- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജയിൽ ഭാരോ' ആഹ്വാനവുമായി കെജ്രിവാൾ
ന്യൂഡൽഹി: ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിന്മേൽ ഡൽഹി മുഖ്യമന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തതിന് പിന്നാലെ 'ജയിൽ ഭാരോ' ആഹ്വാനം നടത്തി അരവിന്ദ് കെജ്രിവാൾ. ഞായറാഴ്ച ബിജെപി ആസ്ഥാനത്ത് വച്ചാണ് പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ബിജെപിയുടെ പാർട്ടി ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ നിങ്ങൾ അറസ്റ്റ് ചെയ്‌തോളൂ എന്നാണ് അരവിന്ദ് കേജ്രിവാളിന്റെ വെല്ലുവിളി.
"പ്രധാനമന്ത്രി മോദിജി, എന്നെയും, മനീഷ് സിസോദിയ, സഞ്ജയ് സിങ് തുടങ്ങിയ നേതാക്കളെയും ഓരോരുത്തരെയായി ജയിലിലടച്ചുകൊണ്ട് നിങ്ങൾ ഈ ജയിൽ കളി കളിക്കുകയാണ്. ഞാനും പാർട്ടി എംപിമാരും എംഎൽഎമാരും നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിജെപി ആസ്ഥാനത്ത് വരാം. നിങ്ങൾ ആഗ്രഹിക്കുന്ന ആരെയും ഒറ്റയടിക്ക് അറസ്റ്റ് ചെയ്ത് നിങ്ങൾക്ക് ജയിലിലടക്കാം' എന്നായിരുന്നു കേജ്‌രിവാൾ പറഞ്ഞത്.
'സഞ്ജയ് സിങ്ങിനെ ജയിലിലടച്ചു. ഇന്ന് എന്റെ സഹായി ബൈഭവ് കുമാറിനെയും. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതോടെ രാഘവ് ഛദ്ദയെയും ജയിലിലടക്കുമെന്ന് പറയുന്നു"- എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കേജ്‌രിവാൾ കൂട്ടിച്ചേർത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് ആം ആദ്മി പാർട്ടിയുടെ എല്ലാ നേതാക്കളും ബിജെപി ആസ്ഥാനത്തെത്തി അറസ്റ്റ് ആവശ്യപ്പെടണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. അതേസമയം, തന്റെ ഔദ്യോഗികവസതിയിൽ രാജ്യസഭാംഗം സ്വാതി മാലിവാളിനുനേരേ അതിക്രമംനടന്ന വിഷയത്തിൽ പ്രതികരിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇതുവരെ തയ്യാറായിട്ടില്ല.
അവർ ആം ആദ്മി പാർട്ടിയുടെ പിന്നാലെയാണെന്ന് ഇപ്പോൾ വ്യക്തമായെന്ന് കെജ്രിവാൾ പറഞ്ഞു. അവർ സഞ്ജയ് സിങിനെ ജയിലിലടച്ചു. ഇന്ന് അവർ തന്റെ പി.എയെ അറസ്റ്റ് ചെയ്തു. ലണ്ടനിൽ നിന്നും തിരിച്ചെത്തിയ രാഘവ് ഛദ്ദയേയും അറസ്റ്റ് ചെയ്യുമെന്ന് പറയപ്പെടുന്നു. അതിഷിയും സൗരഭ് ഭരദ്വാജുമായിരിക്കും പിന്നീട്.
തങ്ങളെ ജയിലിലടയ്ക്കുന്ന ഈ കളി നിർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂപ്പുകൈകളോടെ കെജ്രിവാൾ ആവശ്യപ്പെട്ടു. 'എന്റെ എല്ലാ നേതാക്കന്മാരുമായി ഞായറാഴ്ച ഉച്ചയ്ക്ക് ബിജെപി ആസ്ഥാനത്തെത്താം. എംഎൽഎയും, എംപിയുമടക്കം എല്ലാവരും നാളെ അവിടെ എത്തും. നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാം.
എന്നാൽ, ഞങ്ങളെ ജയിലിൽ അടയ്ക്കുന്നതുവഴി ഈ പാർട്ടിയെ തകർക്കാമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. ആം ആദ്മി പാർട്ടി ഒരു ആശയമാണ്. നിങ്ങൾ എത്രയധികം പേരെ അറസ്റ്റ് ചെയ്യുന്നുവോ അത്രത്തോളം ഈ ആശയം പ്രചരിക്കപ്പെടും', കെജ്രിവാൾ പറഞ്ഞു.
മെയ് 13-ന് കെജ്രിവാളിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോൾ അതിക്രമം നേരിട്ടെന്നായിരുന്നു സ്വാതിയുടെ പരാതി. കെജ്രിവാളിന്റെ ഡ്രോയിങ് റൂമിലിരുന്നപ്പോൾ ബൈഭവ് അവിടേക്കെത്തി അക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. സ്വാതി മലിവാളിന്റെ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ബൈഭവിനെതിരെ ഗുരുതര പരാമർശങ്ങളുമുണ്ടായിരുന്നു.