- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമല്ലെന്ന് ഇലോൺ മസ്‌ക്; മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയിൽ സംശയമുയർത്തിയ ടെസ്ല സ്ഥാപകനും സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോൺ മസ്‌കിന് മറുപടിയുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു ഇലോൺ മസ്‌ക് എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്. എന്നാൽ സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ്‌വെയർ ആർക്കും ഉണ്ടാക്കാൻ കഴിയില്ലെന്ന ധാരണ തെറ്റാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
നിർമ്മിത ബുദ്ധി ഉപയോഗിച്ചോ അല്ലാതെയോ ഇ.വി എം. യന്ത്രങ്ങൾ ഹാക്ക് ചെയ്യാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഒഴിവാക്കണം എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. ഈ ട്വീറ്റിനായിരുന്നു രാജീവ് ചന്ദ്ര ശേഖറിന്റെ മറുപടി.
സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ് വെയറുകൾ ഉണ്ടാക്കാൻ സാധിക്കില്ലെന്ന് കരുതുന്നത് തെറ്റാണ്. സാധാരണ കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന അമേരിക്കയുടേയും അല്ലെങ്കിൽ മറ്റിടങ്ങളിലേയും ഇലോൺ മസ്‌കിന്റെ കാഴ്ചപ്പാട് ശരിയായിരിക്കാം. എന്നാൽ, ഇന്ത്യയിലെ ഇ.വി.എമ്മുകൾ സുരക്ഷിതമാണ്. ഇതിൽ ബ്ലുടൂത്തോ വൈഫൈയോ അല്ലെങ്കിൽ മറ്റേതെങ്കിലും കണക്ടിവിറ്റിയോ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേണമെങ്കിൽ ഇന്ത്യയിലേതു പോലുള്ള ഇ.വി.എമ്മുകൾ നിർമ്മിക്കാൻ മസ്‌കിന് പരിശീലനം നൽകാൻ തയ്യാറാണെന്നും രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.
മസ്‌ക്കിന്റെ വാദം ഇന്റർനെറ്റ് ബന്ധിപ്പിക്കുന്ന ഇവി എം ഉള്ള അമേരിക്കയിൽ ബാധകമായിരിക്കും. എന്നാൽ ഇന്ത്യയിലെ ഇവിഎമ്മുകൾ ബ്ലൂടുത്തോ ഇന്റർനെറ്റോ ആയി ബന്ധിപ്പിക്കാനാകാത്തതെന്നും മുൻ കേന്ദ്രമന്ത്രി വ്യക്തമാക്കി.
വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ കഴിയുമെന്നും അത് ഉപേക്ഷിക്കണമെന്നുമുള്ള ഇലോൺ മസ്‌ക്കിന്റെ പ്രസ്താവനയാണ് ചർച്ചയാകുന്നത്. തെരഞ്ഞെടുപ്പിന്റെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നുവെന്ന് പ്രതികരിച്ച രാഹുൽഗാന്ധി ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്‌സുകളാണെന്നും കുറ്റപ്പെടുത്തി.
പ്യൂർട്ടോ റിക്കോയിൽ പ്രൈമറി തെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് ഉണ്ടായെന്ന വിവാദം തുടരുമ്പോഴാണ് ഇവി എം യന്ത്രങ്ങളെ കുറിച്ച് ഇലോൺ മസ്‌ക് പ്രതികരിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ മനുഷർക്കോ നിർമ്മിത ബുദ്ധി വഴിയോ ഹാക്ക് ചെയ്യാൻ കഴിയുമെന്നും വോട്ടിങ് യന്ത്രങ്ങൾ ഉപേക്ഷിക്കണമെന്നും സ്‌പെസ് എക്‌സ് മേധാവിയായ ഇലോൺ മസ്‌ക് പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ അനന്തിരവൻ റോബർട്ട് എഫ് കെന്നഡിയുടെ പ്രതികരണത്തിലായിരുന്നു മസ്‌കിന്റെ പ്രസ്താവനയെങ്കിലും വിഷയം ചർച്ചയാകുന്നത് ഇന്ത്യയിലാണ്.
വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയിൽ നേരത്തെ മുതൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷം പ്രസ്താവന ഏറ്റെടുക്കുകയാണ്. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്‌സുകളെന്ന് കുറ്റപ്പെടുത്തിയ രാഹുൽഗാന്ധി ഭരണഘടന സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോൾ ജനാധിപത്യം വഞ്ചിക്കപ്പെടുമെന്നും പറഞ്ഞു. മഹാരാഷ്ട്രയിലെ ശിവസേന ഷിൻഡെ വിഭാഗം നേതാവ് 48 വോട്ടുകൾക്ക് വിജയിച്ചതിലെ വിവാദം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽഗാന്ധിയുടെ പ്രതികരണം. സർവീസ് വോട്ടുകൾ ചെയ്യുന്ന ഇവി എം തുറക്കാൻ കഴിയുന്ന മൊബൈൽ ഫോൺ ഷിൻഡെ വിഭാഗം നേതാവിന്റെ ബന്ധു ഉപയോഗിച്ചിരുന്നുവെന്ന പൊലീസ് കണ്ടെത്തലിന്റെ റിപ്പോർട്ടാണ് രാഹുൽ ഇതോടൊപ്പം പങ്കുവെച്ചത്.