- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രതിപക്ഷത്തിനേറ്റ പരാജയത്തിൽനിന്ന് രാഹുലിന് ഇതുവരെ പുറത്തുവരാനായിട്ടില്ല'
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിർമലാ സീതാരാമനും തിരഞ്ഞെടുപ്പ് കാലത്ത് ഓഹരി വിപണിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി മുതിർന്ന ബിജെപി നേതാവ് പീയുഷ് ഗോയൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം താങ്ങാൻ കഴിയാത്തതുകൊണ്ടാണ് രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നായിരുന്നു പീയുഷ് ഗോയലിന്റെ പ്രതികരണം. ഓഹരി വിപണിയിൽ ബിജെപി നേതാക്കൾ കൃത്രിമം കാണിക്കാൻ ശ്രമിച്ചുവെന്നും ഇത് ഓഹരി കുംഭകോണമാണെന്നുമായിരുന്നു രാഹുലിന്റെ ആരോപണം.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽനിന്ന് ഇനിയും പുറത്തുവരാൻ കഴിയാത്ത രാഹുൽ, വിപണിയിലെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാൻ ഗൂഢാലോചന നടത്തുകയാണ്. ഇന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. മോദി സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷ കാലയളവിൽ ആദ്യമായി വിപണി മൂല്യം അഞ്ച് ട്രില്യൺ ഡോളർ കടന്നു. ഇന്ത്യയുടെ ഇക്വിറ്റി മാർക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളുടെ വിപണി മൂലധനത്തിലേക്ക് പ്രവേശിച്ചു. മോദി സർക്കാരിന് കീഴിൽ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണി മൂലധനം നാലുമടങ്ങ് വർധിച്ചെന്നും പിയൂഷ് ഗോയൽ അവകാശപ്പെട്ടു.
"ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനേറ്റ പരാജയത്തിൽനിന്ന് രാഹുലിന് ഇതുവരെ പുറത്തുവരാനായിട്ടില്ല. നിക്ഷേപകരെ കബളിപ്പിക്കാനാണ് രാഹുൽ ഇപ്പോൾ ശ്രമിക്കുന്നത്. ലോകത്തിലെ അഞ്ചാമത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരിക്കുകയാണ്. വലിയ വളർച്ചയുള്ള സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ലോകം തന്നെ അംഗീകരിക്കുന്നു. മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്" പീയുഷ് ഗോയൽ പറഞ്ഞു.
നിക്ഷേപകരെ വഴിതെറ്റിക്കുന്നതിനായി രാഹുൽ തന്ത്രങ്ങൾ മെനയുകയാണെന്നും പീയുഷ് ഗോയൽ കുറ്റപ്പെടുത്തി. എക്‌സിറ്റ് പോൾ വന്നപ്പോൾ വിദേശ നിക്ഷേപകർ ഉയർന്ന വിലയ്ക്ക് ഓഹരികൾ വാങ്ങുകയും വിപണി ഇടിഞ്ഞപ്പോൾ അവർ കുറഞ്ഞ വിലയ്ക്കു വിൽക്കുകയുമാണുണ്ടായത്. ഇന്ത്യൻ നിക്ഷേപകർ തന്നെ ലാഭത്തിന് അവ വാങ്ങിയെന്നും വിദേശ നിക്ഷേപകർക്കാണു നഷ്ടമുണ്ടായതെന്നു പിയൂഷ് ഗോയൽ പറഞ്ഞു. 6850 കോടി രൂപയുടെ ലാഭമാണു നിക്ഷേപകർക്കുണ്ടായതെന്നു ഗോയൽ അവകാശപ്പെട്ടു. ഇന്ത്യാമുന്നണിക്കു സീറ്റ് കൂടിയപ്പോഴാണു വിപണി ഇടിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.