ന്യൂഡൽഹി: ബിജെപിക്ക് സഖ്യകക്ഷികളുമായി ഉള്ളത് ഉലയാത്ത ബന്ധമാണെന്നും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യമാണ് എൻ.ഡി.എ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ എന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ ജയമാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ അന്തസത്തയാണ് സഖ്യം ഉയർത്തിപ്പിടിക്കുന്നത്. വൈകാരികമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. സർക്കാർ രൂപീകരണത്തിന് മുന്നോടിയായി പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന എൻഡിഎ സഖ്യത്തിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

ഒരു പതിറ്റാണ്ടുകഴിഞ്ഞാലും കോൺഗ്രസിന് 100 സീറ്റ് തികയ്ക്കാനാകില്ലെന്നും മോദി പറഞ്ഞു. ഇന്ത്യ സഖ്യം വേഗത്തിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യമാണ് എൻ.ഡി.എ എന്നും മോദി അവകാശപ്പെട്ടു. ഞങ്ങൾ പരാജയപ്പെട്ടിട്ടില്ല. വിജയത്തിൽ ഉന്മത്തരാവുകയോ പരാജയപ്പെട്ടവരെ പരിഹസിക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് ഞങ്ങളുടെ മൂല്യം. തോറ്റവരെ പരിഹസിക്കുന്ന വൈകൃതം ഞങ്ങൾക്കില്ല, മോദി പറഞ്ഞു.

മത്സരാധിഷ്ഠിതവും സഹകരണത്തിലൂന്നിയതുമായി ഫെഡറലിസത്തിലാണ് തങ്ങളുടെ സർക്കാർ വിശ്വസിക്കുന്നതെന്ന് മോദി പറഞ്ഞു. പാവപ്പെട്ടവരെയും മധ്യവർഗത്തെയും ശാക്തീകരിക്കുക എന്നതിനാണ് പ്രാമുഖ്യം. ജനങ്ങളുടെ ക്ഷേമവും ജീവിത നിലവാരവും ഉറപ്പുവരുത്തുന്നത് ഇനിയും തുടരും, 24 മണിക്കൂറും ഞാൻ രാജ്യത്തിനായി പൂർണമായും സമർപ്പിക്കുന്നു, മോദി പറഞ്ഞു.

ഒരു പതിറ്റാണ്ടുകഴിഞ്ഞാലും കോൺഗ്രസ് പാർട്ടിക്ക് 100 സീറ്റ് തികയ്ക്കാനാകില്ലെന്ന് മോദി പരിഹസിച്ചു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് കിട്ടിയ ആകെ സീറ്റുകളുടെ എണ്ണം ഞങ്ങൾക്ക് ഇത്തവണ കിട്ടിയതിനേക്കാൾ കുറവായിരിക്കും. നേരത്തെതന്നെ ഇന്ത്യ സഖ്യം സാവധാനം മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴവർ വളരെ വേഗത്തിൽ മുങ്ങുകയാണ്, മോദി പറഞ്ഞു.

എൻ.ഡി.എ എന്നാൽ അധികാരത്തിനുവേണ്ടി ഒരുമിച്ചുനിൽക്കുന്ന ഒരു പാർട്ടികളുടെ സംഘമല്ലെന്നും 'നേഷൻ ഫസ്റ്റ്' എന്ന ആദർശത്തിൽ പ്രതിബദ്ധതയുള്ളവരുടെ ജൈവികമായ സഖ്യമാണെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും വിജയകരമായ സഖ്യമാണിത്. ഏല്ലാ തീരുമാനങ്ങളിലും ഏകാഭിപ്രായം സാധ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

പാർലമെന്റിൽ എല്ലാ പാർട്ടികളുടേയും നേതാക്കൾ തുല്യരാണ്. അതിനാലാണ് കഴിഞ്ഞ 30 വർഷമായി എൻ.ഡി.എ. സഖ്യം ശക്തമായി മുന്നോട്ട് പോകുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലും ജനങ്ങൾ വിശ്വസിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നു. അവർ തുടർച്ചയായി ഇ.വി.എമ്മിനെതിരേ സംസാരിച്ചുകൊണ്ടിരുന്നു. ജൂൺ നാലിന് ഇതെല്ലാം അവസാനിച്ചു. അഞ്ച് വർഷത്തേക്ക് ഇ.വി.എമ്മിനെക്കുറിച്ച് കേൾക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നു, പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ ഇത് എൻ.ഡി.എ.യുടെ മഹാവിജയമാണ് ലോകം വിശ്വസിക്കുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസം എങ്ങിനെയാണ് കടന്നുപോയതെന്ന് നിങ്ങൾ കണ്ടതാണ്. എൻ.ഡി.എ. തോറ്റുപോയെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. പ്രവർത്തകരുടെ മനോവീര്യം ഉയർത്തുന്നതിനായി അവർക്ക് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കേണ്ടി വരുന്നു. കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തെ ഏറ്റവും ശക്തമായ സഖ്യകക്ഷിസർക്കാർ ഇതായിരിക്കും, മോദി അവകാശപ്പെട്ടു.

കേരളത്തിലെ വിജയത്തെപ്പറ്റിയും മോദി എൻഡിഎ യോഗത്തിൽ പറഞ്ഞു. കേരളത്തിൽ ബിജെപി വിജയിക്കുന്നത് തടയാൻ രണ്ട് മുന്നണികളും പരമാവധി ശ്രമിച്ചു. ജമ്മു കാശ്മീരിലേതിനേക്കാൾ പ്രവർത്തകർ കേരളത്തിൽ ത്യാഗം സഹിച്ചു. തടസങ്ങൾക്കിടയിലും ശ്രമം തുടർന്ന് ഒടുവിൽ വിജയം നേടി. ഇപ്പോൾ ഒരു ലോക്‌സഭാ അംഗത്തെ നമുക്ക് ലഭിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു.

തുടർച്ചയായി മൂന്നാം തവണയായി മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുകയാണ്. ഞായറാഴ്ചയാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ. എൻഡിഎ സഖ്യത്തിന്റെ യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി നിർദേശിച്ചു. മുതിർന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ് ആണ് മോദിയെ എൻഡിഎയുടെ നേതാവായി യോഗത്തിൽ നിർദേശിച്ചത്. തുടർന്ന് കയ്യടികളോടെയാണ് അംഗങ്ങൾ പിന്തുണച്ചത്. അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്‌നാഥ് സിംഗിന്റെ നിർദേശത്തെ പിന്താങ്ങി. തുടർന്ന് കയ്യടികളോടെ മോദിയെ നേതാവായി എൻഡിഎ അംഗങ്ങൾ അംഗീകരിച്ചു. മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തിൽ രാജ്‌നാഥ് സിങ് സംസാരിക്കുകയും ചെയ്തു.

അതേ സമയം സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും വസതികളിലെത്തി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. എൻ.ഡി.എയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ മുന്നണിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇരുവരെയും മോദി സന്ദർശിച്ചത്. എൻ.ഡി.എയുടെയും ലോക്സഭയിലെ ബിജെപിയുടെയും നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോദി, രാഷ്ട്രപതി ദ്രൗപതി മുർമുവിനെക്കണ്ട് സർക്കാർ രൂപവത്കരണത്തിന് ഉടൻ അവകാശവാദം ഉന്നയിക്കും.