മുംബൈ: ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയും നടിയുമായ കങ്കണ റണൗത്തിന് ചണ്ഡിഗഡ് വിമാനത്താവളത്തിൽവെച്ച് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി ശിവ സേന (യുബിടി) എംപി സഞ്ജയ് റാവുത്ത്. കങ്കണയെ മർദിച്ചെന്ന് പറയുന്ന ഓഫീസറുടെ അമ്മ കർഷക സമരത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ മർദിച്ച കാര്യം സത്യമാകാനാണ് സാധ്യതയെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. ചിലർ വോട്ട് തരുന്നു, മറ്റുചിലർ അടിതരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. ഒരു എംപി ഒരിക്കലും ആക്രമിക്കപ്പെടാൻ പാടില്ല, അതുപോലെതന്നെ കർഷകരും ബഹുമാനം അർഹിക്കുന്നുവെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിലേക്ക് പോകുന്നതിനായി വ്യാഴാഴ്ച ചണ്ഡീഗഡ് വിമാനത്താവളത്തിൽ എത്തിയതായിരുന്നു കങ്കണ. ഇവിടെ സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥയായ കുൽവിന്ദർ കൗർ മുഖത്തടിച്ചു എന്നായിരുന്നു കങ്കണയുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇതിനുപിന്നാലെയാണ് സംഭവത്തിൽ പ്രതികരണവുമായി സഞ്ജയ് റാവുത്ത് രംഗത്തെത്തിയത്. ചില മനുഷ്യർ വോട്ട് തരും, മറ്റുചിലർ അടിതരും. ശരിക്കും എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. തന്റെ അമ്മയും കർഷക സമരത്തിൽ പങ്കെടുത്തിരുന്നെന്ന് ആ സിഐഎസ്എഫ് ഉദ്യോഗസ്ഥ പറഞ്ഞിട്ടുണ്ടെങ്കിൽ, മർദനമേറ്റ കാര്യം സത്യമാവാനാണ് സാധ്യത. ആ ഉദ്യോഗസ്ഥയുടെ അമ്മ കർഷക സമരത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിനെതിരെ സംസാരിച്ചവർക്കെതിരെ അവർക്ക് ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്, സഞ്ജയ് പറഞ്ഞു.

നിയമവാഴ്ചയാണ് നിലനിൽക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയാണെങ്കിൽ പിന്നെ നാം നിയമം കയ്യിലെടുക്കാൻ പാടില്ല. കർഷക സമരത്തിൽ പങ്കെടുത്തവരും ഇന്ത്യയുടെ മക്കളായിരുന്നു. ആരെങ്കിലും ഭാരതമാതാവിനെ അപമാനിച്ചിട്ടുണ്ടെങ്കിൽ, അതിൽ ആരുടെയെങ്കിലും വികാരം മുറിപ്പെട്ടിട്ടുണ്ടെങ്കിൽ അത് ചിന്തിക്കേണ്ട വിഷയമാണ്. കങ്കണയുടെ കാര്യത്തിൽ എനിക്ക് വിഷമമുണ്ട്. അവരിപ്പോൾ ഒരു എംപിയാണ്. ഒരു എംപി ഒരിക്കലും ആക്രമിക്കപ്പെടാൻ പാടില്ല, അതുപോലെതന്നെ കർഷകരും ബഹുമാനം അർഹിക്കുന്നു, സഞ്ജയ് പറഞ്ഞു.

സംഭവത്തിനുപിന്നാലെ സിഐഎസ്എഫ് ഉദ്യോഗസ്ഥയായ കുൽവിന്ദർ കൗറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സിആർപിഎഫ് വ്യക്തമാക്കിയിരുന്നു. സമരംചെയ്യുന്ന കർഷകരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയതിനാണ് താൻ കങ്കണയെ മർദിച്ചതെന്ന് കൗർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിനുപിന്നാലെ കൗറിന് പിന്തുണയുമായി കർഷകസംഘടനകളും രംഗത്തുവന്നു. കർഷകസമരത്തിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾ പണത്തിനുവേണ്ടിയാണ് വന്നതെന്ന കങ്കണയുടെ മുൻപ്രസ്താവന അംഗീകരിക്കാൻ കഴിയാത്തതാണെന്ന് കർഷക സംഘനാ നേതാക്കൾ പറഞ്ഞു. അതേസമയം, പഞ്ചാബിൽ ഉയർന്നുവരുന്ന ഭീകരവാദത്തിൽ ആശങ്കയുണ്ടെന്നാണ് ഡൽഹിയിൽ എത്തിയ ശേഷം കങ്കണ പ്രതികരിച്ചത്.