- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ മറുകണ്ടം ചാടി; ഒമ്പതുപേരും തോറ്റു
ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം നേരിട്ടതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മറുകണ്ടംചാടി മത്സരിച്ച 13 സ്ഥാനാർത്ഥികളിൽ ഒമ്പതുപേരും തോറ്റു. ഇതിൽ ഏഴുപേരും എൻ.ഡി.എ. സ്ഥാനാർത്ഥികളാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെ 150-ലേറെ സ്ഥാനാർത്ഥികളാണ് പാർട്ടി മാറി ജനവിധി തേടിയത്.
വ്യക്തിപരമായി അന്വേഷണം നേരിടുന്നവരോ കുടുംബം അന്വേഷണപരിധിയിൽ ഉള്ളവരോ ആണ് ഈ 13 പേർ. കേന്ദ്ര ഏജൻസികളായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ.), ആദായനികുതി വകുപ്പ് (ഐ.ടി.), എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണങ്ങളാണ് ഇവർ നേരിടുന്നത്. ഇവരിൽ എട്ടുപേർ ബിജെപി സ്ഥാനാർത്ഥികളാണ്. കോൺഗ്രസിൽനിന്ന് ഏഴുപേരും തൃണമൂലിൽനിന്ന് ഒരാളുമാണ് കേസുകൾക്ക് പിന്നാലെ ബിജെപിയിലെത്തി ജനവിധി തേടിയത്.
ശിവസേന ഉദ്ധവ് പക്ഷത്തുനിന്ന് ഷിന്ദേയുടെ ശിവസേനയിലേക്ക് രണ്ടുപേരും വൈ.എസ്.ആർ. കോൺഗ്രസിൽനിന്ന് ടി.ഡി.പിയിലേക്ക് ഒരാളും കൂറുമാറിയെത്തി. ഝാർഖണ്ഡ് വികാസ് പാർട്ടിയിൽനിന്നും പി.ഇ.പിയിൽനിന്നും ഒരോരുത്തരും കോൺഗ്രസിലും ചേർന്നു. ബിജെപിയിൽ ചേർന്ന എട്ടുപേരിൽ രണ്ടുപേർ മാത്രമാണ് വിജയിച്ചത്. ഷിൻഡെ ശിവസേനയിലെ രണ്ടുപേരിൽ ഒരാൾ പരാജയപ്പെട്ടു. കോൺഗ്രസിൽ ചേർന്ന രണ്ടുപേർക്കും വിജയിക്കാൻ സാധിച്ചില്ല.
കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗറാണ് ഇത്തരത്തിൽ തോറ്റ പ്രമുഖ. പട്യാലയിൽ മത്സരിച്ച ഇവർ കോൺഗ്രസ്, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ്. 2020-ൽ അമരീന്ദർ സിങ്ങിന്റേയും പ്രണീത് കൗറിന്റേയും മകനായ രണീന്ദർ സിങ് വിദേശനാണ്യവിനിമയച്ചട്ടവുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി. നിഴലിലായിരുന്നു. ജ്യോതി മിർധ, കൃപാശങ്കർ സിങ്, തപസ് റോയ്, ഗീത കോഡ, കോതപ്പള്ളി ഗീത, യാമിനി ജാദവ്, രവീന്ദ്ര വൈക്കർ, പ്രദീപ് യാദവ് എന്നിവരും തോറ്റു.
കേസിന് പിന്നാലെ മറുകണ്ടംചാടിയിട്ടും വിജയിച്ചവരിൽ പ്രമുഖൻ നവീൻ ജിൻഡാലാണ്. ഇ.ഡി. റെയ്ഡിന് പിന്നാലെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഇദ്ദേഹം, കുരുക്ഷത്രയിൽ ഇന്ത്യ സഖ്യത്തിന്റെ എ.എ.പി. സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് ലോക്സഭയിൽ എത്തുന്നത്.