ന്യൂഡൽഹി: രാജ്യത്തെ നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് നോൺ സ്റ്റോപ്പ് പേപ്പർ ചോർച്ചയാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പരിഹസിച്ചു. വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കുമെന്നും വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.

യുക്രെയ്ൻ, ഗസ്സ യുദ്ധങ്ങൾ നിർത്തിയ മോദിക്ക് ചോദ്യ പേപ്പർ ലീക്ക് തടയാൻ സാധിക്കുന്നില്ലെന്നും സർക്കാരിന് ചോദ്യപേപ്പർ ചോർച്ച തടയണമെന്ന് ആഗ്രഹമില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രണ്ടാം ഭാരത് ജോഡോ യാത്രയിൽ എല്ലായിടത്തും വിദ്യാർത്ഥികൾ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് പറഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത് കേന്ദ്രീകരിച്ച് ആണ് ഇത് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

"ചോദ്യപേപ്പർ ചോർച്ച രാജ്യത്തെ വലിയ പ്രശ്‌നമാണെന്നു ഭാരത് ജോഡോ യാത്രാ വേളയിൽ ഒരുപാട് വിദ്യാർത്ഥികൾ എന്നോടു പരാതിപ്പെട്ടിരുന്നു. നീറ്റ്‌യുജി, യുജിസിനെറ്റ് പരീക്ഷകളുടെ ചോദ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ചോർന്നു. യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേലും ഗസ്സയും തമ്മിലുള്ള സംഘർഷം തീർക്കാനും നരേന്ദ്ര മോദിക്കു സാധിക്കുമെന്നാണു പറയപ്പെടുന്നത്. പക്ഷേ. ചില കാരണങ്ങളാൽ ഇന്ത്യയിലെ ചോദ്യപേപ്പർ ചോർച്ച തടയാനോ, തടയണമെന്ന് ആഗ്രഹിക്കാനോ മോദിക്കു സാധിക്കുന്നില്ല. ഇത്തരം സംഭവങ്ങളിലൂടെ വിദ്യാർത്ഥികളുടെ ഭാവിയാണ് അപകടത്തിലാകുന്നത്" രാഹുൽ പറഞ്ഞു.

"വിദ്യാഭ്യാസ സംവിധാനത്തിൽ ബിജെപിയുടെ മാതൃസംഘടനയുടെ സ്വാധീനമാണു പ്രശ്‌നങ്ങളുടെ കാരണം. ഇതു പരിഹരിച്ചില്ലെങ്കിൽ ഇത്തരം ചോദ്യപേപ്പർ ചോർച്ചകൾ ആവർത്തിക്കും. മോദിയാണ് ഇതിനു സൗകര്യമൊരുക്കുന്നത്. ഇതു രാജ്യവിരുദ്ധ പ്രവൃത്തിയാണ്. ഈ സംഘടനയും ബിജെപിയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കു നുഴഞ്ഞുകയറുകയും നശിപ്പിക്കുകയുമാണ്. നോട്ടു നിരോധനത്തിലൂടെ സമ്പദ്വ്യവസ്ഥയെ മോദി നശിപ്പിച്ചപോലെ വിദ്യാഭ്യാസത്തെയും മോശമാക്കുകയാണ്." രാഹുൽ ആരോപിച്ചു.

വൈസ് ചാൻസലർമാരെ നിയമിക്കുന്നത് യോഗ്യത നോക്കിയല്ല. സംഘടനകളുമായി ബന്ധം നോക്കിയാണ്. വിദ്യാർത്ഥികൾ ഇത് കാരണം വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ ഒരു സംഘടന കൈലാക്കി. ഇത് മാറണം എന്നാണ് ആവശ്യം. നിലവിൽ ഉള്ള രീതി മാറ്റണം.

ജനം ഇരിക്കുന്നത് ഒരു ദുരന്തത്തിന് മുകളിലാണ്.ഈ സർക്കാർ ഒറ്റ കാലിൽ ആണ് മുന്നോട്ട് പോകുന്നത്. ബിഹാർ സംഭവത്തിൽ ആരാണോ ഉത്തരവാദി, അതിൽ അന്വേഷണം നടക്കണം. ബിജെപി ലബോറട്ടറികൾ ആണ് തട്ടിപ്പിന്റെ പ്രഭവകേന്ദ്രമെന്നും രാഹുൽ ആരോപിച്ചു. നിലവിൽ രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ട്, ഇനി മുന്നോട്ട് പോകുമ്പോൾ കാര്യങ്ങൾ രസകരം ആകുമെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്‌നങ്ങൾക്ക് പിന്നാലെ യുജിസി. നെറ്റ് പരീക്ഷയും റദ്ദാക്കിയതിൽ കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നു. മൂന്നാം മോദി സർക്കാരിനെ 'പേപ്പർ ലീക്ക് സർക്കാർ' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കോൺഗ്രസിന്റെ വിമർശനം. നീറ്റ് പരീക്ഷാ പേ ചർച്ച സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ എന്ന് എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പരിഹസിച്ചു.

നരേന്ദ്ര മോദി ജീ, നിങ്ങൾ പരീക്ഷയെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്. ഇനി എപ്പോഴാണ് നിങ്ങൾ നീറ്റ് പരീക്ഷാ പേ ചർച്ച സംഘടിപ്പിക്കുക? യുജിസി. നെറ്റ് പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. യുവജനങ്ങളുടെ ഭാവി പ്രതിസന്ധിയിലാക്കിയ മോദി സർക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആദ്യം നിഷേധിച്ചിരുന്നു. എന്നാൽ, പിന്നീട് വിഷയത്തിൽ ബിഹാർ, ഗുജറാത്ത്, ഹരിയാണ അടക്കമുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ അറസ്റ്റ് ചെയ്തുവെന്നും ഖാർഗെ പറഞ്ഞു. എപ്പോഴാണ് നീറ്റ് പരീക്ഷ റദ്ദ് ചെയ്യുന്നത് എന്ന് ചോദിച്ച ഖാർഗെ, പേപ്പർ ലീക്കുമായി ബന്ധപ്പെട്ട് ഇനിയൊരു പ്രശ്‌നം ഇല്ലാതിരിക്കാനുള്ള ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കുമോ എന്നും ചോദിച്ചു.

'രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന യുജിസി നെറ്റ് പരീക്ഷ പേപ്പർ ചോർച്ചയെത്തുടർന്ന് പിറ്റേദിവസം റദ്ദ് ചെയ്യുന്നു. നീറ്റ് പരീക്ഷയുടെ പേപ്പർ ആദ്യം ചോരുന്നു, ഇപ്പോൾ യുജിസി നെറ്റ് പേപ്പറും. മോദി സർക്കാർ പേപ്പർ ചോർച്ച സർക്കാരായി മാറി', കോൺഗ്രസ് ഔദ്യോഗിക എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.

നെറ്റ്, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രി ഏറ്റെടുക്കുമോ എന്ന് എഐസിസി ജനറൽ സെക്രട്ടറിൽ പ്രിയങ്കാ ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമിൽ ചോദിച്ചു.

യുവജനങ്ങൾക്ക് ജോലി നൽകാൻ മോദി സർക്കാരിന് സാധിക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോൾ ഒരു പരീക്ഷ നടത്താനും സാധിക്കാത്ത രീതിയിലായിരിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യ സഭാ എംപിയുമായ ജൗഹർ സിർകാർ എക്‌സിൽ കുറിച്ചു.

11.21 ലക്ഷം പേരെഴുതിയ കോളജ് അദ്ധ്യാപന യോഗ്യതാപരീക്ഷ യുജിസിനെറ്റ് ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെത്തുടർന്ന് കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. നീറ്റ്‌യുജി പരീക്ഷയിലെ വിവാദങ്ങളെത്തുടർന്നു പ്രതിരോധത്തിലായ ദേശീയ പരീക്ഷാ ഏജൻസിയാണ് (എൻടിഎ) യുജിസിനെറ്റ് പരീക്ഷയും നടത്തിയത്. ഈ മാസം തന്നെ എൻടിഎക്കു റദ്ദാക്കേണ്ടിവന്ന രണ്ടാമത്തെ പരീക്ഷയാണിത്. 4 വർഷ ബിഎഡ് പ്രോഗ്രാമിലേക്കു ജൂൺ 12നു നടത്തിയ നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റും (എൻസിഇടി) റദ്ദാക്കിയിരുന്നു.