ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗികവസതിയിൽ വച്ച് പി എ ബൈഭവ് കുമാറിൽ നിന്നും അതിക്രമം നേരിട്ടെന്ന് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സ്വാതി മലിവാളിന്റെ ആരോപണം ബിജെപി ഗൂഢാലോചനയെന്ന ഡൽഹി മന്ത്രി അതിഷിയുടെ ആരോപണത്തിൽ മറുപടിയുമായി സ്വാതി മലിവാൾ. ഒരു ഗുണ്ടയെ രക്ഷിക്കാൻ തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയാണ് അതിഷിയെന്ന് സ്വാതി കുറ്റപ്പെടുത്തി.

"ഇന്നലെ വന്ന ചില നേതാക്കൾ 20 വർഷമായി പാർട്ടി പ്രവർത്തകയായ എന്നെ ബിജെപിയുടെ ഏജന്റാക്കുന്നു. രണ്ടു ദിവസം മുൻപ് സത്യം അംഗീകരിച്ച പാർട്ടി ഇന്ന് യൂടേൺ എടുത്തു. എന്നെ അറസ്റ്റ് ചെയ്താൽ എല്ലാ രഹസ്യവും വെളിപ്പെടുത്തുമെന്ന് ഈ ഗുണ്ട പാർട്ടിയെ ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് അയാൾ ലക്‌നൗവിലും മറ്റെല്ലായിടത്തും അഭയം തേടി അലയുന്നത്. ഇന്ന് അയാളുടെ സമ്മർദം കാരണം പാർട്ടി ഒരു ഗുണ്ടയ്ക്ക് സംരക്ഷണം നൽകുകയും എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. അതിൽ വിഷമമില്ല. ഈ രാജ്യത്തെ സ്ത്രീകൾക്കു വേണ്ടിയും എനിക്കുവേണ്ടിയും ഞാൻ ഒറ്റയ്ക്ക് പൊരുതും. എത്രത്തോളം വ്യക്തിഹത്യ വേണമെങ്കിലും നടത്തിക്കോളൂ. സമയമാകുമ്പോൾ സത്യം പുറത്തുവരും' സ്വാതി എക്‌സിൽ കുറിച്ചു.

കെജ്രിവാളിന്റെ വീട്ടിനുള്ളിൽവെച്ച് സുരക്ഷാ ഉദ്യോഗസ്ഥരോട് സ്വാതി തർക്കിക്കുന്ന വീഡിയോ ആം ആദ്മി പാർട്ടി തങ്ങളുടെ ഔദ്യോ?ഗിക എക്‌സ് പേജിലൂടെ പുറത്തുവിട്ടു. ഒരു ഹിന്ദി മാധ്യമത്തിന്റെ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് സംഭവത്തിൽ പ്രതികരണവുമായി സ്വാതി രംഗത്തെത്തിയത്. കെജ്രിവാളിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യം വ്യക്തമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

സ്വാതി മലിവാളിനെ കെജ്രിവാളിന്റെ വീട്ടിലേക്ക് അയച്ചതിന് പിന്നിൽ ബിജെപി ?ഗൂഢാലോചനയാണെന്ന് ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചിരുന്നു. ഈ ഗൂഢാലോചനയുടെ മുഖമാണ് സ്വാതി. മുഖ്യമന്ത്രിയെ ഉദ്ദേശിച്ചായിരുന്നു അവർ സ്വാതിയെ അയച്ചത്. എന്നാൽ, ഈ സമയത്ത് അദ്ദേഹം വീട്ടിലില്ലാത്തതിനാൽ രക്ഷപ്പെട്ടു.

അതിന് പിന്നാലെയാണ് ബൈഭവ് കുമാറിനെതിരേ സ്വാതി ആരോപണം ഉന്നയിക്കുന്നത്. താൻ ആക്രമിക്കപ്പെട്ടുവെന്നാണ് അവർ പരാതിയിൽ പറയുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ വീട്ടിൽ ഇരുന്നുകൊണ്ട് അവർ പൊലീസ് ഉദ്യോ?ഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. ബൈഭവിനെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാമെന്നും അതിഷി ചൂണ്ടിക്കാട്ടി.

മെയ്‌ 13-ന് കെജ്‌രിവാളിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോൾ അതിക്രമം നേരിട്ടെന്നാണ് പരാതി. സ്വാതിയുടെ വയറ്റിൽ ഇയാൾ ഇടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്‌തെന്നാണ് പൊലീസ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കെജ്‌രിവാളിന്റെ ഡ്രോയിങ് റൂമിൽ ഇരുന്നപ്പോൾ ബൈഭവ് അവിടേക്കെത്തി അക്രമിക്കുകയായിരുന്നു എന്നായിരുന്നു സ്വാതിയുടെ ആരോപണം.

സ്വാതി മലിവാളിനെ അരവിന്ദ് കെജരിവാളിന്റ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നും ആയിരുന്നു സ്വാതി മലിവാൾ എംപിയുടെ മൊഴി. കെജരിവാളിന്റെ പിഎയെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുമ്പോൾ സ്വാതിയുടെ വാദങ്ങൾ പൊളിക്കാൻ ആംആദ്മി പാർട്ടി ഹിന്ദി വാർത്താ ചാനൽ പുറത്തു വിട്ട ദൃശ്യങ്ങൾ പങ്കുവച്ചത്.

ഏഴ് തവണ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാർ സ്വാതി മലിവാളിന്റെ കരണത്തടിച്ചു. നെഞ്ചിലും, ഇടുപ്പിലും, വയറ്റിലും ചവിട്ടി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അതിക്രൂരമായ മർദ്ദനം നടന്നതെന്നാണ് സ്വാതിയുടെ മൊഴിയിലുള്ളത്. തന്റെ കരച്ചിൽ തൊട്ടടുത്ത മുറിയിലുള്ള കെജ്രിവാൾ കേട്ടിരിക്കാമെന്നും കെജ്രിവാളിന്റെ വസതിയുടെ മുറ്റത്തിരുന്ന് താൻ ഏറെ കരഞ്ഞെന്നും സ്വാതിയുടെ മൊഴിയിലുണ്ട്.

പൊലീസിനോട് പറഞ്ഞ കാര്യങ്ങൾ മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലും സ്വാതി ആവർത്തിച്ചു. പിന്നാലെ സ്വാതി മലിവാളിനെ കെജ്രിവാളിന്റെ വസതിയിലെത്തിച്ച് തെളിവെടുത്തിരുന്നു. പരാതി പുറത്ത് വരാതിരിക്കാൻ വലിയ സമ്മർദ്ദമുണ്ടായെന്നും കെജ്രിവാളിനെതിരെ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.