ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രി സ്ഥാനം നൽകാത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എൻസിപി നേതാവ് അജിത് പവാർ എത്തി. ബിജെപിയോട് പിണക്കമില്ലെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. ഇന്നലെ വൈകിയാണ് മന്ത്രിസഭയുടെ ഭാഗമാകണമെന്ന നിർദ്ദേശം ലഭിച്ചത്. കാബിനറ്റ് മന്ത്രിപദത്തിൽ നിന്നും സഹമന്ത്രിയാവുക എന്നത് അംഗീകരിക്കാനാകുന്നതല്ലെന്നും പ്രഫുൽ പട്ടേൽ പ്രതികരിച്ചു.

ഇരു പാർട്ടികൾക്കിടയിലുമുണ്ടായ ആശയക്കുഴപ്പമാണിത്. കുറച്ച് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. കാബിനറ്റ് പദവി എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും കുറച്ചു ദിവസം കാത്തിരിക്കാമെന്നും ബിജെപിയെ അറിയിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേൽ സഹമന്ത്രിയാവുക എന്നത് അംഗീകരിക്കാനാകുന്നതല്ല എന്നും അജിത് പവാർ പറഞ്ഞു.

മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻസിപി പ്രതീക്ഷിച്ചിരുന്നത്. പ്രഫുൽ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിക്കുന്നതിനാൽ അദ്ദേഹത്തെ പരിഗണിക്കാൻ മോദി തയാറായില്ല.

പാർട്ടിയുടെ ഏക എംപിയും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനിൽ തത്കരയെയും കാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് എൻസിപി പ്രതിഷേധമറിയിച്ച് മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15നാണ് തുടങ്ങുക. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ മാസങ്ങൾ അവശേഷിക്കെ എൻസിപിയെ പിണക്കുന്നത് ബുദ്ധിയല്ലെന്ന നിലപാടും ബിജെപിക്കുള്ളിലുണ്ട്.