ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക വസതിയിൽ വിളിച്ചുചേർത്ത യോഗത്തിൽ വൈകിയെത്തുന്നത് ഒഴിവാക്കാൻ ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനത്തിൽനിന്ന് ഇറങ്ങിയോടി ബിജെപി നേതാവ്. പഞ്ചാബിൽനിന്ന് കോൺഗ്രസ് വിട്ട് ബിജെപി.യിലെത്തിയ രവ്നീത് സിങ് ബിട്ടുവാണ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ വിളിച്ചുചേർത്ത യോഗത്തിൽ കൃത്യസമയത്ത് എത്തിച്ചേരാനായി വാഹനത്തിൽനിന്നിറങ്ങി ഓടിയത്.

ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെയാണ് ഒട്ടുംസമയം പാഴാക്കാതെ ബിട്ടു വാഹനത്തിൽനിന്ന് പുറത്തിറങ്ങിയത്. ബിട്ടു ഓടിയെത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. യോഗത്തിൽ നിരവധി നേതാക്കൾ വരുന്നുണ്ടെന്നും ഒരാളും വൈകാൻ പാടില്ലെന്നും അതിനാൽ തിരക്കിൽ കാത്തുനിൽക്കാതെ ഇറങ്ങി ഓടാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബിട്ടു ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

ലുധിയാനയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ബിട്ടുവിന് വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങേണ്ടി വന്നത്. കോൺഗ്രസിന്റെ അമരീന്ദർ സിങ് രാജ വാറിങ് വൻ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ വിജയിച്ചു. എന്നാൽ, മൂന്നാം മോദി സർക്കാരിലെ മന്ത്രിമാരുടെ പട്ടികയിൽ ബിട്ടുവും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

1995-ൽ അധികാരത്തിലിരിക്കെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ് രവ്നീത് സിങ് ബിട്ടു. 2014 ലും 2019 ലും ലുധിയാനയിൽനിന്നും കോൺഗ്രസ് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബിട്ടു കോൺഗ്രസിന്റെ ലോക്സഭാ വിപ്പ് ആയിരിക്കെയായിരുന്നു ബിജെപിയിൽ ചേരുന്നത്. രാഹുൽഗാന്ധി ഏർപ്പെടുത്തിയ സംഘടനാ തിരഞ്ഞെടുപ്പിലൂടെ ആദ്യമായി ജനാധിപത്യ രീതിയിൽ പഞ്ചാബിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതും ഇദ്ദേഹമായിരുന്നു.