മുംബൈ: കേന്ദ്ര മന്ത്രിസഭയിൽ ക്യാബിനറ്റ് പദവിയിൽ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്ന് ബിജെപിയോട് വ്യക്തമാക്കിയിരുന്നുവെന്ന് എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. എന്നാൽ, പല ഘടകകക്ഷികൾക്കും ക്യാബിനറ്റ് പദവി നൽകേണ്ടതുണ്ടെന്ന മറുപടിയാണ് ബിജെപി നേതൃത്വത്തിൽനിന്ന് ലഭിച്ചതെന്നും അജിത് പവാർ പറഞ്ഞു.

തങ്ങൾ ഇപ്പോഴും എൽഡിഎയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിലവിൽ എൻഡിഎയുടെ അംഗബലം 284 ആണെന്നും വരും മാസങ്ങളിൽ ഇത് 300 കടക്കുമെന്നും അവകാശപ്പെട്ടു. കേന്ദ്ര മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ അജിത് പവാർ എൻസിപി പക്ഷത്തിന് കടുത്ത നിരാശയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് അജിത് പവാറിന്റെ പ്രതികരണം.

കഴിഞ്ഞ 24 വർഷമായി പാർട്ടിയെ നയിക്കുന്നതിന് ശരദ് പവാറിനോടും തുടക്കംമുതൽ എൻസിപിയിൽ തുടരുന്നവരോടും നന്ദി അറിയിക്കുന്നുവെന്ന് അജിത് പറഞ്ഞു. എൻസിപി സ്ഥാപകദിനത്തിൽ മുംബൈയിലെ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് അജിതിന്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.

2023 ജൂലൈയിൽ ആയിരുന്നു ശരദ് പവാർ സ്ഥാപിച്ച എൻസിപിയെ പിളർത്തി, ശിവസേന-ബിജെപി സർക്കാരിനൊപ്പം അജിത് പവാർ വിഭാഗം ചേർന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സീറ്റിൽ അജിത് പക്ഷത്തിന് വിജയിക്കാനായത് വെറും ഒരുസീറ്റിൽ മാത്രമായിരുന്നു. അതേസമയം, ശരദ് പവാർ എൻ.സി.പി. മത്സരിച്ച 10 സീറ്റുകളിൽ എട്ടിലും വിജയിച്ചു. ബാരാമതിയിലെ കുടുംബ പോരാട്ടത്തിൽ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ, ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയോട് 1,58,333 വോട്ടുകൾക്ക് പരാജയപ്പെട്ടതും അജിതിന് വലിയ തിരിച്ചടിയായിരുന്നു.