- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവീൻ പട്നായിക്കിന്റെ പതനത്തിന് പിന്നാലെ രാഷ്ട്രീയം അവസാനിപ്പിച്ച് വി കെ പാണ്ഡ്യൻ
ഭുവനേശ്വർ: നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഒഡിഷയിൽ ബിജു ജനതാദൾ തകർന്നടിഞ്ഞതിനു പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് നവീൻ പട്നായിക്കിന്റെ അടുത്ത അനുയായി വി കെ പാണ്ഡ്യൻ. സിവിൽ സർവീസിൽ നിന്ന് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ വി കെ പാണ്ഡ്യനെ പിൻഗാമിയാക്കാനുള്ള നവീൻ പട്നായിക്കിന്റെ തീരുമാനമാണ് ബിജെഡിക്ക് വലിയ തിരിച്ചടി നേരിട്ടതെന്ന വിമർശനത്തിന് പിന്നാലെയാണ് പാണ്ഡ്യന്റെ പ്രഖ്യാപനം.
നവീൻ ബാബുവിനെ സഹായിക്കുക എന്നത് മാത്രമായിരുന്നു രാഷ്ട്രീയത്തിൽ ചേരുമ്പോൾ തന്റെ ഉദ്ദേശ്യമെന്നും ഇപ്പോൾ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പാണ്ഡ്യൻ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ താൻ സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുന്നുവെന്നും പാണ്ഡ്യൻ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് പാണ്ഡ്യൻ സിവിൽ സർവീസ് ഉപേക്ഷിച്ച് ബി.ജെ.ഡിയിൽ ചേർന്നത്. ഒഡിഷയിലെ ചെറിയ ഗ്രാമത്തിൽ ജനിച്ച തന്റെ കുട്ടിക്കാലം മുതലേയുള്ള സ്വപ്നമായിരുന്നു സിവിൽ സർവീസ് അന്ന് ഒരിക്കൽ പാണ്ഡ്യൻ പറഞ്ഞിരുന്നു. ഒഡീഷയിലെ ജനങ്ങൾക്കായി നന്നായി സേവനമനുഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
"എന്റെ ഗുരുവാണ് നവീൻ പട്നായിക്ക്. ഇത്രയുംകാലം പ്രവർത്തിച്ചത് ഒഡിഷയിലെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ്. എന്റെ ഏകലക്ഷ്യം നവീൻ പട്നായിക്കിനെ സഹായിക്കുക എന്നതു മാത്രമായിരുന്നു. ഏതൊരാളും ആഗ്രഹിക്കുന്നതുപോലെ, എന്റെ ഗുരുവിനെ സഹായിക്കുക എന്നതായിരുന്നു ആഗ്രഹം.
"എന്നാൽ, മറ്റു ചിലർ എനിക്കെതിരെ തെറ്റായ ആരോപണങ്ങൾ അഴിച്ചുവിട്ടു. എനിക്കെതിരെ ഉയർന്ന രാഷ്ട്രീയ ആരോപണങ്ങളെ ചെറുക്കാൻ സാധിച്ചില്ല. ഒരു പ്രത്യേക പദവി ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത്. എനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്ത് മാത്രമാണുള്ളത്. സ്വന്തമായി ഒന്നും സമ്പാദിച്ചിട്ടില്ല. ഞാൻ മൂലം പാർട്ടിക്കും പ്രവർത്തകർക്കുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നു." വിഡിയോ സന്ദേശത്തിൽ വി.കെ. പാണ്ഡ്യൻ പറഞ്ഞു.
147 അംഗ ഒഡീഷ നിയമസഭയിൽ ബിജെപിക്ക് 78 സീറ്റാണ് ലഭിച്ചത്. ബിജെഡി 51 സീറ്റിലൊതുങ്ങി. കോൺഗ്രസിനു പതിനാലും സിപിഎമ്മിനു ഒരു സീറ്റും ലഭിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെഡിക്ക് ഒരു സീറ്റും നേടാനായില്ല. 20 സീറ്റ് ബിജെപിയും ഒരു സീറ്റ് കോൺഗ്രസും നേടി.
തിരഞ്ഞെടുപ്പിനു മുന്നോടിയായി വി.കെ പാണ്ഡ്യനെ ലക്ഷ്യംവച്ചുള്ള പ്രചാരണമാണ് ബിജെപി നടത്തിയത്. പാണ്ഡ്യൻ നവീൻ പട്നായിക്കിനെ വീട്ടുതടങ്കലിലാക്കിയെന്നും ബിജെപി ആരോപിച്ചിരുന്നു. പ്രചാരണം കടുത്തതോടെ, വി.കെ. പാണ്ഡ്യനെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നവീൻ പട്നായിക്ക് രംഗത്തെത്തിയിരുന്നു.
നവീൻ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായ '5 ടി'യുടെ (ടീം വർക്ക്, ടെക്നോളജി, ട്രാൻസ്പരൻസി, ട്രാൻസ്ഫർമേഷൻ, ടൈം ലിമിറ്റ്) സെക്രട്ടറിയായിരിക്കുമ്പോഴാണ് വി കെ പാണ്ഡ്യൻ സ്വയം വിരമിക്കാനുള്ള അപേക്ഷ കേന്ദ്രസർക്കാരിന് നൽകിയത്. വി ആർ എസ് അനുമതി ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം പാണ്ഡ്യനെ ക്യാബിനറ്റ് പദവിയോടെ 5 ടി പദ്ധതിയുടെ ചെയർമാനായി ഒഡിഷ സർക്കാർ നിയമിച്ചു. മുഖ്യമന്ത്രി നവീൻ പട്നായിക്കിന് കീഴിൽ നേരിട്ടായിരുന്നു പാണ്ഡ്യന്റെ നിയമനം.
പിന്നാലെ, ഫെബ്രുവരിയിൽ നടത്തിയ ബിശ്വ ഒഡിയ ഭാഷാ സമ്മിളനി'യുടെ ചുമതലയും പാണ്ഡ്യനാണ് നവീൻ പട്നായിക് നൽകിയത്. ബിഡെജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും വികെ പാണ്ഡ്യൻ നേരിട്ടാണ് നടത്തിയിരുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ പോലും പാണ്ഡ്യന്റെ ഇടപെടലുണ്ടായി. ഇത് മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചു. നിരവധി പേർ പാർട്ടി വിടുകയും ചെയ്തു. പുറത്തുനിന്നുള്ളവർ ഒഡിഷയെ ഭരിക്കേണ്ടെന്ന ബിജെപിയുടെ പ്രചാരണം കൂടിയായപ്പോൾ നവീൻ പട്നായിക്കിന്റെ വീഴ്ച സമ്പൂർണമായി.
തങ്ങളെ അവഗണിച്ചാണ് പാണ്ഡ്യൻ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്നതെന്ന് ബിജെഡിയിലെ പല എംഎൽഎമാരും എംപിമാരും വിമർശനമുന്നയിച്ചിരുന്നു. എന്നാൽ, നവീൻ മാത്രമാണ് പാർട്ടിയുടെ മുഖമെന്നതിനാൽ അദ്ദേഹത്തിന്റെ പ്രതിനിധിയെന്ന നിലയ്ക്കാണ് പാണ്ഡ്യന്റെ പര്യടനത്തെ കാണേണ്ടതെന്ന വിലയിരുത്തലുണ്ടായി. തമിഴ്നാട്ടിൽനിന്നുള്ള പാണ്ഡ്യന്റെ ഭാര്യ സുജാത കാർത്തികേയൻ ഒഡീഷക്കാരിയാണ്. പാണ്ഡ്യനും സുജാതയും ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥരാണ്.