ബെംഗളൂരു: എൻഡിഎ സ്ഥാനാർത്ഥിയും ചെറുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസിൽ ആദ്യമായി പ്രതികരിച്ച് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്നും ദേവഗൗഡ പറഞ്ഞു. പ്രജ്വലിനെതിരെ ആരോപണമുയർന്ന് ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് ദേവഗൗഡ ആദ്യമായി പ്രതികരിക്കുന്നത്.

പേരക്കുട്ടിക്കെതിരായ കുറ്റാരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനെ എതിർക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ 92-ാം പിറന്നാൾ ദിനമായ ശനിയാഴ്ചയാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ദേവഗൗഡ ഇക്കാര്യം പറഞ്ഞത്.

അതേസമയം തന്റെ മകനും ജെ.ഡി (എസ്) എംഎ‍ൽഎയുമായ എച്ച്.ഡി. രേവണ്ണയ്ക്കെതിരായ ലൈംഗികപീഡന കേസുകളും തട്ടിക്കൊണ്ടുപോകൽ കേസുകളും കെട്ടിച്ചമച്ചതാണെന്നും ദേവഗൗഡ പറഞ്ഞു. കോടതിയിലുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഈ കേസിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നടപടിയെടുക്കേണ്ടതുണ്ട്. ഞാൻ അവരുടെ പേരുകൾ പറയുന്നില്ല'- എച്ച് ഡി ദേവഗൗഡ പറഞ്ഞു. തന്റെ 92-ാം ജന്മദിനത്തിൽ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ദേവഗൗഡ. പ്രജ്വലിനെതിരായ ആരോപണങ്ങളിൽ നടപടിയുണ്ടാകും. എന്നാൽ രേവണ്ണയുടെ കാര്യത്തിൽ എന്താണ് ഉണ്ടായതെന്ന് ജനങ്ങൾ കണ്ടതാണ്. അദ്ദേഹത്തിന് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഒരു ഉത്തരവ് കൂടി കാത്തിരിക്കുകയാണെന്നും ദേവഗൗഡ പ്രതികരിച്ചു.

തന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്താനും രാഷ്ട്രീയമായി തകർക്കാനും ഗൂഢാലോചന നടന്നു. ഇപ്പോൾ ആരുടേയും പേര് പറയുന്നില്ല. ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നില്ലെന്ന് ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തന്റെ അഭ്യുദയകാംക്ഷികൾക്കും പാർട്ടി പ്രവർത്തകർക്കും എവിടെ നിന്നും തനിക്ക് ആശംസകൾ നേരാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ് 33-കാരനായ പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ഉയർന്ന ആരോപണം. പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങൾ കർണാടകയിൽ പ്രചരിച്ചിരുന്നു. ചില സ്ത്രീകൾ പരാതി നൽകിയതോടെ ഏപ്രിൽ 27-നാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. ഹാസൻ മണ്ഡലത്തിലെ ബിജെപി-ജെ.ഡി (എസ്) സഖ്യത്തിന്റെ സ്ഥാനാർത്ഥിയാണ് പ്രജ്ജ്വൽ രേവണ്ണ.

പ്രജ്വലിന്റെ ലൈംഗികാരോപണ കേസിലെ ഇരകളിൽ ഒരാളായ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഈ മാസം ആദ്യം രേവണ്ണയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. അതേസമയം, ഇരകൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. എച്ച്ഡി കുമാരസ്വാമി ഇതിനകം തന്നെ അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.

പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസ് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമായ എസ്‌ഐടി ആണ് അന്വേഷിക്കുന്നത്. നിലവിൽ പ്രജ്വൽ ജർമ്മനിയിലുണ്ടെന്നാണ് കരുതുന്നത്. ലൈംഗികാരോപണ കേസ് പുറത്ത് വന്നതോടെ പ്രജ്വൽ വിദേശത്തേക്ക് കടക്കുകയായിരുന്നു.