മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനം രാജി സമർപ്പിച്ച ദേവേന്ദ്ര ഫഡ്‌നാവിസിനോട് സംസാരിക്കുമെന്നറിയിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. മഹാരാഷ്ട്രയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷിച്ച വിജയം നേടാൻ എൻഡിഎയ്ക്ക് സാധിക്കാതെ വന്നതിനാൽ ഉപമുഖ്യമന്ത്രി ചുമതലയിൽ നിന്ന് മാറാൻ തയ്യാറാണെന്ന് അറിയിച്ച് ഫഡ്‌നാവിസ് രംഗത്തെത്തിയ വിഷയം മാധ്യമങ്ങൾ ഉന്നയിച്ചപ്പോഴാണ് ഷിൻഡെയുടെ മറുപടി.

"ദേവന്ദ്രജിയുമായി എത്രയും വേഗം സംസാരിക്കും. ഞങ്ങൾ ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇനിയും ഒന്നിച്ച് തന്നെ പ്രവർത്തിക്കും. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നേടുന്ന വിജയത്തിന് ആയുസ് കുറവാണെന്ന് ഓർമിപ്പിക്കുന്നു. വികസനമെന്ന അജണ്ടയിലൂടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. പ്രതിപക്ഷത്തിന്റെ തെറ്റായ അവകാശവാദങ്ങളെ നേരിടുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ഭരണഘടന മാറ്റുമെന്നത് അടക്കമുള്ള വ്യാഖ്യാനങ്ങൾ പറഞ്ഞുപരത്തുകയാണ് പ്രതിപക്ഷം ചെയ്തത്. അത് ഏറെ വേദനിപ്പിച്ചു. മോദിയെ തകർക്കണമെന്നായിരുന്നു പ്രതിപക്ഷ മുദ്രാവാക്യം. അത് വിളിച്ചവരെ ഇന്ത്യയിലെ ജനങ്ങൾ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക തന്നെയാണ് ചെയ്തത്.

തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഒരാളുടെ മാത്രമല്ല. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മൂന്ന് പാർട്ടികളും ഒന്നിച്ച് പ്രവർത്തിച്ചതാണ്. വോട്ടുശതമാനം നോക്കിയാൽ മുംബൈയിൽ മഹായൂതി സഖ്യത്തിന് രണ്ട് ലക്ഷത്തിലധികം വോട്ട് ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തിനായി നിരവധി നല്ല തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടു. എന്നിരുന്നാലും തെരഞ്ഞെടുപ്പിൽ സീറ്റുകൾ കുറഞ്ഞു. വോട്ടുശതമാനത്തിൽ വർദ്ധനവുണ്ടാവുക തന്നെയാണുണ്ടായത്. '- ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.

2019-ൽ മഹാരാഷ്ട്രയിൽ 23 സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 10 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്. ഈ സാഹചര്യത്തിലാണ് നേതൃത്വത്തിന് ഫഡ്‌നാവിസ് ബുധനാഴ്ച രാജിക്കത്ത് കൈമാറിയത്. മഹാരാഷ്ടയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ ഫഡ്നാവിസ്, പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചുകൊണ്ടായിരുന്നു കത്ത് നൽകിയത്. സംഘടനാതലത്തിൽ പ്രവർത്തനം സജീവമാക്കി, നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു.

48 ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ടയിൽ എൻ.ഡി.എ സഖ്യത്തിന് 18 സീറ്റുകളാണ് ലഭിച്ചത്. 2019-നെ അപേക്ഷിച്ച് വൻ തകർച്ചയാണ് സഖ്യത്തിനുണ്ടായത്. പ്രതിപക്ഷമായിരുന്ന എൻ.സി.പി (ശരദ് പവാർ), ശിവസേന (ഉദ്ധവ്), കോൺഗ്രസ് എന്നീ പാർട്ടികളടങ്ങുന്ന മഹാവികാസ് അഘാഡി 29 സീറ്റുകൾ നേടി. 2019-ൽ ഒരു സീറ്റ് മാത്രം ലഭിച്ച കോൺഗ്രസ് ഇത്തവണ നേടിയത് 13 സീറ്റുകളാണ്.