- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വാതിയെ കെജ്രിവാളിന്റെ വീട്ടിലേക്കയച്ചത് ബിജെപി; ലക്ഷ്യം കേജ്രിവാൾ'
ന്യൂഡൽഹി: സ്വാതി മലിവാൾ എംപിയെ അരവിന്ദ് കേജ്രിവാളിന്റെ വീട്ടിലേക്കയച്ചത് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി. കേജ്രിവാളിന്റെ പേരിൽ തെറ്റായ ആരോപണങ്ങളുന്നയിക്കുകയായിരുന്നു സ്വാതിയുടെ ചുമതലയെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷി മർലേന ആരോപിച്ചു. ഈ സംഭവത്തിലൂടെ പുറത്താകുന്നത് ബിജെപിയുടെ ഗൂഢാലോചനയാണെന്ന് വിമർശിച്ച അതിഷി ദൃശ്യങ്ങളിൽ സ്വാതി സമാധാനപരമായി ഇരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. അതേ സമയം സ്വാതി മലിവാളിനെ അരവിന്ദ് കെജരിവാളിന്റ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
അതിഷിയുടെ ആരോപണം
"സ്വാതിയുടെ ആരോപണങ്ങൾ അസത്യവും അടിസ്ഥാനരഹിതവുമാണ്. ഇത് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അവർക്ക് പരുക്കേറ്റിട്ടില്ല. മെയ് 13ന് മുൻകൂട്ടി അറിയിക്കാതെയും അപ്പോയ്ന്മെന്റ് എടുക്കാതെയുമാണ് അവർ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ ആ സമയം മുഖ്യമന്ത്രി അവിടെയില്ലാതിരുന്നതിനാൽ അദ്ദേഹം രക്ഷപ്പെട്ടു. അതോടെ കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ ആരോപണമുന്നയിച്ചു. എന്നാൽ ഇന്ന് മുഖ്യമന്ത്രിയുടെ വീട്ടിലെ ഡ്രോയിങ് റൂമിലെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. സ്വാതി മലിവാളിന്റെ നുണകളെല്ലാം ഈ വിഡിയോയിൽ പൊളിയുന്നുണ്ട്.
തന്നെ ക്രൂരമായി മർദിച്ചെന്നും തലയിൽ മുറിവുണ്ടായി എന്നുമാണ് അവർ ഡൽഹി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. എന്നാൽ പുറത്തുവന്ന വിഡിയോകളിൽ നിന്ന് അവർ പറയുന്നതിന് നേർ വിപരീതമാണ് സത്യമെന്ന് മനസ്സിലാക്കാം. ഡ്രോയിങ് റൂമിലിരുന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് നമുക്ക് കാണാനാവുന്നത്. അവർക്ക് പരിക്കേറ്റിട്ടില്ല, അവരുടെ വസ്ത്രങ്ങൾ കീറിയിട്ടില്ല. പകരം അവർ പൊലീസുകാരെയും ബൈഭവ് കുമാറിനെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു.' അതിഷി പറഞ്ഞു.
വീഡിയോ പുറത്തുവിട്ടു
അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാർ മർദ്ദിച്ചുവെന്ന എഎപി എംപി, സ്വാതി മലിവാളിന്റെ പരാതിക്ക് പിന്നാലെ അന്നേ ദിവസം പകർത്തിയ വീഡിയോ ആം ആദ്മി പാർട്ടിയുടെ ഹിന്ദി വാർത്താ ചാനൽ പുറത്തുവിട്ടിരുന്നു. വീഡിയോയിൽ സ്വാതി മലിവാൾ സുരക്ഷാ ജീവനക്കാരോട് കയർക്കുന്നതാണ് കാണുന്നത്. ഇതിലൊരാളോട് പണി കളയുമെന്ന് സ്വാതി ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. ഇതിനിടെ സ്വാതിയെ കെജ്രിവാളിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി കെജ്രിവാളിനെ കാണാൻ വസതിയിലെത്തിയപ്പോൾ അതിക്രൂരമായി കെജ്രിവാളിന്റെ പിഎ ബിഭവ് കുമാർ തന്നെ മർദ്ദിച്ചുവെന്നാണ് സ്വാതിയുടെ മൊഴി. ഏഴ് തവണ കരണത്തടിച്ചു, മുടി ചുറ്റിപ്പിടിച്ച് ഇടിച്ചു, നെഞ്ചിലും, ഇടുപ്പിലും, വയറ്റിലും ചവിട്ടി, കെജ്രിവാളിന്റെ വീട്ടിലെ മുറിക്കുള്ളിൽ വലിച്ചിഴച്ചു എന്നെല്ലാമാണ് മൊഴി. മറ്റ് ജീവനക്കാരെത്തിയാണ് തന്നെ രക്ഷിച്ചത്, അടുത്ത മുറിയിലുണ്ടായിരുന്ന കെജ്രിവാളും ഇതെല്ലാം അറിഞ്ഞിരിക്കാം, താൻ അവിടെ ഏറെ നേരം ഇരുന്ന് കരഞ്ഞുവെന്നും സ്വാതിയുടെ മൊഴിയിലുണ്ട്.
എഫ്‌ഐആറും ഇക്കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. ഇതനുസരിച്ച് ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പുരോഗമിക്കവെയാണ് ആം ആദ്മി പാർട്ടി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിഷയത്തിൽ ബിജെപി ആക്ഷേപം കടുപ്പിക്കുന്നതിനിടെയാണ് എഎപി പ്രതിരോധം വന്നിരിക്കുന്നത്. സ്വാതിയുടെ രാജ്യസഭ എംപി സ്ഥാനം തിരിച്ചെടുത്ത് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ് വിക്ക് നൽകാനുള്ള നീക്കമാണ് തർക്കത്തിന് പിന്നിലെന്ന് സൂചനയുണ്ട്.