- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയാകാൻ രാംമോഹൻ നായിഡു
ന്യൂഡൽഹി: മൂന്നാമൂഴത്തിൽ നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയാകാൻ തെലുങ്ക് ദേശം പാർട്ടിയുടെ നിയുക്ത എംപിയായ രാംമോഹൻ നായിഡു. 36 കാരനായ രാംമോഹൻ ഇത് മൂന്നാം വട്ടമാണ് ആന്ധ്രപ്രദേശിലെ ശ്രീകാകുളം ലോക്സഭാ മണ്ഡലത്തിൽ നിന്നും പാർലമെന്റിലെത്തുന്നത്. ആന്ധ്രപ്രദേശുകാരുടെ യേരണ്ണയെന്ന യേരൻ നായിഡുവിന്റെ മകനാണ് രാംമോഹൻ നായിഡു.
വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ തിലക് പേരദയെ 3 .2 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാംമോഹൻ തോൽപ്പിച്ചത്. മെയ് 3 നാണ് ആന്ധ്രാപ്രദേശിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. മുൻ കേന്ദ്രമന്ത്രി കൂടിയായ അച്ഛന്റെ മരണശേഷം 2012 ലാണ് രാംമോഹൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.
26 ആം വയസ്സിൽ ശ്രീകാകുളത്തുനിന്ന് മത്സരിച്ച് ലോക്‌സഭയിലെത്തി. അച്ഛനെ പോലെ മകനും ചുരുങ്ങിയ കാലം കൊണ്ട് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബുനായിഡുവിന്റെ വിശ്വസ്തനായി മാറി. പതിനാറാം ലോക്‌സഭയിൽ കൃഷി, മൃഗസംരക്ഷണം, റെയിൽവേ, ടൂറിസം, പിന്നാക്ക വിഭാഗ ക്ഷേമം എന്നീ വകുപ്പുകളുടെ സ്റ്റാന്റിങ് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
എംപി എന്നനിലയിൽ 2020 ൽ മികച്ച പ്രവർത്തനങ്ങൾക്കുള്ള സൻസദ് രത്‌ന അവാർഡ് രാംമോഹന് ലഭിച്ചിട്ടുണ്ട്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് 2021 ലെ ബജറ്റ് സെഷനുകളിൽ നിന്നും പിതൃത്വ അവധിയെടുക്കാനുള്ള അദ്ദേത്തിന്റെ തീരുമാനം ലിംഗസമത്വത്തെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള ആരോഗ്യപരമായ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പാർലമെന്റിൽ ആർത്തവ ആരോഗ്യത്തിനും ലൈംഗിക വിദ്യാഭ്യാസത്തിനും വേണ്ടി വാദിച്ച ആദ്യ എംപിമാരിൽ ഒരാളാണ് അദ്ദേഹം. മാത്രമല്ല സാനിറ്ററി നാപ്കിനുകളുടെ ജിഎസ്ടി ഒഴിവാക്കുന്നതിനായി സജീവമായ പ്രവർത്തനം നടത്തിയിരുന്നു.