- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ധരാമയ്യയുടെ മകന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുമാരസ്വാമി
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ വിദേശത്തുവച്ച് മരിച്ചതിൽ ദുരൂഹതയാരോപിച്ച് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. മകന്റെ മരണത്തിൽ അദ്ദേഹം അന്വേഷണം പ്രഖ്യാപിക്കാത്തതെന്തെന്നും കുമാരസ്വാമി ചോദിച്ചു. ലൈംകികാതിക്രമം നടത്തി വീഡിയോ ചിത്രീകരിച്ച് വിദേശത്തേക്ക് മുങ്ങിയ എൻ.ഡി.എ. സ്ഥാനാർത്ഥി പ്രജ്ജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട ചർച്ചകൾ കർണാടകയിൽ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്റെ മരണത്തിൽ ആരോപണവുമായി കുമാരസ്വാമി രംഗത്ത് വന്നത്.
2016-ൽ സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ മകൻ ബെൽജിയത്തിൽ വെച്ച് മരിച്ചിരുന്നു. എന്നാൽ ഇക്കാര്യം സിദ്ധരാമയ്യ മറച്ചുവെച്ചുവെന്നും ഇത് എന്തിനായിരുന്നുവെന്നും എച്ച്.ഡി. കുമാരസ്വാമി ചോദിച്ചു. പ്രജ്വൽ രേവണ്ണ വിദേശത്തേക്ക് കടന്നത് എച്ച്.ഡി. ദേവഗൗഡയുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ അറിവോടെയാണെന്ന സിദ്ധരാമയ്യയുടെ ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ് ആരോപണം.
2016 ജൂലൈ 30നാണ് സിദ്ധരാമയ്യയുടെ മകൻ രാകേഷ് സിദ്ധരാമയ്യ ബെൽജിയത്തിൽവച്ച് മരിക്കുന്നത്. ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായതായിരുന്നു മരണകാരണം. "മുഖ്യമന്ത്രിയുടെ മകനും വിദേശത്തുപോയിരുന്നു. അവിടെവച്ച് അപകടമുണ്ടായി. എന്തിനുവേണ്ടിയാണ് അയാൾ വിദേശത്തുപോയത്. അദ്ദേഹം സിദ്ധരാമയ്യയുടെ അനുവാദം വാങ്ങിയിരുന്നോ ?. രാകേഷിന്റെ മരണത്തിൽ എന്തുകൊണ്ടാണ് സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിടാത്തത്? എന്തിനാണ് അക്കാര്യം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത്? മുഖ്യമന്ത്രിയാണോ മകനെ വിദേശത്തേക്കയച്ചത്? " കുമാരസ്വാമി വാർത്താസമ്മേളനത്തിൽ ചോദിച്ചു. 2016ലെ വിദേശയാത്രയിൽ രാകേഷിനൊപ്പം പോയവരെക്കുറിച്ചുള്ള വിവരങ്ങൾ സിദ്ധരാമയ്യ വെളിപ്പെടുത്തണമെന്നും കുമാരസ്വാമി പറഞ്ഞു.
അതേസമയം, രാകേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിക്കുന്നത് കുമാരസ്വാമിയുടെ വിഡ്ഢിത്തമാണെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. "എട്ടുവർഷം മുമ്പാണ് രാകേഷ് മരിച്ചത്. രാകേഷിന്റെ കേസ് ഉയർത്തിക്കൊണ്ടുവരുന്നത് അദ്ദേഹത്തിന്റെ വിഡ്ഢിത്തമാണ്. 2016ൽ രാകേഷ് മരിച്ചതും പ്രജ്വലിന്റെ കേസും തമ്മിൽ എന്താണ് ബന്ധം? കുമാരസ്വാമിയുടെ മരുമകൻ പ്രജ്വൽ ബലാത്സംഗക്കേസിൽ പ്രതിയാണ്."സിദ്ധരാമയ്യ പറഞ്ഞു.
പ്രജ്ജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട വിഷയത്തിൽ എച്ച്.ഡി. ദേവ?ഗൗഡക്കെതിരേയും കുമാരസ്വാമിക്കെതിരേയും ശക്തമായ ആരോപണങ്ങളായിരുന്നു സിദ്ധരാമയ്യ ഉന്നയിച്ചത്.. ഇതിനുപിന്നാലെയാണ് സിദ്ധരാമയ്യയുടെ മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു കൊണ്ട് എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തിയത്.
എന്നാൽ പ്രജ്ജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമവും വീഡിയോ ചിത്രീകരണ വിഷയവും തന്റെ മകന്റെ കേസുമായി യാതൊരു ബന്ധവുമില്ലെന്നും പ്രജ്ജ്വൽ രേവണ്ണയുടെ കേസിനേക്കാൾ വലുത് തന്റെ മകന്റെ മരണമെന്നാണ് എച്ച്.ഡി. കുമാരസ്വാമി പറയുന്നതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.