- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാവിധി അൽപ്പസമയത്തിനകം അറിയാം
ന്യൂഡൽഹി/ തിരുവനന്തപുരം: നമ്മുടെ രാജ്യത്തെ അടുത്ത അഞ്ചു വർഷം ആരു ഭരിക്കും എന്ന് ഇന്നറിയാം. ഹാട്രിക് നേട്ടവുമായി മോദി തുടർ ഭരണത്തിലേക്കെത്തുമോ അതോ ഇന്ത്യാ സഖ്യം ഭരണം പിടിക്കുമോ എന്നറിയാനാണ് ജനം ആകാംക്ഷയോടെ കാത്തരിക്കുന്നത്. ആദ്യം എണ്ണുന്നത് തപാൽവോട്ടുകളാണ്. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. അരമണിക്കൂറിനുള്ളിൽത്തന്നെ ലീഡ് നില ലഭ്യമായിത്തുടങ്ങും.
തുടർഭരണമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. എന്നാൽ, എക്‌സിറ്റ് പോളല്ല കാര്യമെന്നും ജനമെഴുതിയ വിധി അനുകൂലമാകുമെന്നും പ്രതിപക്ഷ ഇന്ത്യാസഖ്യം കരുതുന്നു. 295 സീറ്റിൽ കുറയില്ലെന്നാണ് അവരുടെ പ്രതീക്ഷ. മോദിക്കെതിരെ 25-ലേറെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി അണിനിരന്നപ്പോൾ ഒറ്റക്കള്ളിയിൽ ഒതുങ്ങാത്ത തിരഞ്ഞെടുപ്പ് പ്രചാരണമാണ് രാജ്യം കണ്ടത്. പതിവിനു വിപരീതമായി അജൻഡ നിശ്ചയിക്കുന്നതിൽ ബിജെപി. ഒരു പരിധിവരെ പരാജയപ്പെട്ടപ്പോൾ, പ്രതിപക്ഷത്തിന്റെ പല നരേറ്റീവുകളും വലിയ ചലനമുണ്ടാക്കിയതും ചർച്ചയായി.
കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളെക്കാൾ കേരളത്തിൽ പോളിങ് ശതമാനം ഇത്തവണ കുറവായിരുന്നത് മഴപ്രവചനം പോലെ രാഷ്ട്രീയകാലാവസ്ഥയെയും സങ്കീർണമാക്കുന്നു. കേരളത്തിലെ 20 മണ്ഡലങ്ങളിൽ ആകെ 194 സ്ഥാനാർത്ഥികളാണു മത്സരിച്ചത്. 72.07% ആയിരുന്നു പോളിങ്. ഒഡീഷ, ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്.
സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടെണ്ണാൻ ഓരോ ഹാൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും പരമാവധി 14 മേശകൾവീതമുണ്ടാകും. ഓരോ മേശയ്ക്കും ഗസറ്റഡ് റാങ്കിലെ ഒരു ഉദ്യോഗസ്ഥൻ കൗണ്ടിങ് സൂപ്പർവൈസറായി ഉണ്ടാകും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും മേശയ്ക്കു ചുറ്റുമുണ്ടാവും.
ഇവർക്കുപുറമേ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ, നിരീക്ഷകർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്കുമാത്രമാവും ഹാളിലേക്ക് പ്രവേശനമുണ്ടാവുക. തപാൽവോട്ടുകൾ എണ്ണുന്നതിന് പ്രത്യേകം മേശയുണ്ടാകും. സർവീസ് വോട്ടർമാരുടെ വോട്ടുകളും റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക.
44 ദിവസം നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയ ആണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഏപ്രിൽ 19ന് ആയിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്; കഴിഞ്ഞ ഒന്നിന് അവസാന ഘട്ടം നടന്നു. സിക്കിം, അരുണാചൽ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ ഞായറാഴ്ച പ്രഖ്യാപിച്ചു.
എക്‌സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ ഓഹരി വിപണികളിൽ റെക്കോർഡ് കുതിപ്പാണ് ഇന്നലെ ദൃശ്യമായത്. വില സൂചികകളായ നിഫ്റ്റിക്കും സെൻസെക്‌സിനും സർവകാല ഔന്നത്യം മാത്രമല്ല അസാധാരണമായ പ്രതിദിന നേട്ടവുമുണ്ടായി. മൂന്നര ശതമാനത്തോളമാണു സൂചികകളിലെ വർധന. നിക്ഷേപകരുടെ ആസ്തിമൂല്യത്തിലുണ്ടായ വർധന 14 ലക്ഷം കോടി രൂപയാണ്.