ന്യൂഡൽഹി: സ്വാതി മലിവാൾ കേസിൽ സത്യം തെളിയിക്കപ്പെടണമെന്നും നീതി നടപ്പിലാക്കപ്പെടണമെന്നും അന്വേഷണം നടക്കുന്നതിനാലാണ് പരസ്യപ്രചാരണത്തിന് മുതിരാതിരുന്നതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേസിനെ സംബന്ധിച്ച് ആദ്യമായാണ് കെജ്രിവാൾ പ്രതികരിക്കുന്നത്. സംഭവം നടക്കുന്ന സമയം താൻ വീട്ടിൽ ഇല്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ നടന്നത് എന്താണെന്ന് അറിയില്ലെന്നും കെജ്രിവാൾ പറഞ്ഞു.

മെയ് 13-ന് കെജ്രിവാളിന്റെ വസതിയിൽവെച്ച് അദ്ദേഹത്തിന്റെ അടുത്ത അനുയായി ബൈഭവ് കുമാർ കൈയേറ്റം ചെയ്തു എന്ന് ആരോപിച്ചാണ് എ.എ.പിയുടെ രാജ്യസഭാംഗം സ്വാതി മലിവാൾ മെയ് 16-ന് സ്വാതി പൊലീസിന് പരാതി നൽകിയത്. സംഭവത്തിൽ ഡൽഹി മന്ത്രി അതിഷി, സൗരഭ് ഭരദ്വാജ്, രാജ്യ സഭാ എംപി. സഞ്ജയ് സിങ് എന്നിവർ തങ്ങളുടെ നിലപാട് അറിയിച്ചിരുന്നെങ്കിലും കെജ്രിവാൾ ഇതുവരെയും പ്രതികരിച്ചിരുന്നില്ല. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.

കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യമായതിനാലാണ് താൻ ഇതുവരെയും പരസ്യപ്രതികരണത്തിന് മുതിരാതിരുന്നത് എന്നാണ് കെജ്രിവാൾ അഭിമുഖത്തിൽ പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വ്യക്തമായി അറിയില്ല. എല്ലാ കേസിനും എന്നപോലെ ഈ കേസിനും രണ്ട് വശങ്ങളുണ്ട്. ഈ രണ്ടുവശങ്ങളും പൊലീസ് വ്യക്തമായി അന്വേഷിക്കണം. കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണം. നീതി നടപ്പാക്കപ്പെടണം, കെജ്രിവാൾ പറഞ്ഞു.

തന്റെ വാക്കുകളോ നിലപാടുകളോ കേസിന്റെ അന്വേഷണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്ന് കരുതിയാണ് സംഭവത്തെക്കുറിച്ച് ഇതുവരെയും പ്രതികരിക്കാഞ്ഞതെന്നും കെജ്രിവാൾ പറഞ്ഞു. അതേസമയം, സ്വാതി ബിജെപിയുമായി ചേർന്ന് ആംആദ്മി പാർട്ടിയെ കരിവാരിത്തേക്കാനായി കെട്ടിച്ചമച്ച നാടകമാണ് ഇതെന്നാണ് മുതിർന്ന എ.എ.പി. നേതാക്കളടക്കം ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മെയ് 18-ന് പൊലീസ് ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ബൈഭവിനെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഡൽഹി വനിതാ കമ്മിഷൻ മുൻ അധ്യക്ഷ കൂടിയായ സ്വാതി ഉന്നയിച്ച ആരോപണം ആദ്യ ഘട്ടത്തിൽ ആംആദ്മി പാർട്ടി ശരിവെച്ചിരുന്നു. മുതിർന്ന നേതാവ് സഞ്ജയ് സിങ്ങാണ് ആരോപണം ശരിവെച്ചത്. കെജ്രിവാൾ വിഷയം ഗൗരവമായാണ് കാണുന്നതെന്നും ബൈഭവ് കുമാറിനെതിരെ നടപടിയുണ്ടാകും എന്നുമായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. എന്നാൽ പിന്നീടാണ് എ.എ.പിയിലെ മുതിർന്ന നേതാക്കളടക്കം സ്വാതിക്കെതിരെ തിരിഞ്ഞത്. വൈകാതെ എ.എ.പി. നേതാക്കൾ തന്റെ വ്യക്തിപരമായ വിവരങ്ങളടക്കം പുറത്തുവിട്ട് തന്റെയും ബന്ധുക്കളുടെയും ജീവൻ അപകടത്തിലാക്കുകയാണെന്ന ആരോപണവുമായി സ്വാതിയും രംഗത്തെത്തി.