- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തരവും ധനവും വിദേശകാര്യവും പ്രതിരോധവുമടക്കം ബിജെപി വിട്ടുകൊടുക്കില്ല
ന്യൂഡൽഹി: മൂന്നാം എൻ.ഡി.എ. സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾക്കിടെ മന്ത്രിസ്ഥാനങ്ങൾക്കായി ഘടകകക്ഷികൾ വിലപേശൽ നടക്കുമ്പോഴും സുപ്രധാന വകുപ്പുകൾ ബിജെപി. വിട്ടുനൽകിയേക്കില്ലെന്ന് സൂചന. പ്രതിരോധം, ധനം, ആഭ്യന്തരം, വിദേശകാര്യം, റെയിൽവേ, ഗതാഗതം എന്നീ വകുപ്പുകളിൽ ബിജെപി. വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കില്ല. സ്പീക്കർ പദവിക്കായുള്ള സഖ്യകക്ഷികളുടെ ആവശ്യവും ബിജെപി. അംഗീകരിച്ചേക്കില്ല.
എൻഡിഎ പാർലമെന്ററി പാർട്ടി യോഗം നാളെ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുക്കാനിരിക്കെ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് ചൂടേറിയ ചർച്ചകളാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്. പ്രധാന മന്ത്രാലയങ്ങൾ കൈവശം വച്ച് തെലുങ്കുദേശത്തിന് മൂന്നു ക്യാബിനറ്റ് മന്ത്രി പദവിയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ജെഡിയുവിന് മൂന്നു ക്യാബിനറ്റ് മന്ത്രി പദവിയും ഒരു സഹമന്ത്രി സ്ഥാനവും നൽകാൻ തയാറാണെന്ന് ബിജെപി അറിയിച്ചു. ഇരു പാർട്ടികളും പ്രതികരിച്ചിട്ടില്ല.
നാളെ പാർലമെന്ററി പാർട്ടി യോഗത്തിൽ വകുപ്പുകൾ സംബന്ധിച്ചു ധാരണയാകുമെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. പാർലമെന്റിലാണ് എൻഡിഎ എംപിമാരുടെ യോഗം ചേരുന്നത്. അതിനു ശേഷം രാഷ്ട്രപതിയെ സന്ദർശിച്ച് മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദമുന്നയിക്കും.
സത്യപ്രതിജ്ഞ ചിലപ്പോൾ ഞായറാഴ്ച നടന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. നേരത്തേ ശനിയാഴ്ച നടത്തുമെന്നായിരുന്നു അറിയിപ്പ്. ഛത്രപതി ശിവജി ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350ാം വാർഷികത്തോടനുബന്ധിച്ച് സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തേ ബിജെപി തീരുമാനിച്ചിരുന്നത്. എന്നാൽ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ മന്ത്രിപദവികൾ സംബന്ധിച്ചു ധാരണയിലെത്തേണ്ടതുമുണ്ട്. ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം, ധനം, റെയിൽവേ, ഐടി തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങൾ വിട്ടു കൊടുക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചതായാണ് വിവരം.
അഞ്ച് ക്യാബിനറ്റ് പദവി, സഹമന്ത്രി സ്ഥാനങ്ങളും സ്പീക്കർ സ്ഥാനവുമാണ് 16 അംഗങ്ങളുള്ള ടിഡിപിയുടെ ആവശ്യം. ആന്ധ്രയ്ക്കു പ്രത്യേക പാക്കേജും പദവിയും വേണം. റെയിൽവേ, പ്രതിരോധം, കൃഷി, ഗ്രാമവികസനം എന്നിവയാണ് ജെഡിയുവിന്റെ ആവശ്യം. അതിനു പുറമേ ഭരണം പൊതു മിനിമം പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്നും രാജ്യവ്യാപക ജാതിസെൻസസ് നടപ്പാക്കുക, അഗ്‌നിപഥ് പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങളും ജെഡിയു ഉന്നയിച്ചിട്ടുണ്ട്.
ഏക വ്യക്തി നിയമം നടപ്പാക്കുന്നത് ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കണം. അതേസമയം, എൻഡിഎയ്ക്കുള്ള പിന്തുണ നിരുപാധികമാണെന്നും ജെഡിയു നേതാവ് നിതീഷ് കുമാർ വ്യക്താക്കി. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വരെ നിതീഷ് ഡൽഹിയിൽ തുടരും. മറ്റു ഘടകകക്ഷികളും അവരവരുടെ സീറ്റിനനുസരിച്ചുള്ള സ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനാറ് എംപിമാരുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും 12 പ്രതിനിധികളുള്ള നിതീഷ് കുമാറിന്റെ ജെ.ഡി.യുവും സ്പീക്കർ സ്ഥാനം ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബിജെപി. വലിയ ഒറ്റകക്ഷിയായിരുന്ന 2014-ലും 2019-ലും സഖ്യകക്ഷികൾക്ക് പ്രധാനവകുപ്പുകൾ ഒന്നും നൽകിയിരുന്നില്ല. എന്നാൽ, കേവലഭൂരിപക്ഷം കടക്കാൻ സഖ്യകക്ഷികളെ കൂട്ടുപിടിക്കേണ്ടിവരുന്ന ഇത്തവണ കാര്യങ്ങൾ അങ്ങനെയായേക്കില്ല.
ഘടകക്ഷികളെ ഒപ്പം നിർത്താൻ അവരുടെ ആവശ്യങ്ങളും പരിഗണിക്കേണ്ടിവരുന്നതിനാൽ മൂന്നാം മോദി സർക്കാരിൽ ബിജെപി. മന്ത്രിമാരുടെ എണ്ണം കുറയ്ക്കേണ്ടിവരും. എന്നിരുന്നാലും പ്രധാനവകുപ്പുകളിൽ വിട്ടുവീഴ്ച വേണ്ടെന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പ്രധാനവകുപ്പുകൾക്ക് ദരിദ്ര- സ്ത്രീ- യുവ വോട്ടർമാരെ ലക്ഷ്യമിട്ട് പദ്ധതികൾ നടപ്പാക്കേണ്ട അടിസ്ഥാനസൗകര്യ വികസനം, ക്ഷേമം, യുവജനകാര്യം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്ന വകുപ്പുകൾ ബിജെപി. കൈവശം വെക്കാനാണ് സാധ്യത.
ഒന്നും രണ്ടും മോദി സർക്കാർ റെയിൽവേ, റോഡ് ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് പദ്ധതിയിട്ടിരുന്നു. ഇതിനെ പിന്നോട്ടുവലിക്കുന്ന സാഹചര്യം പുതിയ മന്ത്രിസഭയുടെ കാലത്ത് ഉണ്ടാവരുതെന്ന് ബിജെപിക്ക് താത്പര്യമുണ്ട്. പഞ്ചായത്തീരാജ്, ഗ്രാമീണ വികസന വകുപ്പുകൾ ജെ.ഡി.യുവിനും വ്യോമയാന- സീറ്റീൽ വകുപ്പുകൾ ടി.ഡി.പിക്കും നൽകാൻ നിലവിൽ ബിജെപി. സന്നദ്ധമാണെന്നാണ് വിവരം.
ഹെവി ഇൻഡസ്ട്രീസ് വകുപ്പ് ശിവസേനയ്ക്കും നൽകിയേക്കും. ധനം പ്രതിരോധം വകുപ്പുകളിൽ സഹമന്ത്രിസ്ഥാനവും നൽകാമെന്നാണ് ധാരണ. ടൂറിസം, എം.എസ്.എം.ഇ, നൈപുണ്യ വികസനം, ശാസ്ത്ര- സാങ്കേതികം, എർത്ത് സയൻസ്, സാമൂഹിക നീതി വകുപ്പുകളും സഖ്യകക്ഷികൾക്ക് നൽകാൻ തയ്യാറായേക്കും. സ്പീക്കർ പദവി എന്ന ആവശ്യത്തിൽ ചന്ദ്രബാബു നായിഡു ഉറച്ചു നിന്നാൽ ഡെപ്യൂട്ടി സ്പീക്കർ പദവി നൽകി തൃപ്തിപ്പെടുത്താനും നീക്കമുണ്ട്.