ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിവരം. ബിജെപി നേതാക്കളായ അമിത് ഷായും രാജ്നാഥ് സിങും പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വസതിയിൽ ചർച്ചകൾ നടത്തിവരികയാണ്. സത്യപ്രതിജ്ഞ സംബന്ധിച്ച് ഉടൻ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്ന് എൻഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ശുഭ മുഹൂർത്തത്തിനായാണ് തീയതി മാറ്റിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ തുടങ്ങിയ ലോകനേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച ഷെയ്ഖ് ഹസീന ഡൽഹിയിലേക്ക് തിരിക്കും. ഭൂട്ടാൻ പ്രധാനമന്ത്രിയെയും, മൗറീഷ്യസ് പ്രധാനമന്ത്രിയെയും പരിപാടിയിലേക്ക് മോദി ക്ഷണിക്കുമെന്നാണ് സൂചന. ഞായറാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽവച്ച് ചടങ്ങ് നടത്താനുള്ള സാധ്യതയും ബിജെപി നേതൃത്വം പരിഗണിക്കുന്നുണ്ട്.

എൻഡിഎ സഖ്യത്തിലെ നിർണായക കക്ഷിയായ ടിഡിപിയുടെ ആന്ധ്രാപ്രദേശിലെ സത്യപ്രതിജ്ഞാച്ചടങ്ങ് ജൂൺ 12ലേക്കും മാറ്റിയിട്ടുണ്ട്. മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം തിരക്കിട്ട് അമരാവതിയിലേക്ക് മടങ്ങാൻ ചന്ദ്രബാബു നായിഡുവിന് ആകാത്തതിനാലാണ് തീയതി നീട്ടുന്നതെന്ന് ടിഡിപി വക്താവ് കെ. പട്ടാഭിരാം പറഞ്ഞു.

ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതായതോടെ സഖ്യകക്ഷികളുടെ വിലപേശലകളും പിന്തുണ സംബന്ധിച്ച അഭ്യൂഹങ്ങളും ഉയരുന്നിരുന്നു. സഖ്യകക്ഷികൾ ഉന്നയിച്ച അവകാശവാദങ്ങളടക്കം പരിഹരിക്കുന്നതിനായി തിരക്കിട്ട ചർച്ചകൾ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുകയാണ്.

മൂന്നാംസർക്കാർ രൂപവത്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ പ്രധാനമന്ത്രിയുടെ വസതിയിൽ കഴിഞ്ഞ ദിവസം ചേർന്ന എൻ.ഡി.എ യോഗം തീരുമാനിച്ചിരുന്നു. സഖ്യത്തിന്റെ നേതാവായി യോഗം നരേന്ദ്ര മോദിയെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ടിഡിപി, ജെഡിയു, ജെഡിഎസ് തുടങ്ങിയ കക്ഷികൾ പ്രധാന വകുപ്പുകൾക്കായി അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് ചർച്ചകൾ നീളുന്നത്. ജെഡിയുവും ടിഡിപിയും പാർട്ടി യോഗങ്ങൾ നടത്തിവരികയാണ്.

വെള്ളിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗത്തിലേക്ക് എല്ലാ പാർട്ടി എംപിമാരോടും മുഖ്യമന്ത്രിമാരോടും എത്തിച്ചേരാൻ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ യോഗത്തിൽ മോദിയെ പാർലമെന്ററി നേതാവായി തിരഞ്ഞെടുക്കും. തുടർന്ന് മോദിയും സഖ്യകക്ഷി നേതാക്കളും രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കണ്ട് സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കും. സത്യപ്രതിജ്ഞ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും.

ആദ്യ രണ്ടു ടേമുകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും എൻഡിഎ ഭരണമെന്നുള്ള സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യാ മുന്നണിയുടെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു രാജ്യവ്യാപകമായ ജാതി സർവേ. സർവേ നടത്തണമെന്ന ജെഡിയു ആവശ്യത്തിന് ബിജെപി എന്ത് തീരുമാനമെടുക്കുമെന്നത് ചർച്ചാവിഷയമായിട്ടുണ്ട്. ബിജെപിയിൽ ചേരുന്നതിന് മുമ്പ് നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്ത് ജാതി സർവേ നടത്തിയിരുന്നു.

സഖ്യകക്ഷികൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ ബിജെപി ചർച്ച തുടങ്ങി. സ്പീക്കർ സ്ഥാനം ചോദിക്കുന്ന ടിഡിപിക്ക് മന്ത്രിസഭയിൽ രണ്ട് പ്രധാന വകുപ്പുകൾ നല്കി അനുനയിപ്പിക്കാനാണ് ബിജെപി നീക്കം. അതിനിടെയാണ് ജാതി സെൻസസ് നടപ്പാക്കണമെന്നും അഗ്‌നിവീർ പദ്ധതി അവലോകനം ചെയ്യണമെന്നും നിർദ്ദേശിച്ച് ജെഡിയു സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്.

മോദിക്ക് പിന്തുണ ഉറപ്പിച്ചെങ്കിലും സഖ്യകക്ഷികൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ തീരുമാനമെടുക്കുന്നത് ബിജെപിക്ക് വലിയ തലവേദനയാകുകയാണ്. നാല് മന്ത്രിമാർ വേണമെന്നാണ് ജെഡിയു നിർദ്ദേശിച്ചത്. റെയിൽവേ, കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും ജെഡിയു നല്കിയ പട്ടികയിൽ ഉണ്ട്. ആറു മന്ത്രിമാരെ നല്കണം എന്ന നിർദ്ദേശമാണ് ചന്ദ്രബാബു നായിഡു മുന്നോട്ട് വെച്ചിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിൽ ടിഡിപിക്ക് താല്പര്യമുണ്ട്. സഹമന്ത്രി സ്ഥാനം നല്കി അനുനയിപ്പിക്കാനാണ് സാധ്യത. ഐടി, വാണിജ്യം, ട്രാൻസ്‌പോർട്ട് എന്നീ വകുപ്പുകളും നായിഡു ആവശ്യപ്പെടുന്നു.

എൻഡിഎയിൽ ഉറച്ചു നില്ക്കുകയാണെന്നും ഇന്ത്യ സഖ്യവുമായി ഒരു ചർച്ചയുമില്ലെന്നും ടിഡിപി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ സഖ്യം എന്തു കരുതിയാലും ഞങ്ങൾ എൻഡിഎയുടെ കൂടെ ഉറച്ചു നിൽക്കുകയാണെന്നാണ് ടിഡിപി വക്താവ് പ്രേംകുമാർ ജയിൻ പറഞ്ഞു. ജയന്ത് ചൗധരി, എച്ച്ഡി കുമാരസ്വാമി, അനുപ്രിയ പട്ടേൽ, രാംദാസ് അതാവലെ തുടങ്ങിയ നേതാക്കളും എക്‌നാഥ് ഷിൻഡെയുടെ ശിവസേനയും മന്ത്രിസ്ഥാനം ചോദിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ അമിത് ഷാ ആഭ്യന്തരമന്ത്രിയാകുമോ എന്ന ചർച്ചകൾ സജീവമാണ്. രാജ്‌നാഥ് സിങ് ഈ മന്ത്രാലയത്തിൽ വരുന്നതിനോടാണ് ചില സഖ്യകക്ഷികൾക്ക് താല്പര്യം.