- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിആർഎസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; 12 എംഎൽഎമാർ കോൺഗ്രസിലേക്ക്?
ഹൈദരാബാദ്: തെലങ്കാനയിൽ ബി.ആർ.എസ് നേതൃത്വം വീണ്ടും പ്രതിസന്ധിയിൽ. രേവന്ത് റെഡ്ഡി സർക്കാരിന്റെ സമ്പൂർണ്ണ ബജറ്റിന് മുമ്പ് 12 ബി.ആർ.എസ്. എംഎൽഎമാർ കോൺഗ്രസിലേക്ക് ചുവടുമാറ്റത്തിന് നീക്കം തുടങ്ങിയതോടെ അനുനയ ശ്രമവുമായി പാർട്ടി അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവു രംഗത്ത് വന്നു. ജൂലായ് രണ്ടാംവാരം നടക്കാനിരിക്കുന്ന ബജറ്റിന് മുമ്പ് എംഎൽഎമാരെ പാർട്ടിയിൽ എത്തിക്കാനാണ് രേവന്ത് റെഡ്ഡിയുടെ വിശ്വസ്തനായ നേതാവ് നീക്കം നടത്തുന്നത്. മന്ത്രിസ്ഥാനമടക്കം വാഗ്ദാനം ചെയ്താണ് നീക്കം. ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നുവരുന്നതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടുചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് ബി.ആർ.എസ്. എംഎൽഎമാർ കോൺഗ്രസിൽ ചേർന്നിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയക്കുന്ന ഒരു മുന്മന്ത്രിയുടെ നേതൃത്വത്തിലുള്ള ഏതാനും ബി.ആർ.എസ്. എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിലാണ് തങ്ങൾ ഓപ്പറേഷൻ ആകർഷ് സജീവമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രേവന്ത് റെഡ്ഡിയുമായി അടുത്ത ബന്ധമുള്ള ഒരു നേതാവാണ് ബി.ആർ.എസ്. എംഎൽഎമാരെ ചാടിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. കരിംനഗർ, നിസാമാബാദ് എന്നിവിടങ്ങളിൽനിന്നുള്ള എംഎൽഎമാർ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ഹൈക്കമാൻഡ് അനുമതി ലഭിച്ചാൽ കരിംനഗറിൽനിന്നുള്ള എംഎൽഎയ്ക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യവും പരിഗണിച്ചേക്കും.
നിസാമാബാദിൽനിന്നുള്ള എംഎൽഎ. മകനുവേണ്ടിയാണ് സ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. നാഗർകർണൂൽ ലോക്സഭാ മണ്ഡലത്തിന് കീഴിൽവരുന്ന രണ്ട് മണ്ഡലങ്ങളിലെ എംഎൽഎമാരും അവരെ നയിക്കുന്ന ഒരുമുതിർന്ന നേതാവും കോൺഗ്രസിൽ ചേർന്നേക്കും. മേധക്കിൽനിന്ന് മൂന്ന് എംഎൽഎമാരും കോൺഗ്രസിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മുൻ എംഎൽഎയായ കോൺഗ്രസ് നേതാവ് എതിർപ്പ് പ്രകടിപ്പിച്ചുവെന്നാണ് വിവരം. ഇദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ചർച്ചകൾ കോൺഗ്രസിലും പുരോഗമിക്കുന്നുണ്ട്.
ഗ്രേറ്റർ ഹൈദരാബാദ് മേഖലയിൽനിന്നുള്ള അഞ്ചോളം എംഎൽഎമാരും കോൺഗ്രസുമായി ആശയവിനിമയം നടത്തുന്നുണ്ട്. കൂടുതൽ എംഎൽഎമാരെ എത്തിക്കാൻ ശേഷിയുള്ള ഒന്നോ രണ്ടോ മുതിർന്ന നേതാക്കൾക്ക് മന്ത്രിസ്ഥാനം നൽകിയേക്കും. എന്നാൽ, കോൺഗ്രസ് നേതാക്കളുടേയും പ്രവർത്തകരുടേയും ഇതിനോടുള്ള പ്രതികരണം നിർണായകമാവും.
അതേസമയം, എംഎൽഎമാരും എം.എൽ.സിമാരുമടക്കം നേതാക്കൾ കൊഴിഞ്ഞുപോയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പാർട്ടി അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ അനുനയശ്രമവും തുടങ്ങി. എംഎൽഎമാരെ വീട്ടിലെത്തി കണ്ടാണ് ഉറപ്പിച്ചുനിർത്താൻ ശ്രമിക്കുന്നത്. ഇതുവരെ നാല് എംഎൽഎമാരുമായി സംസാരിച്ചു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ആർ.എസ്. അധികാരത്തിൽ വരുമെന്ന ഉറപ്പാണ് കെ.സി.ആർ. ഇവർക്ക് നൽകിയത്. എന്നാൽ, കഴിഞ്ഞ പത്തുവർഷമായി തങ്ങൾക്ക് യാതൊരു സാമ്പത്തിക സഹായവും ലഭിക്കുന്നില്ലെന്നാണ് എംഎൽഎമാരുടെ പരാതി. സാമ്പത്തിക പരാധീനതകൾ ഉണ്ടെന്നും പാർട്ടി നേതൃത്വം പ്രവർത്തകർക്ക് അർഹമായ പ്രതിഫലം നൽകുന്നില്ലെന്നും പ്രതികരിച്ച ഒരുമുൻ മന്ത്രി, കോൺഗ്രസിൽ ചേരുമെന്നും അറിയിച്ചു.
119 അംഗ നിയമസഭയിലേക്ക് കഴിഞ്ഞ നവംബറിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് 64 സീറ്റുകളിലും ബി.ആർ.എസ്. 39 സീറ്റുകളിലും ബിജെപി. എട്ടിടത്തും വിജയിച്ചിരുന്നു. ബി.ആർ.എസ്. പ്രതിനിധി റോഡ് അപകടത്തിൽ മരിച്ചതിനെത്തുടർന്നുണ്ടായ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചിരുന്നു.