- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപിയുടെ വിജയത്തെ എടുത്തുപറഞ്ഞ് നരേന്ദ്ര മോദി
ന്യൂഡൽഹി: എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ കേരളത്തെയും സുരേഷ് ഗോപിയുടെ വിജയത്തെയും പ്രത്യേകം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരിക്കുന്നത് യുഡിഎഫ് ആയാലും എൽഡിഎഫ് ആയാലും ബിജെപി പ്രവർത്തകർ കേരളത്തിൽ നേരിടേണ്ടി വന്നത് വലിയ ക്രൂരതകളാണ്. ജമ്മു കശ്മീരിൽ പോലും ഇത്രയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്ന് എൻഡിഎ എംപിയെ ഇത്തവണ നമുക്ക് കിട്ടി. എവിടെയും വിജയസാധ്യതയുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹം കഠിന പരിശ്രമത്തിലൂടെ ഇന്ന് പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി എംപിയായെന്നും സുരേഷ് ഗോപിയുടെ പേരു പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.
ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെഡിക്കെതിരെ ബിജെപി നേടിയ അട്ടിമറി വിജയവും മോദി പരാമർശിച്ചു. വരാനിരിക്കുന്ന 25 വർഷം ഒഡിഷയിൽ ഡബിൾ എഞ്ചിൻ സർക്കാരായിരിക്കും പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് എൻഡിഎ സർക്കാരിന്റെ ലക്ഷ്യമെന്നും നരേന്ദ്ര മോദി പറഞ്ഞു. മൂന്നാം വട്ടവും നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എൻഡിഎ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന യോഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
വികസിത ഭാരതമെന്ന സ്വപ്നം യാഥാർത്ഥ്യമാകും. രാജ്യമാണ് ഒന്നാമത് എന്ന മൂല്യബോധത്തിലാണ് എൻഡിഎ പ്രവർത്തിക്കുന്നത്. ദക്ഷിണ ഭാരതത്തിൽ വൻ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാൻ എൻഡിഎയ്ക്ക് കഴിഞ്ഞു. തമിഴ്‌നാട്ടിലും എൻഡിഎ ശക്തമായെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലാണ് എൻഡിഎ യോഗം ചേർന്നത്. ഏകകണ്ഠേനെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ ഏറെ ഭാഗ്യവാനാണെന്ന് മോദി പറഞ്ഞു. രാജ്യം ഭരിക്കാൻ സമവായം ആവശ്യമാണെന്നും യോഗത്തിൽ സംസാരിക്കവെ മോദി പറഞ്ഞു.
യോഗത്തിന് എത്തിച്ചേർന്ന ഘടകക്ഷി നേതാക്കളോടും തിരഞ്ഞെടുക്കപ്പെട്ട എംപിമാരോടും നന്ദി പറയുന്നുവെന്ന് മോദി പറഞ്ഞു. ഇത്രയും വലിയ സംഘത്തെ വരവേൽക്കാൻ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്. വിജയിച്ചവരെല്ലാം അഭിനന്ദനം അർഹിക്കുന്നു. രാവും പകലും അധ്വാനിച്ച പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. എൻ.ഡി.എ സഖ്യം ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
'നിങ്ങൾ നൽകിയ പുതിയ ഉത്തരവാദിത്തത്തിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. 2019-ൽ സമാനമായ അവസരത്തിലും ഞാൻ സംസാരിച്ചത് വിശ്വാസത്തെക്കുറിച്ചാണ്. ഇതേ വിശ്വാസത്തെക്കുറിച്ചാണ് ഇപ്പോഴും സംസാരിക്കുന്നത്.പാർലമെന്റിൽ എല്ലാ പാർട്ടികളുടേയും നേതാക്കൾ തുല്യരാണ്. അതിനാലാണ് കഴിഞ്ഞ 30 വർഷമായി എൻ.ഡി.എ. സഖ്യം ശക്തമായി മുന്നോട്ട് പോകുന്നത്. ജൂൺ നാലിന് ഫലം വരുമ്പോൾ ജോലിത്തിരക്കിലായിരുന്നു. പിന്നീട് വിളിച്ചവരോട് വോട്ടെണ്ണൽ യന്ത്രം ജീവനയോടെയുണ്ടോ എന്നാണ് ചോദിച്ചത്.
ഇന്ത്യയുടെ ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലും ജനങ്ങൾ വിശ്വസിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നു. അവർ തുടർച്ചയായി ഇ.വി.എമ്മിനെതിരേ സംസാരിച്ചുകൊണ്ടിരുന്നു. ജൂൺ നാലിന് ഇതെല്ലാം അവസാനിച്ചു. അഞ്ച് വർഷത്തേക്ക് ഇ.വി.എമ്മിനെക്കുറിച്ച് കേൾക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നു', പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ ഇത് എൻ.ഡി.എ.യുടെ മഹാവിജയമാണ് ലോകം വിശ്വസിക്കുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസം എങ്ങിനെയാണ് കടന്നുപോയതെന്ന് നിങ്ങൾ കണ്ടതാണ്. എൻ.ഡി.എ. തോറ്റുപോയെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. പ്രവർത്തകരുടെ മനോവീര്യം ഉയർത്തുന്നതിനായി അവർക്ക് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കേണ്ടി വരുന്നു. കണക്കുകൾ പരിശോധിക്കുമ്പോൾ, രാജ്യത്തിലെ ഏറ്റവും ശക്തമായ സഖ്യകക്ഷിസർക്കാർ ഇതായിരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.