ഭുവനേശ്വർ: ബിജെപി നേതാവ് മോഹൻ ചരൺ മാജി ഒഡീഷയിലെ മുഖ്യമന്ത്രിയാകും. ഭുവനേശ്വറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സത്യപ്രതിജ്ഞാ ചടങ്ങ് ജൂൺ 12- ബുധനാഴ്ച നടക്കും. രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

കേന്ദ്ര നിരീക്ഷകരായ രാജ്നാഥ് സിങ്, ഭൂപേന്ദ്ര യാദവ് എന്നിവർ മുതിർന്ന നേതാക്കളുമായും പുതിയ എംപിമാരും എംഎൽഎമാരുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനം വന്നത്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവായ മോഹൻ ചരൺ മാജി നാല് തവണ എംപിയായിരുന്നു. കനക് വർധൻ സിങ് ഡിയോ, പ്രവദി പരിദ എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. കെനോഞ്ചാർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് മാജി.

24 വർഷം സംസ്ഥാനം ഭരിച്ച നവീൻ പട്നായിക്കിന്റെ പിൻഗാമിയായാണ് മാജി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിർന്ന നേതാവ് ധർമേന്ദ്ര പ്രധാന്റെയടക്കം നിരവധി പേരുകൾ ഉയർന്നുകേട്ടിരുന്നു. എന്നാൽ ധർമേന്ദ്ര പ്രധാൻ കേന്ദ്ര മന്ത്രിസഭയിൽ അംഗമായി. പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം മാജി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. പ്രധാനമന്ത്രി മോദി ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് ഭുവനേശ്വറിലെത്തും. തുടർന്ന് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലേക്ക് പോകും.

147 അംഗ നിയമസഭയിൽ 74 സീറ്റുകൾ നേടിയാണ് 24 വർഷം നീണ്ട നവീൻ പട്‌നായിക്കിന്റെ ഭരണം ബിജെപി അവസാനിപ്പിച്ചത്. പുതിയ സർക്കാർ നാളെ വൈകിട്ട് 4.45ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിവരം. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി തെലുഗുദേശം പാർട്ടി (ടിഡിപി) നേതാവ് എൻ. ചന്ദ്രബാബുനായിഡുവിന്റെ സത്യപ്രതിജ്ഞയും നാളെയാണ്. കേസരപള്ളി ഐടി പാർക്കിൽ രാവിലെ 11നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് മോദി ഭുവനേശ്വറിലെത്തുക.

24 വർഷമായി അധികാരത്തിലുള്ള ബിജു ജനതാ ദളി(ബിജെഡി)നെ നിലംപരിശാക്കിയ ബിജെപി 147 അംഗ സഭയിൽ 78 സീറ്റ് നേടിയാണു ഭരണം പിടിച്ചത്. 21 ലോക്‌സഭാസീറ്റുകളിൽ ഇരുപതും സ്വന്തമാക്കി. ബ്രജരാജ്‌നഗറിൽനിന്നു വിജയിച്ച സുരേഷ് പൂജാരി, ബിജെപി സംസ്ഥാന അധ്യക്ഷൻ മന്മോഹൻ സമൽ, കെ.വി സിങ്, മോഹൻ മാച്ഛി എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു.