ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ 72 അംഗ മന്ത്രിസഭയുമായി അധികാരത്തിലേറുമ്പോൾ കേന്ദ്രമന്ത്രി പദത്തിൽ കുടുംബത്തിന്റെ പാരമ്പര്യം കാത്ത് വ്യത്യസ്തനാവുകയാണ് ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരി. മുത്തച്ഛനായ ചരൺസിങിന്റെ പാതയിൽ മന്ത്രി കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് ജയന്ത്. മുത്തച്ഛൻ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ആയിരുന്ന സ്വാതന്ത്ര്യസമര സേനാനി ചൗധരി ചരൺ സിങ്.

അടിയന്തരാവസ്ഥയ്ക്കു ശേഷം വന്ന മൊറാർജി ദേശായി സർക്കാരിലെ ആഭ്യന്തര മന്ത്രിയും ചരൺ സിങ്ങായിരുന്നു. ശേഷം ഹ്രസ്വകാലം ധനമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയ ശേഷമാണ് ചരൺസിങ് പ്രധാനമന്ത്രിയായത്. അദ്ദേഹത്തിന്റെ മകനും ജയന്തിന്റെ അച്ഛനുമായ ചൗധരി അജിത് സിങ് വി.പി. സിങ്, നരസിംഹറാവു, വാജ്‌പേയി, മന്മോഹൻ സിങ് സർക്കാരുകളിൽ മന്ത്രിയായി. ഇപ്പോൾ മകൻ ജയന്ത് ചൗധരിയാകട്ടെ മൂന്നാം മോദി സർക്കാരിൽ അംഗമായി മാറുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി 'ഇന്ത്യ സഖ്യം' കടുത്ത വെല്ലുവിളി ഉയർത്തി മുന്നേറുമ്പോൾ രാജ്യം ശ്രദ്ധിച്ച എൻഡിഎയുടെ നിർണായക രാഷ്ട്രീയ ചുവടുവയ്‌പ്പായിരുന്നു നിതീഷ് കുമാറിന്റെ ഐക്യ ജനതാദളിനെയും ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളിനെയും അടർത്തിയെടുത്ത് സഖ്യത്തിലെത്തിച്ചത്. പ്രതിപക്ഷ സഖ്യം വിട്ട് ഇരു പാർട്ടികളും എൻ.ഡി.എയിലേക്ക് ചേക്കേറിയതോടെ ബിഹാറിലും പടിഞ്ഞാറൻ യു.പിയിലും മുന്നേറ്റത്തിന് വഴിയൊരുങ്ങി.

ഒന്നര പതിറ്റാണ്ടോളം ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ സമാജ് വാദി പാർട്ടിക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു അന്തരിച്ച മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിങിന്റെ കൊച്ചുമകൻ കൂടിയായ ജയന്ത് ചൗധരിയും അദ്ദേഹം അധ്യക്ഷനായുള്ള രാഷ്ട്രീയ ലോക്ദളും.

പടിഞ്ഞാറൻ യു.പിയിലെ ജാട്ട് കർഷകമേഖലയിൽ മരണാനന്തരവും ചൗധരി ചരൺസിങിനും മകൻ അജിത് സിങിനുമുള്ള സ്വാധീനമെന്തെന്ന കൃത്യമായ ബോധ്യം ബിജെപിക്കുണ്ടായിരുന്നു. കർഷകസമരത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ ജാട്ട് സമുദായങ്ങളിലുള്ള അതൃപ്തി മറികടക്കാൻ ചരൺസിങിന്റെ കുടുംബത്തെ പാട്ടിലാക്കുകയെന്ന രാഷ്ട്രീയകൗശലം ബിജെപി പ്രയോഗിച്ചു.

ചരൺസിങിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന രണ്ടാം മോദി സർക്കാർ പ്രഖ്യാപിച്ചു. പിന്നാലെ ജയന്ത് ചൗധരിയും കൂട്ടരും ഇന്ത്യാ സഖ്യം വിട്ട് എൻ.ഡി.എ പാളയത്തിലെത്തി. എസ്‌പിയുമായി ആറ് സീറ്റുകളിൽ മത്സരിക്കാൻ പ്രാഥമിക ധാരണയിലെത്തിയ ശേഷമുണ്ടായ ജയന്തിന്റെ ചുവടുമാറ്റം രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിക്കാതിരുന്നില്ല.

എസ്‌പി സഖ്യത്തിൽ നിന്നപ്പോൾ മത്സരിച്ച സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും എൻ.ഡി.എ പാളയത്തിൽ ജയന്ത് ചൗധരിക്ക് പിഴച്ചില്ല. മത്സരിക്കാൻ ലഭിച്ച സീറ്റുകളുടെ എണ്ണക്കുറവ് അല്പം നിരാശയുണർത്തിയെങ്കിലും രാഷ്ട്രീയ ലോക്ദൾ മത്സരിച്ച രണ്ടിടത്തും വിജയിച്ച് നൂറുമേനി കൊയ്തു. ബാഗ്പതും ബിജ്‌നോറും വിജയിച്ച രാഷ്ട്രീയ ലോക്ദളിന്റെ കൂടി സംഭാവനയാണ് യു.പിയിൽ എൻ.ഡി.എയെ പരിക്കില്ലാത്ത നിലയിലെത്തിച്ചത്. അതിനുള്ള പാരിതോഷികം കൂടിയായി പാർട്ടി അധ്യക്ഷൻ ജയന്തിന്റെ മന്ത്രിസ്ഥാനം.

2022 മുതൽ രാജ്യസഭാംഗമാണ് ജയന്ത് ചൗധരി. യു.പിയിൽ നിന്ന് പ്രതിപക്ഷ ക്വാട്ടയിലാണ് രാജ്യസഭയിലേക്കെത്തിയത്. ഇക്കഴിഞ്ഞ മാർച്ച് ഒന്നിനാണ് സമാജ് വാദിയെ കൈവിട്ട് എൻ.ഡി.എ ചേരിയിൽ ഔദ്യോഗികമായി ചേക്കേറിയത്. ചരൺസിങിന്റെ മകനും മുന്മന്ത്രിയുമായ ചൗധരി അജിത് സിങിന്റെയും രാധിക സിങിന്റെയും മകനായ ജയന്ത് ചൗധരി ജനിച്ച് യു.എസിലെ ടെക്സാസ് ഡാലസിലാണ്. പടിഞ്ഞാറൻ യു.പിയിലെ ബുലന്ദ്ശഹറിലുള്ള ഭടോണയാണ് നാട്.

2009 ലാണ് രാഷ്ട്രീയപ്രവേശം. മഥുരയിൽ നിന്ന് ആദ്യമായി പാർലമെന്റിലേക്ക് ആ വർഷം ജയന്ത് ജയിച്ചുകയറി. എന്നാൽ 2014 ൽ ബിജെപി സ്ഥാനാർത്ഥിയായി ബോളിവുഡ് താരം ഹേമമാലിനി എത്തിയപ്പോൾ അവരോട് വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. 2009 ൽ ലോക്സഭാംഗമായിരിക്കെ ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച സ്വകാര്യബിൽ അവതരിപ്പിച്ച് ശ്രദ്ധ നേടുകയുണ്ടായി ജയന്ത്. ഫാഷൻ ഡിസൈനർ ചാരു സിങ് ആണ് ഭാര്യ. രണ്ട് മക്കൾ.

ജ്യോതിരാദിത്യ സിന്ധ്യയാണു മന്ത്രി പാരമ്പര്യവുമായി വീണ്ടും മോദി മന്ത്രിസഭയിൽ അംഗമാകുന്ന മറ്റൊരാൾ. അച്ഛൻ മാധവറാവു സിന്ധ്യ രാജീവ് ഗാന്ധി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രിയും നരസിംഹ റാവു മന്ത്രിസഭയിൽ മാനവശേഷി, ടൂറിസം, വ്യോമയാന വകുപ്പുകളുടെ ചുമതല വഹിച്ചു.

പീയൂഷ് ഗോയലിന്റെ അച്ഛൻ വേദ് പ്രകാശ് ഗോയൽ വാജ്‌പേയ് സർക്കാരിൽ തുറമുഖ വകുപ്പു മന്ത്രിയായിരുന്നു. റാവു ഇന്ദർജീത് സിങ്ങിന്റെ അച്ഛൻ മഹാരാജ റാവു ബീരേന്ദർ സിങ് ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ അംഗമായി. അതിനു മുൻപ് കുറെക്കാലം ഹരിയാന മുഖ്യമന്ത്രിയും.

എൽജെപി അധ്യക്ഷൻ ചിരാഗ് പസ്വാനാണ് ഈ നിരയിലെ മറ്റൊരാൾ. പിതാവ് റാം വിലാസ് പസ്വാൻ വി.പി. സിങ്ങിന്റെ കാലം മുതൽ ഒട്ടേറെ പ്രധാനമന്ത്രിമാർക്കു കീഴിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. എച്ച്.ഡി. കുമാരസ്വാമിയുടെ അച്ഛൻ ദേവെ ഗൗഡ ആഭ്യന്തര മന്ത്രി വകുപ്പു കൈകാര്യം ചെയ്ത പ്രധാനമന്ത്രിയായിരുന്നു. റാം നാഥ് ഠാക്കൂറിന്റെ അച്ഛൻ കർപ്പൂരി ഠാക്കൂറും മുഖ്യമന്ത്രിപദം അലങ്കരിച്ചു. യുപി മന്ത്രിയായിരുന്ന ബേനിലാൽ വർമയുടെ മകനാണ് ബി.എൽ. വർമ.