ന്യൂഡൽഹി: ബിജെപിയുടെ നേതൃസ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന് സൂചന. ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും ജെപി നദ്ദ മാറും. പകരം ആരാകും അധ്യക്ഷനെന്ന ചോദ്യമാണ് ഉയരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ പ്രസിഡന്റ് പദം വീണ്ടും ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവ് ശിവരാജ് സിങ് ചൗഹാനെ പാർട്ടി ഏൽപ്പിക്കാനും നീക്കമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അത്ര അടുപ്പത്തിൽ അല്ലാത്ത നേതാവാണ് ചൗഹാൻ. ആർ എസ് എസുമായി നല്ല ബന്ധമുള്ള ബിജെപിയിലെ പുതിയ നേതാവ്. ബിജെപിയിൽ ആർഎസ്എസ് കൂടുതൽ പിടിമുറുക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഈ നീക്കമെന്നും സൂചനയുണ്ട്.

കേന്ദ്ര ഭരണവും ബിജെപിയുടെ സംഘടനാ സംവിധാനവും ആർ എസ് എസിൽ നിന്നും അകന്നിരുന്നുവെന്ന വിലയിരുത്തൽ സജീവമാണ്. ആർ എസ് എസിന്റെ പിന്തുണയില്ലാതെ മുമ്പോട്ട് പോകാൻ കഴിയുന്ന പാർട്ടിയായി ബിജെപി മാറിയെന്ന് നദ്ദ പറഞ്ഞിരുന്നു. ഇത് ആർ എസ് എസിന് അലോസരമുണ്ടാകുകയും ചെയ്തു. ഇത് യുപിയിലും മറ്റും പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തൽ. വാരണാസിയിൽ മോദിയുടെ ഭൂരിപക്ഷം കുറഞ്ഞതു പോലും ഇതുകൊണ്ടാണെന്ന് കരുതുന്നവരുമുണ്ട്. ഇതിനിടെയാണ് ശിവരാജ് സിങ് ചൗഹാനെ കൊണ്ടു വന്ന് പാർട്ടി പിടിക്കാൻ നീക്കം. ഇതിനെ പ്രധാനമന്ത്രി മോദിക്കും അംഗീകരിക്കേണ്ടി വരുമെന്ന് സൂചനയുണ്ട്. മോദിയും അമിത് ഷായും ചേർന്ന് എല്ലാം തീരുമാനിക്കുന്നത് ഒഴിവാക്കാനാണ് ഇത്.

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നദ്ദയുടെ കാലാവധി ഉടൻ തീരും. നേരത്തെ തന്നെ രാജ്യസഭയിലേക്ക് നദ്ദയെ ബിജെപി എത്തിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം നദ്ദയെ മന്ത്രിയാക്കി പാർട്ടി ചുമതലയിൽ നിന്നും മാറ്റാനാണ് നീക്കമെന്ന് അതുകൊണ്ട് തന്നെ നേരത്തെ വിലയിരുത്തലെത്തി. നദ്ദയ്ക്ക് പകരം മറ്റൊരു വിശ്വസ്തനെ ബിജെപി അധ്യക്ഷനാക്കാനായിരുന്നു മോദിയും അമിത് ഷായും ആഗ്രഹിച്ചത്. ഇതിനിടെയാണ് ശിവരാജ് സിങ് ചൗഹാന്റെ പേരുയരുന്നത്. ചൗഹാൻ പാർട്ടിയെ നയിക്കാൻ എത്തിയാൽ അടുത്ത കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കുന്നതിൽ പോലും നിർണ്ണായക സ്വാധീനം ചൗഹാനുണ്ടാകും. എന്നാൽ ചൗഹാനെ മന്ത്രിയാക്കി അധ്യക്ഷ പദവി നൽകാതിരിക്കാനും നീക്കമുണ്ട്.

ബിജെപിയുടെ ഭാവി നേതാവായി ചൗഹാനെ അടക്കം ഉയർത്തിക്കാട്ടാനാണ് ആർഎസ്എസ് ശ്രമം. മദ്ധ്യപ്രദേശിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ കുതിപ്പ് ബിജെപി നടത്തിയിരുന്നു. വിദിശ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയ കൂടിയായ ശിവരാജ് ചൗഹാൻ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 817,479 വോട്ടുകളാണ് ശിവരാജ് ചൗഹാൻ നേടിയത്. കോൺ?ഗ്രസിന്റെ പ്രതാപഭാനു ശർമ്മയാണ് വിദിഷയിൽ രണ്ടാം സ്ഥാനത്ത്. ബിഎസ്‌പി സ്ഥാനാർത്ഥി കിഷൻ ലാൽ ലാഡിയയാണ് മൂന്നാം സ്ഥാനത്ത്.

മിന്നും ജയം നൽകിയ ജനങ്ങൾക്കും ശിവരാജ് ചൗഹാൻ നന്ദി പറഞ്ഞു. ജനങ്ങളെ താൻ ദൈവത്തെ പോലെയാണ് കാണുന്നതെന്നും അവരെ സേവിക്കുന്നതാണ് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമെന്നും ചൗഹാൻ പറഞ്ഞു. പ്രധാനമന്ത്രി മോദിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് വിജയത്തിന് പിന്നിൽ. മരണം വരെയും ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും ചൗഹാൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസിത രാജ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്ധ്യപ്രദേശിലെ 29 സീറ്റുകളും സ്വന്തമാക്കി വൻ വിജയം സ്വന്തമാക്കുകയായിരുന്നു ബിജെപി. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ 28 സീറ്റുകളിൽ വിജയം ഉറപ്പാക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. ഗുജറാത്തിലും രാജസ്ഥാനിലും പോലും ഇത്തവണ ബിജെപിക്ക് സമ്പൂർണ്ണ വിജയം സാധ്യമായിരുന്നില്ല.