- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയൽരാജ്യ തലവന്മാരെ ക്ഷണിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ തുടങ്ങി. അതേ സമയം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയൽരാജ്യ തലവന്മാരെ നരേന്ദ്ര മോദി ക്ഷണിച്ചതായാണ് വിവരം. റനിൽ വിക്രമസിംഗയെ ക്ഷണിച്ചെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് അറിയിച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും മോദിയുടെ ക്ഷണമുണ്ട്. ഭൂട്ടാൻ രാജാവിനോടും നേപ്പാൾ പ്രധാനമന്ത്രിയോടും മോദി ഫോണിൽ സംസാരിച്ചതായാണ് വിവരം. എന്നാൽ ഇവർക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ഉണ്ടോയെന്ന് വ്യക്തമല്ല. വ്‌ലാദിമിർ പുടിനും റിഷി സുനക്കും മോദിയുമായി സംസാരിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. 2014ൽ ചടങ്ങിൽ സാർക്(SAARC) നേതാക്കൾ പങ്കെടുത്തിരുന്നു. 2014ൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മാലദ്വീപ് പ്രസിഡന്റ്‌റുമടക്കം എല്ലാ സാർക് തലവന്മാരും ചടങ്ങിന് എത്തിയിരുന്നു. 2019ൽ ചില അയൽരാജ്യ തലവന്മാർ അടക്കം 8 രാജ്യങ്ങളിൽ നിന്ന് നേതാക്കൾ പങ്കെടുക്കുകയും ചെയ്തിരുന്നു.
അതേ സമയം നരേന്ദ്ര മോദിയുടെ ഹാട്രിക് വിജയത്തിൽ അഭിനന്ദനങ്ങളുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും രംഗത്ത്. മോദിയുടെ രാഷ്ട്രീയ ആധിപത്യം വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണിതെന്ന് പുടിൻ പ്രസ്താവനയിലൂടെ അറിയിച്ചു.
പാർലമെന്ററി തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പാർട്ടി നേടിയ വിജയത്തിന് ഹൃദയം?ഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനായി മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് ലഭിച്ച പിന്തുണയാണ് ഈ ജനവിധി. ആഗോളവേദിയിൽ ഇന്ത്യയുടെ താത്പര്യങ്ങൾ ഇനിയും സംരക്ഷിക്കപ്പെടും. ഈ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിൽ മോദിക്കുള്ള വ്യക്തിപ്രഭാവം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചിരിക്കുന്നു.
ന്യൂഡൽഹിയുമായി റഷ്യയ്ക്കുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇനിയും വർദ്ധിക്കുന്നതാണ്. അന്താരാഷ്ട്ര അജണ്ടകളിലും ഉഭയകക്ഷി ബന്ധങ്ങളിലും നിലവിലുള്ള പ്രതിസന്ധികളെ നേരിടാൻ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ ഇരുരാജ്യങ്ങൾക്കും ഇനിയും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ പ്രസ്താവനയിലൂടെ കുറിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും മോദിയെ അഭിനന്ദിച്ചിരുന്നു. ഇന്ത്യയും യുകെയും വളരെ അടുത്ത സൗഹൃദം പങ്കിടുന്നവരാണെന്നും ഇനിയും അത് തുടരുമെന്നും ഇന്ത്യൻ വംശജൻ കൂടിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമടക്കം അമ്പതോളം ലോകനേതാക്കൾ നരേന്ദ്ര മോദിയെ പ്രശംസിച്ച് കുറിപ്പുകൾ പങ്കുവച്ചിരുന്നു.
നരേന്ദ്ര മോദിയുടെ ഹാട്രിക് വിജയത്തിൽ അഭിനന്ദനങ്ങളറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും രംഗത്തെത്തി. 16-ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വീണ്ടും ആധിപത്യം നേടിയതോടെ സർക്കാരിന് തുടർഭരണം ലഭിച്ച സാഹചര്യത്തിലാണ് മോദിയെ പ്രശംസിച്ച് യുഎസ്എ രംഗത്തെത്തിയത്.
നരേന്ദ്ര മോദിക്കും ദേശീയ ജനാധിപത്യ സഖ്യത്തിനും അഭിനന്ദനങ്ങളെന്ന് ബൈഡൻ എക്‌സിൽ കുറിച്ചു. ചരിത്രപരമായ ഈ തെരഞ്ഞെടുപ്പിൽ പങ്കാളികളായ 650 ദശലക്ഷത്തോളം വോട്ടർമാർക്കും ആശംസകളെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇനിയും വളരുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. കൂടാതെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും എൻഡിഎയുടെ വിജയത്തിൽ അഭിനന്ദനങ്ങളറിയിച്ച് രംഗത്തെത്തി.
പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണിത്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ എൻ ഡി എ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണ് നേതാക്കൾ അറിയിച്ചു. നരേന്ദ്ര മോദി സർക്കാർ രൂപീകരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യം വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.
കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ എൻ ഡി എ വേഗത്തിലാക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ ഇന്ന് തന്നെ അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം. ഘടകകക്ഷികളുടെ പിന്തുണ കത്തടക്കം കൈമാറിക്കൊണ്ട് എത്രയും വേഗം സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാണ് രാഷ്ട്രപതിയോട് എൻഡിഎ സഖ്യം ആവശ്യപ്പെടുക.