- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കാനില്ലെന്ന് മമത ബാനർജി
കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി ജൂൺ ഒന്നിനാണ് വിളിച്ചുചേർത്ത ഇന്ത്യാമുന്നണിയുടെ യോഗത്തിൽ തൃണമൂൽ കോൺഗ്രസ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ടുകൾ. അവസാനഘട്ട വോട്ടെടുപ്പിൽ ബംഗാളിൽ ഒൻപത് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ പങ്കെടുക്കാനാവില്ലെന്ന് അവരെ അറിയിച്ചതായി മമത പറഞ്ഞു. മദ്യനയക്കേസിൽ ജാമ്യത്തിലിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തേണ്ടതിനു തലേന്നാണിത്.
"ഇതെല്ലാം ഉപേക്ഷിച്ച് എനിക്കെങ്ങനെയാണു പോകാനാവുക? റുമാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് എനിക്കു മുഖ്യം. ഇവിടെ യോഗം ചേർന്നാലും എന്റെ ഹൃദയം റുമാൽ ചുഴലിക്കാറ്റിന്റെ ദുരിതം അനുഭവിക്കുന്നവരുടെ കൂടെയാവും. മാത്രമല്ല, ജൂൺ ഒന്നിനു ബംഗാളിൽ 9 സീറ്റിലേക്കുള്ള വോട്ടെടുപ്പ് നടക്കുകയാണ്. അതിനാൽ ഇന്ത്യാസഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കാനാകില്ല" കൊൽക്കത്തയിലെ തിരഞ്ഞെടുപ്പ് റാലിയിൽ മമത പറഞ്ഞു.
ഇന്ത്യാ മുന്നണിയിൽനിന്നു ജനുവരിയിൽ പുറത്തുപോയ മമത, പുറത്തുനിന്നു പിന്തുണയ്ക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. താൻ പിന്തുണയ്ക്കുന്ന മുന്നണിയിൽ ബംഗാൾ കോൺഗ്രസോ സിപിഎമ്മോ ഇല്ലെന്നും അവർ വ്യക്തമാക്കി. ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ 2004ൽ യുപിഎ കാലഘട്ടത്തിലേതു പോലെ പ്രധാനമന്ത്രിയെ കണ്ടെത്തുമെന്നാണു കോൺഗ്രസ് പറയുന്നത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനോടു മമതയ്ക്കു യോജിപ്പില്ല.
പഞ്ചാബിലും യുപിയിലും അന്നേദിവസം തെരഞ്ഞെടുപ്പുണ്ട്. ഒരുവശത്ത് ചുഴലിക്കാറ്റ്, മറുവശത്ത് തെരഞ്ഞെടുപ്പ്. അതിന്റെ കാര്യങ്ങളെല്ലാം നോക്കണം. ചുഴലിക്കാറ്റിനെതിരായ നടപടികൾക്കാണ് പ്രധാനമെന്നും ഈ അവസരത്തിൽ ഡൽഹിയിൽ പോകുന്നത് പ്രായോഗികമല്ലെന്നും മമത പറഞ്ഞു.
തൃണമൂൽ അധ്യക്ഷ മമത ബാനർജി, ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എന്നിവർക്ക് അവസാനഘട്ടത്തിലാണ് വോട്ട്. ഇതുകൂടെ ചൂണ്ടിക്കാട്ടിയാണ് യോഗത്തിൽനിന്ന് പാർട്ടി വിട്ടുനിൽക്കുന്നത്. ഇതുവരെ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങളിലെല്ലാം തൃണമൂൽ പങ്കെടുത്തിട്ടുണ്ട്. അതേസമയം, ബംഗാളിൽ ഇന്ത്യ സഖ്യത്തിലെ കോൺഗ്രസുമായോ ഇടതുപാർട്ടികളുമായി സീറ്റ് ധാരണയ്ക്ക് തൃണമൂൽ തയ്യാറായിരുന്നില്ല. ഉത്തർപ്രദേശിൽ ഒരു സീറ്റിൽ എസ്‌പിക്കും കോൺഗ്രസിനുമൊപ്പം ചേർന്ന് മത്സരിക്കുന്നുണ്ട്.