ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കനത്ത തിരിച്ചടിയെന്നും നരേന്ദ്ര മോദിയുടെ മുഖത്തേറ്റ അടിയാണെന്നും സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ ധനമന്ത്രി നിർമല സീതാരാമന്റെ പങ്കാളിയും ബിജെപിയുടെ കടുത്ത വിമർശകനുമായ പരകാല പ്രഭാകർ. മോദിക്കും ബിജെപിക്കുമേറ്റ അടിയാണ് തെരഞ്ഞെടുപ്പ് ഫലം. മോദി ചെയ്യുന്നത് ഇഷ്ടമല്ലെന്ന് ഇന്ത്യയിലെ ജനങ്ങൾ വ്യക്തമായി പറഞ്ഞിരിക്കുകയാണ്. ഇത് മോദിക്കുള്ള സന്ദേശമാണെന്നും പ്രഭാകർ പറഞ്ഞു. ദ വയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

മോദി സർക്കാർ വിശ്വാസവോട്ടെടുപ്പിനെ അതിജീവിക്കുമോയെന്നതിലും തനിക്ക് സംശയമുണ്ട്. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ പ്രധാനമന്ത്രിയെ മാറ്റുമെന്നാണ് തനിക്ക് തോന്നുന്നത്. സ്വന്തം പാർട്ടിക്കുള്ളിലെ സമ്മർദമോ ആർ.എസ്.എസിന്റെ തീരുമാനപ്രകാരമോ പ്രധാനമന്ത്രിയെ മാറ്റാം. നിതീഷ് കുമാറോ ചന്ദ്രബാബു നായിഡുവോ മുന്നണി വിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാഹചര്യത്തിൽ തന്റെ ശൈലിയിൽ മാറ്റംവരുത്താൻ മോദിക്ക് സാധിക്കില്ല. രാഷ്ട്രീയ പ്രവർത്തനരീതി, സ്വഭാവം, വ്യക്തിത്വം എന്നിവയിൽ സമഗ്രമായ മാറ്റം വരുത്താൻ മോദിക്ക് ഒരിക്കലും സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പരകാല പ്രഭാകർ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 200-220 സീറ്റുകൾ വരെ മാത്രമേ ലഭിക്കൂവെന്നായിരുന്നു ഫലം പുറത്തുവരുന്നതിന് മുമ്പ് പരകാല പ്രഭാകർ പറഞ്ഞത്. എൻഡിഎക്ക് 272 സീറ്റുകളിൽ താഴെ മാത്രമേ നേടാനാകൂവെന്നും ദി വയറിന് വേണ്ടി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിൽ പ്രഭാകർ വ്യക്തമാക്കിയിരുന്നു.

ബിജെപി മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെങ്കിൽ നരേന്ദ്ര മോദിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ലോകചരിത്രം നോക്കുകയാണെങ്കിൽ മിക്കവാറും എല്ലാ സ്വേച്ഛാധിപതികളും കൈവിലങ്ങുകളിലോ ശവപ്പെട്ടികളിലോ അവസാനിക്കുന്നു എന്നായിരുന്നു പരകാല പ്രഭാകറിന്റെ മറുപടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പിറ്റേന്ന് ജൂൺ 5ന് തന്നെ ബിജെപി ഇതര സർക്കാർ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രഭാകർ പറഞ്ഞിരുന്നു.

കഴിഞ്ഞ തവണ ഒറ്റക്ക് ഭൂരിപക്ഷം നേടിയ ബിജെപിക്ക് ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. 240 സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റേയും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടേയും പിന്തുണയില്ലാതെ മോദിക്ക് ഭരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.