കൊൽക്കത്ത: പശ്ചിമബംഗാളിൽ മമതാ ബാനർജി സർക്കാരിന് കീഴിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബരാക്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് തൃണമൂൽ കോൺഗ്രസിനെതിരായ മോദിയുടെ പരാമർശം. പ്രതിപക്ഷ സഖ്യമായ ഇന്ത്യ പ്രീണനനയത്തിന് കീഴ്‌പ്പെട്ടെന്നും മോദി കുറ്റപ്പെടുത്തി.

മമതാ ബാനർജി സർക്കാരിന് കീഴിൽ ഹിന്ദുക്കൾ രണ്ടാം തരക്കാർ മാത്രമായിപ്പോകുമെന്നാണ് മോദി പറഞ്ഞത്. ആചാരങ്ങൾ പാലിക്കാൻ പോലും ബംഗാളിൽ ഹിന്ദുക്കൾക്ക് കഴിയില്ല. രാമനവമി ആഘോഷിക്കുന്നതിനും വിലക്കാണ്. ജയ് ശ്രീറാം ഉച്ചരിക്കാൻ പോലും ഹിന്ദുക്കൾക്ക് കഴിയാത്ത സ്ഥിതിയാണെന്നും മോദി ആരോപിച്ചു

ഹിന്ദുക്കളെ ഭാഗീരഥി നദിയിലെറിയണമെന്ന തൃണമൂൽ എംഎൽഎ ഹുമയൂൺ കബീറിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മണിക്കൂറിനുള്ളിൽ ഹിന്ദുക്കളെ നദിയിൽ മുക്കണമെന്നും അല്ലെങ്കിൽ താൻ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമെന്നുമായിരുന്നു ഒരു പൊതുപരിപാടിയിലെ ഹുമയൂണിന്റെ വിവാദ പരാമർശം.