ന്യൂഡൽഹി: ഇടക്കാല ജാമ്യാക്കാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് തീഹാർ ജയിലിലേക്ക് മടങ്ങിപ്പോകും. കെജ്രിവാളിന്റെ ജയിലിലേക്കുള്ള മടക്കവും ബിജെപിക്ക് എതിരെ പ്രചാരണ വിഷയമാക്കുകയാണ് എഎപി.

ഇന്ന് മൂന്ന് മണിക്ക് രാജ്ഘട്ടിൽ കെജ്രിവാൾ സന്ദർശനം നടത്തും. സിപിയിലെ ഹനുമാൻ ക്ഷേത്രത്തിലും പ്രാർത്ഥന നടത്തും. പാർട്ടി ഓഫീസിൽ എത്തി പ്രവർത്തകരെ കണ്ടതിന് ശേഷം ജയിലിലേക്ക് മടങ്ങുമെന്ന് കെജ്രിവാൾ അറിയിച്ചിട്ടുണ്ട്.

മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം തേടിയുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു. ഇന്ന് വിധി പറയണമെന്ന് കെജരിവാളിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും ബുധനാഴ്‌ച്ചത്തേക്ക് കോടതി ഇത് മാറ്റുകയായിരുന്നു. ഇതോടെയാണ് കെജ്രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങുന്നത്.

സ്വാതി മലിവാൾ വിഷയത്തിൽ പ്രതിരോധത്തിലായ ആംആദ്മി പാർട്ടിക്കും ഡൽഹി സർക്കാരിനും കേജ്രിവാൾ ജയിലിലേക്കു മടങ്ങുന്നതോടെ കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. ലോക്‌സഭ തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപ് കേജ്രിവാൾ ജയിലിലേക്കു മടങ്ങുന്നത് പാർട്ടിക്കുള്ളിൽ വലിയ നേതൃത്വ പ്രതിസന്ധിയുണ്ടാക്കുമെന്നാണു വിലയിരുത്തൽ.

അതിനിടെ കേജ്രിവാളിന്റെ ഭാര്യ സുനിതയെ മുൻനിരയിലേക്കെത്തിക്കാനുള്ള ശ്രമങ്ങളിലും ചില നേതാക്കൾക്ക് അതൃപ്തിയുണ്ട്. കേജ്രിവാൾ അറസ്റ്റിലായതിന് ശേഷം ഭരണകാര്യങ്ങളിൽ മന്ത്രി അതിഷിയും രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹത്തിനു മുൻപേ ജയിൽമോചിതനായ രാജ്യസഭ എംപി സഞ്ജയ് സിങ്ങുമാണ് സുപ്രധാന ചുമതലകൾ വഹിക്കുന്നത്.

എന്നാൽ, ജാമ്യം ലഭിച്ചു പുറത്തു വന്നതിനു ശേഷം നടന്ന തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലുൾപ്പെടെ സുനിതയെയല്ലാതെ മറ്റൊരു നേതാവിനെയും കേജ്രിവാൾ പിൻഗാമിയെന്ന തരത്തിൽ അവതരിപ്പിച്ചിട്ടില്ല. കേജ്രിവാളിന്റെ അസാന്നിധ്യം പ്രതിപക്ഷസംഖ്യത്തിനൊപ്പം നിന്നു നിർണായക തീരുമാനങ്ങളെടുക്കുന്ന കാര്യങ്ങളിലും എഎപിയെ വിഷമത്തിലാക്കും.

ഡൽഹിയിലെ അതിരൂക്ഷമായ ശുദ്ധജലക്ഷാമമാണു മറ്റൊരു പ്രധാന പ്രശ്‌നം. അതിനുപുറമേ രാഷ്ട്രീയവും ഭരണപരവുമായ മറ്റു വിഷയങ്ങളുമുണ്ട്. പല കാര്യങ്ങളിലും കേന്ദ്രസർക്കാരുമായി സ്ഥിരമുണ്ടാകുന്ന അധികാരത്തർക്കങ്ങളും പ്രതിസന്ധിയുണ്ടാക്കും.

ഔദ്യോഗിക വസതിയിൽ വച്ച് സ്വാതി മലിവാൾ എംപിയെ കേജ്രിവാളിന്റെ മുൻ പഴ്‌സനേൽ സെക്രട്ടറി ബിഭവ് കുമാർ മർദിച്ചെന്ന കേസും കോടതിയിലാണ്. സ്വാതി മലിവാൾ പാർട്ടിക്കകത്തുനിന്നു നിയമപോരാട്ടം നടത്തുന്നതും എഎപിയെ സമ്മർദത്തിലാക്കുന്നു. സ്വാതി മലിവാളിനു മർദനമേറ്റ വിഷയത്തിൽ കേജ്രിവാൾ മൗനം പാലിക്കുന്നതിൽ സഞ്ജയ് സിങ് ഉൾപ്പെടെയുള്ള നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്.