ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനെ ഇന്ത്യ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത നിലനിൽക്കെ പശ്ചിമ ബംഗാളിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി കോൺഗ്രസ് ദേശീയ നേതൃത്വം. കൊൽക്കത്തയിലെ പാർട്ടി ഓഫീസിന് പുറത്ത് ബാനറുകൾ നശിപ്പിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടു.

തൃണമൂലിനെ ഇന്ത്യ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിക്ക് മല്ലികാർജുൻ ഖാർഗെ താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കൊൽക്കത്തയിലെ പാർട്ടി ഓഫീസിന് മുന്നിലുള്ള ബാനറുകൾ വികൃതമാക്കുകയും നശിപ്പിക്കുകയും ചെയ്തത്.

ഖാർഗെ തൃണമൂൽ കോൺഗ്രസിന്റെ ഏജന്റാണെന്ന ബോർഡുകളും കൊൽക്കത്തയിലെ പാർട്ടി ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മമതയെ ഇന്ത്യ സഖ്യത്തിൽ ഉൾപ്പെടുത്തുന്നത് തീരുമാനിക്കേണ്ട ആളല്ല അധീർ രഞ്ജൻ ചൗധരിയെന്നും നേതൃത്വത്തിന്റെ നിർദേശങ്ങൾ അനുസരിക്കാതിരുന്നാൽ പാർട്ടിക്ക് പുറത്ത് പോകേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ഖാർഗെ പറഞ്ഞിരുന്നു. ഇതിന് പി്ന്നാലെയാണ് കൊൽക്കത്തയിലെ ഓഫിസിന് മുന്നിൽ ദേശീയ നേൃത്വത്തിന് എതിരെ പ്രതിഷേധം ഉയർന്നത്.

ഇത്തരം നടപടികൾ ഒരിക്കലുംവെച്ചു പൊറുപ്പിക്കില്ലെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. 'ഇത്തരം ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പരസ്യമായ ധിക്കാരപരവും അച്ചടക്കരാഹിത്യവുമുള്ള നടപടി കോൺഗ്രസ് വെച്ചുപൊറുപ്പിക്കില്ല. ഈ പ്രവൃത്തികളെക്കുറിച്ച് വസ്തുതാപരമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയോട് നിർദേശിച്ചു' വേണുഗോപാൽ പ്രസ്താവനയിൽ വ്യക്തമാക്കി.

പാർട്ടിയുടെ ഏതാനും ഭാരവാഹികളും പ്രവർത്തകരും ഖാർഗെയ്‌ക്കെതിരെ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് പാർട്ടി ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിലെ തീരുമാനങ്ങളെടുക്കാൻ പശ്ചിമ ബംഗാൾ സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിക്ക് അധികാരമില്ലെന്നായിരുന്നു മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയത്. ഹൈക്കമാൻഡാണ് പാർട്ടിയെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത്. ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ അനുസരിക്കാത്തവർ പുറത്തുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.