- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിലെ ചോദ്യപേപ്പർ ചോർച്ചയിൽ തേജസ്വി യാദവിനും ബന്ധമുണ്ടെന്ന് ബിജെപി
പട്ന: മെഡിക്കൽ എൻട്രൻസ് എക്സാം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉയർത്തുന്നതിനിടെ ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവിനെ സംശയമുനയിൽ നിർത്തി ബിജെപി. ബിഹാറിലെ ചോദ്യപേപ്പർ ചോർച്ചയിൽ തേജസ്വിക്കും ബന്ധമുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ വിദ്യാർത്ഥിയെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിപ്പിക്കാൻ തേജസ്വി യാദവിന്റെ പി.എ. ഇടപെട്ടുവെന്നാണ് ബിജെപിയുടെ ആരോപണം. തേജസ്വി യാദവിന്റെ പി.എ. പ്രീതം കുമാർ ഇടപെട്ട്, നിലവിൽ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി വിദ്യാർത്ഥി അനുരാഗ് യാദവിനും രക്ഷിതാക്കൾക്കും താമസിക്കാൻ ഇടം നൽകിയതായി ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി. നേതാവുമായ വിജയ് കുമാർ സിൻഹ ആരോപിച്ചു.
തേജസ്വി യാദവിന്റെ പി.എ. പ്രീതം കുമാർ ബിഹാർ റോഡ് കൺസ്ട്രക്ഷൻ വകുപ്പിലെ തൊഴിലാളിയെ വിളിച്ച് സിക്കന്ദർ പ്രസാദ് യാദവേന്ദു എന്ന എഞ്ചിനീയർക്ക് റൂം ബുക്ക് ചെയ്തു കൊടുത്തുവെന്നാണ് സിൻഹയുടെ ആരോപണം. വകുപ്പുതല അന്വേഷണത്തിൽ, പ്രീതം കുമാർ റോഡ് കൺസ്ട്രക്ഷൻ വകുപ്പിലെ പ്രതീപ് എന്ന ഉദ്യോഗസ്ഥനെ വിളിച്ച് മെയ് ഒന്നിന് ഗസ്റ്റ് ഹൗസിൽ റൂം ബുക്ക് ചെയ്യുകയായിരുന്നുവെന്ന് തെളിഞ്ഞതായി സിൻഹ പറഞ്ഞു.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ ഒരു മന്ത്രിക്ക് പങ്കുണ്ടെന്നും നീറ്റ് പരീക്ഷാ ക്രമക്കേടിൽ പിടിയിലായ തന്റെ അനന്തരവനും പരീക്ഷാർഥിയുമായ അനുരാഗ് യാദവിനേയും കൂടെ ഉണ്ടായിരുന്നവരേയും പട്നയിലെ സർക്കാർ ബംഗ്ലാവിൽ താമസിക്കാൻ ശുപാർശ ചെയ്തതായും സിക്കന്ദർ പ്രസാദ് യാദവേന്ദു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിൻഹ ആരോപണവുമായി രംഗത്തെത്തിയത്.
പ്രതീപ് കുമാറും പ്രീതം കുമാറു തമ്മിൽ സംസാരിച്ചതിന്റെ കോൾ ഡീറ്റെയിൽസ് കൈയിലുണ്ടെന്നും സിൻഹ അവകാശപ്പെട്ടു. ഇവർക്ക് തേജസ്വിയുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട സിൻഹ അധികാരത്തിനും അപ്പുറത്താണ് അവരെന്നും ലക്ഷക്കണക്കിന് പരീക്ഷാർഥികളുടെ ഭാവി വെച്ച് കളിക്കുകയാണെന്നും കൂട്ടിച്ചേർത്തു. റൂം ബുക്ക് ചെയ്ത റോഡ് കൺസ്ട്രക്ഷൻ വകുപ്പിലെ തൊഴിലാളിയെ സസ്പെൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.
നീറ്റ് , യുജിസി നെറ്റ് പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷം ശക്തമായ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് തേജസ്വി യാദവിനെതിരേ ആരോപണവുമായി ബിജെപി. രംഗത്തെത്തുന്നത്.