അഹമ്മദാബാദ്: മൂന്നാം നരേന്ദ്ര മോദി സർക്കാർ രൂപീകരണത്തിനുള്ള ഒരുക്കങ്ങൾ രാജ്യതലസ്ഥാനത്ത് പുരോഗമിക്കവെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രതികരണവുമായി മുൻ ഉപരാഷ്ട്രപതിയും മുതിർന്ന ബിജെപി നേതാവുമായ വെങ്കയ്യ നായിഡു. തിരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തിയ ലക്ഷക്കണത്തിന് ജനങ്ങൾ മേൽത്തട്ടുമുതൽ താഴേത്തട്ടുവരെയുള്ള എല്ലാവർക്കുമുള്ള സന്ദേശമാണ് നൽകിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെന്റ് വിദ്യാർത്ഥികളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണെന്ന് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും തെളിയിക്കപ്പെട്ടു. വോട്ടുചെയ്ത ലക്ഷക്കണക്കിന് പേര് അവർ ആഗ്രഹിച്ച മാറ്റം സമാധാനപരമായി സാധ്യമാക്കി. മേൽത്തട്ടുമുതൽ താഴെത്തട്ടുവരെയുള്ള എല്ലാവർക്കുമുള്ള സന്ദേശമാണ് അവർ നൽകിയത്. തെരഞ്ഞെടുപ്പ് ഫലം ഒരു സന്ദേശം ഉൾക്കൊള്ളുന്നതാണ്. അത് എല്ലാവരും മനസിലാക്കിയെന്ന് കരുതുന്നു - ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കവ വെങ്കയ്യ പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്യാം. അത് വലിയ കാര്യമല്ല. എന്നാൽ മൂല്യങ്ങൾ, താഴേക്കിടയിലുള്ളവർക്ക് വേണ്ടിനടത്തുന്ന പ്രവർത്തനം, അടിച്ചമർത്തപ്പെട്ടവർക്കും ദുരിതം അനുഭവിക്കുന്നവർക്കും നൽകുന്ന പരിഗണന എന്നിവയൊക്കെ പ്രധാനമാണ്. പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ സംരക്ഷിക്കാൻ മഹാത്മാഗാന്ധിയും അംബേദ്കറും നടത്തിയ ശ്രമങ്ങൾക്കാണ് മനസിൽ മുഖ്യപരിഗണന ഉണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും ജനപ്രിയനാണ്. മൂന്നാം തവണയും അധികാരത്തിലെത്തുക എന്നത് തമാശയല്ല. രാഷ്ട്രീയകാര്യങ്ങളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ലോകം ഇന്ത്യയെ അംഗീകരിക്കാനും ബഹുമാനിക്കാനും തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യക്കാർ ചെയ്യുന്ന കഠിനാധ്വാനമാണ് അതിനടിസ്ഥാനം. പല ബഹുരാഷ്ട്ര കമ്പനികളുടെയും തലവന്മാർ ഇന്ന് ഇന്ത്യക്കാരാണ്.

അഴിമതിയും ദാരിദ്ര്യവും കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് നിസംശയം പറയാം. എന്നാൽ ദാരിദ്ര്യ നിർമ്മാർജനം, സംഘർഷങ്ങൾ കുറയ്ക്കൽ, ഗ്രാമ - നഗര വ്യത്യാസം ഇല്ലാതാക്കൽ എന്നിവയ്ക്കുവേണ്ടി ഇനിയും കഠിനമായ പരിശ്രമം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.