് പറയുന്നു.

ഇന്ത്യസഖ്യം വിജയിച്ചാൽ ആരായിരിക്കും പ്രധാനമന്ത്രി എന്ന ചോദ്യമുയർത്തി മോദി അടക്കമുള്ള ബിജെപി. നേതാക്കൾ പ്രതിപക്ഷ നേതാക്കളെ പരിഹസിച്ചിരുന്നു. ജയിലിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കെജ്രിവാൾ പ്രധാനമന്ത്രിക്കെതിരെ ഇതേനാണയത്തിൽ തിരിച്ചടിച്ചാണ് തന്റെ പ്രചാരണ പരിപാടി വീണ്ടും ആരംഭിച്ചത്.

അടുത്ത വർഷം സെപ്റ്റംബറിൽ 75 വയസ്സ് പൂർത്തിയാകുമ്പോൾ പാർട്ടിയുടെ നിബന്ധന പ്രകാരം മോദി പ്രധാനമന്ത്രിപദം ഒഴിയേണ്ടിവരും. അപ്പോൾ അമിത് ഷായെ ആയിരിക്കും ബിജെപി. അടുത്ത പ്രധാനമന്ത്രിയാക്കുക എന്നായിരുന്നു കെജ്രിവാളിന്റെ പരിഹാസം. ബിജെപിയുടെ ആഭ്യന്തരരാഷ്ട്രീയം ലക്ഷ്യമാക്കിയാണ് കെജ്രിവാൾ നിറയൊഴിച്ചത്.

മോദിക്കുശേഷം അമിത് ഷായോ യോഗി ആദിത്യനാഥോ എന്ന ബിജെപിയുടെ ചർച്ചയിലേക്കാണ് കെജ്രിവാൾ ഉന്നംവെച്ചത്. യോഗി ആദിത്യനാഥിനെ മോദി രണ്ടുമാസത്തിനുള്ളിൽ ഒതുക്കും എന്നും കെജ്രിവാൾ പറഞ്ഞുവെച്ചു. ഇതോടെ മോദി-യോഗി ഭിന്നതയിലേക്കാണ് കെജ്രിവാൾ ലക്ഷ്യംവെച്ചത് എന്ന ആരോപണവുമായി ബിജെപി. നേതാക്കളും രംഗത്തെത്തി. കെജ്രിവാളിന്റെ ചോദ്യത്തിന് പിന്നാലെ ഡൽഹിയിൽ ബിജെപി. ആസ്ഥാനത്ത് പാർട്ടി വക്താവ് ഡോ. സുധാൻശു ത്രിവേദി പത്രസമ്മേളനം വിളിച്ച് പ്രതികരിച്ചിരുന്നു.