ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ. സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് അല്പസമയത്തിനകം ആരംഭിക്കും. രാഷ്ട്രപതിഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികളും എൻ.ഡി.എ. നേതാക്കളും രാഷ്ട്രപതി ഭവനിലെത്തിക്കഴിഞ്ഞു. അമ്പതിലധികം മന്ത്രിമാർ കാബിനറ്റിലുണ്ടാകുമെന്നാണ് സൂചനകൾ. ടി.ഡി.പി, ജെ.ഡി.യു, എൽ.ജെ.പി, തുടങ്ങി എൻ.ഡി.എ.യിലെ പ്രമുഖ ഘടകകക്ഷികൾക്കെല്ലാം മന്ത്രിസ്ഥാനം ലഭിക്കും.

വൈകിട്ട് 7.15 നാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ തുടങ്ങുക. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടി ഡി പിക്ക് 2 ക്യാബിനറ്റ് പദവികളാണ് നൽകിയിരിക്കുന്നത്.

സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർച്ചന അർപ്പിച്ചു. രാഷ്ട്രപതിഭവനിലെ ചടങ്ങിൽ ബിജെപിയുടെയും മറ്റു ഘടകക്ഷികളുടെയും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 2019ൽ പ്രധാനമന്ത്രിക്കൊപ്പം ഘടകക്ഷികളിൽനിന്നുൾപ്പെടെ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ടി.ഡി.പിക്കും ജെ.ഡി.യുവിനും രണ്ടുവീതം മന്ത്രിമാരെയാകും ലഭിക്കുക. എൽ.ജെ.പിയിൽനിന്ന് ചിരാഗ് പസ്വാൻ, ഷിന്ദേ ശിവസേനയിൽനിന്ന് പ്രതാപ് റാവു ജാദവ്, എ.ജെ.എസ്.യുവിൽനിന്ന് ചന്ദ്രശേഖർ ചൗധരി, ആർ.എൽ.ഡിയിൽനിന്ന് ജയന്ത് ചൗധരി, ഹിന്ദുസ്ഥാൻ അവാം മോർച്ചയിൽനിന്ന് ജിതൻ റാം മാഞ്ചി, റിപ്പബ്ലിക്ക് പാർട്ടി ഓഫ് ഇന്ത്യ നേതാവ് രാം ദാസ് അതാവ്ലെ, അപ്നാദളിൽനിന്ന് അനുപ്രിയ പട്ടേൽ എന്നിവർ മന്ത്രിമാരാവും. ആന്ധ്രയിൽനിന്നുള്ള പവൻ കല്യാണിന്റെ ജനസേന പാർട്ടിക്ക് മന്ത്രിമാരുണ്ടാവില്ലെന്ന് സൂചനയുണ്ട്.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആഭ്യന്തരം കൈമാറി ധനമന്ത്രാലയം അമിത് ഷാ ഏറ്റെടുത്തേക്കുമെന്നു ചർച്ചയുണ്ട്. പാർട്ടി അധ്യക്ഷപദവിയിൽ ഈ മാസം കാലാവധി തീരുന്ന ജെ.പി.നഡ്ഡ മന്ത്രിസഭയിൽ തിരിച്ചെത്തിയേക്കും. കഴിഞ്ഞ സർക്കാരിലെ പ്രമുഖരായ രാജ്‌നാഥ് സിങ്ങും നിതിൻ ഗഡ്കരിയും തുടരും. ടിഡിപിയിൽനിന്ന് റാം മോഹൻ നായിഡു, ഡോ. ചന്ദ്രശേഖർ പെമ്മസനി എന്നിവർക്കാണു മുൻതൂക്കം.

ചന്ദ്രബാബു നായിഡുവിന്റെ മകൻ ലോകേഷ് നിയമസഭയിലേക്കാണു ജയിച്ചതെങ്കിലും കേന്ദ്രമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ട്. ജെഡിയുവിൽനിന്ന് ലലൻ സിങ്, സഞ്ജയ് കുമാർ ഝാ, റാം നാഥ് ഠാക്കൂർ എന്നിവർക്കാണു സാധ്യത. ജെഡിയുവിന് ഒരു സഹമന്ത്രി കൂടിയുണ്ടാകും. എൽജെപി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാനും കാബിനറ്റ് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ആർഎൽഡിയുടെ ജയന്ത് ചൗധരി ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളും മന്ത്രിസഭയിലുണ്ടാകും.

കേരളത്തിൽനിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും മന്ത്രിയാവും. ജോർജ് കുര്യൻ പ്രധാനമന്ത്രിയുടെ ചായ സത്കാരത്തിൽ പങ്കെടുത്തിരുന്നു. സുരേഷ് ഗോപിക്ക് വൈകി സന്ദേശം ലഭിച്ചതിനാൽ മോദി വിളിച്ച ചായ സത്കാരത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

കേരളത്തിൽനിന്നുള്ള ഏക ബിജെപി എംപിയായ സുരേഷ് ഗോപിയോടു ഡൽഹിയിലെത്തണമെന്നു നരേന്ദ്ര മോദി നേരിട്ട് അറിയിക്കുകയായിരുന്നു. മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ആയിരുന്നു ജോർജ് കുര്യൻ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായും യുവമോർച്ച ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ചു. കോട്ടയം സ്വദേശിയാണ്.

സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും രാജ്യതലസ്ഥാനത്ത് രണ്ട് ദിവസമായി തുടർന്നിരുന്നു. സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ കിട്ടുമെന്നാണു കേൾക്കുന്നത്. നടൻ മോഹൻലാലിനെയും മോദി നേരിട്ടു ഫോണിൽ വിളിച്ചിട്ടുണ്ട്. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നു മോഹൻലാൽ അറിയിച്ചു.

സുരേഷ് ഗോപി തന്റെ സിനിമാ തിരക്കുകൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും മന്ത്രിയാകാൻ നിർദേശിച്ചെന്നാണു വിവരം. പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കും. വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പുകളും സഖ്യകക്ഷികൾക്കു നൽകാൻ സാധ്യതയില്ല.