ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ പ്രോടേം സ്പീക്കറായി ഒഡിഷയിൽനിന്നുള്ള ബിജെപി എംപി ഭർതൃഹരി മഹ്താബിനെ തെരഞ്ഞെടുത്തത് വിവാദമാക്കാൻ കോൺഗ്രസ്. കോൺഗ്രസ് നേതാവ് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ തീരുമാനം. കീഴ് വഴക്കം ലംഘിച്ചാണ് നടപടി. ഏത് സാഹചര്യത്തിലാണ് ഇതെടുത്തതെന്ന് സർക്കാരും വിശദീകരിക്കുന്നില്ല.

പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 26 നാണ് ലോക്‌സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടൈം സ്പീക്കറാണ്. എട്ട് തവണ എംപിയായ കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ തീരുമാനം. കൊടിക്കുന്നിൽ സുരേഷാണ് നിലവിൽ ലോക്സഭയിലെ മുതിർന്ന അംഗം. ഭർതൃഹരിയെ പ്രോടേം സ്പീക്കറാക്കിയിതിനെതിരെ കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി. കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം വിമർശിച്ചു.

ദളിത് വിഭാഗത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയത് ചർച്ചയാക്കാനാണ് കോൺഗ്രസ് തീരുമാനം. കൊടിക്കുന്നിൽ സുരേഷ്, ടിആർ ബാലു തുടങ്ങിയവരെ പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്. കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയത് എന്തിനെന്ന് സർക്കാർ വിശദീകരിക്കണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനെതിരെ നീറ്റിലേയും നെറ്റിലേയും പ്രശ്‌നങ്ങൾ പ്രതിപക്ഷം ആയുധമാക്കും. പ്രവേശന പരീക്ഷാ ക്രമക്കേടുകൾക്കൊപ്പം പ്രോടേം സ്പീക്കറിലെ കീഴ് വഴക്ക ലംഘനവും ചർച്ചയാക്കും.

ഒഡിഷയിലെ ആദ്യ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനാണ് ഭർതൃഹരി മഹ്തബ്. ബിജെഡിയിൽ നിന്ന് ബിജെപിയിലെത്തിയ നേതാവാണ് ഭർതൃഹരി മഹ്താബ്. ഇത് ഏഴാം തവണയാണ് അദ്ദേഹം എംപിയാകുന്നത്. ബിഹാറിലെ കട്ടക്കിൽ നിന്നാണ് ഇക്കുറി ലോക്‌സഭയിലെത്തിയത്. .സാധാരണഗതിയിൽ പുതിയ എംപിമാർക്ക് സത്യവാചകം ചൊല്ലികൊടുക്കുന്നത് സഭയിൽ ഏറ്റവും കൂടുതൽകാലം കാലാവധി തികച്ചവരാണ്. എന്തുകൊണ്ടാണ് ഇതു പോലും ബിജെപി അട്ടിമറിക്കുന്നതെന്ന ചോദ്യം കോൺഗ്രസ് സജീവമാക്കും.

പതിനെട്ടാം ലോക്‌സഭയിലെ ഏറ്റവും മുതിർന്ന എംപിമാർ കൊടിക്കുന്നിലും ബിജെപിയുടെ വീരേന്ദ്ര കുമാറും ആണ്. വീരേന്ദ്ര കുമാർ ഇപ്പോൾ കേന്ദ്രമന്ത്രിയായതുകൊണ്ട് കൊടിക്കുന്നിൽ തന്നെയാകും പ്രോ ടേം സ്പീക്കർ എന്നതായിരുന്നു പ്രതീക്ഷ. എന്നാൽ ഏഴുതവണ എംപിയായ ഭർതൃഹരിയെയാണ് പകരം പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷിന്റെ അയോഗ്യതയെന്നും സീനിയോറിറ്റിയും യോഗ്യതയും മറികടക്കാൻ ഉണ്ടായ കാരണം എന്തെന്നുമുള്ള ചോദ്യം ഉയർത്താനാണ് കോൺഗ്രസ് തീരുമാനം.

1989ലെ തിരഞ്ഞെടുപ്പിലാണ് കൊടിക്കുന്നിൽ സുരേഷ് ആദ്യമായി മത്സരിച്ചത്. 1989, 91, 96, 99 വർഷങ്ങളിൽ അടൂരിൽനിന്ന് ലോക്‌സഭാംഗമായി. 1998, 2004 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 2009, 2014, 2019, 2024 തിരഞ്ഞെടുപ്പുകളിൽ മാവേലിക്കരയുടെ എംപിയായി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് തൊഴിൽ സഹമന്ത്രിയായിരുന്നു.