അമരാവതി: ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ വൈ എസ്ആർ കോൺഗ്രസിനെ വേട്ടയാടുന്നുവെന്ന ആക്ഷേപങ്ങൾക്കിടെ നാല് പ്രമുഖ ചാനലുകൾ സംപ്രേഷണം നിലച്ചത് വിവാദത്തിൽ. ടി.ഡി.പി അധികാരത്തിലേറിയതിന് പിന്നാലെയാണ് ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ കുടംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷൻ ലിമിറ്റഡിന്റെ ചാനലായ സാക്ഷി ടി.വി. ഉൾപ്പെടെ നാല് തെലുഗ് ചാനലുകളുടെ സംപ്രേഷണം നിലച്ചത്. ചാനലുകൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ആന്ധ്രാപ്രദേശിലെ കേബിൾ ഓപ്പറേറ്റർമാർ പിൻവാങ്ങുകയായിരുന്നു.

തെലുഗ് ചാനലുകളായ ടി.വി. 9, സാക്ഷി ടി.വി. എൻ ടി.വി., 10 ടി.വി. എന്നീ ചാനലുകളുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച രാത്രി മുതൽ നിർത്തിവെച്ചത്. എന്നാൽ, ഇക്കാര്യത്തിൽ കേബിൾ ഓപ്പറേറ്റർമാർക്ക് യാതൊരു വിധ നിർദ്ദേശവും നൽകിയിട്ടില്ലെന്നാണ് വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം. ടി.ഡി.പി സർക്കാർ അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് ചാനലുകൾ അപ്രത്യക്ഷമാകുന്നത്.

പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ചാനലുകളുടെ സംപ്രേഷണം തടയാൻ സമ്മർദമുണ്ടാകുന്നു എന്നാണ് വൈ.എസ്.ആർ.സി.പിയുടെ ആരോപണം. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ, ടി.ഡി.പിയോ സംസ്ഥാനത്തെ ഏതെങ്കിലും എൻ.ഡി.എ നേതാക്കളോ സംപ്രേഷണം തടയുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടില്ലെന്ന് ആന്ധ്ര ഐ.ടി. മന്ത്രി എൻ ലോകേഷ് നായിഡു പ്രതികരിച്ചു. പ്രധാനപ്പെട്ട ജോലികൾ ചെയ്യാനുണ്ടെന്നും ഇത്തരം നിസ്സാര കാര്യങ്ങൾക്ക് സമയം കളയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈ എസ്ആർ കോൺഗ്രസ് പാർട്ടിയുടെ, നിർമ്മാണത്തിലിരുന്ന ആസ്ഥാനമന്ദിരം സർക്കാർ ഇടിച്ചുനിരത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ചാനലുകളുടെ സംപ്രേഷണം നിലച്ചിരിക്കുന്നത്. അതേ സമയം ജഗൻ മോഹൻ റെഡ്ഡി വിശാഖപട്ടണത്ത് കുന്നിടിച്ച് നിർമ്മിക്കുന്ന 560 കോടിയുടെ ആഡംബര മന്ദിരത്തിനെതിരെയും ടിഡിപി നീക്കം തുടങ്ങിയതായി സൂചനയുണ്ട്. ആഡംബര മന്ദിരത്തിന്റെ നിർമ്മാണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ടിഡിപി നേതാവും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാരാ ലോകേഷ് വ്യക്തമാക്കി.

എന്നാൽ, രുഷികൊണ്ട പാലസ് എന്നറിയപ്പെടുന്ന ഈ കെട്ടിടങ്ങൾ ജഗന്റെ സ്വകാര്യസ്വത്തല്ലെന്നും സർക്കാരിന്റേണെന്നും വൈഎസ്ആർ കോൺഗ്രസ് വിശദീകരിച്ചു. 61 ഏക്കറുള്ള രുഷികൊണ്ട കുന്നിലെ 9.8 ഏക്കറിലാണ് 1.41 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ റിസോർട്ട് മാതൃകയിൽ ആഡംബര മന്ദിരം പണിയുന്നത്. നിർമ്മാണം ഏറക്കുറെ പൂർത്തിയായ കെട്ടിടത്തിൽ 12 കിടപ്പുമുറികളുണ്ട്. നീന്തൽക്കുളം, പടുകൂറ്റൻ സ്‌ക്രീനുള്ള ഹോം തിയേറ്റർ തുടങ്ങിയവയാണ് മറ്റ് ആകർഷണം. ഭൂമി നിരപ്പാക്കി മോടിപിടിപ്പിക്കാൻ മാത്രം 50 കോടി രൂപയും മന്ദിരത്തിനുള്ളിലെ അലങ്കാരങ്ങൾക്ക് 33 കോടി രൂപയും ചെലവഴിച്ചെന്നാണു കണക്ക്.

വിദേശ പ്രതിനിധികൾക്കു താമസിക്കാൻ മികച്ച സൗകര്യമില്ലാത്തതിനാൽ ടൂറിസം വകുപ്പിനു വേണ്ടിയാണ് പാലസ് നിർമ്മിച്ചതെന്നാണ് വൈഎസ്ആർ കോൺഗ്രസിന്റെ വിശദീകരണം. എന്നാൽ, വീണ്ടും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിക്കു താമസിക്കാൻ വേണ്ടിയാണ് ഇതൊരുക്കിയതെന്നാണ് സൂചന.

നേരത്തെ, നിർമ്മാണത്തിലിരുന്ന ആസ്ഥാന മന്ദിരം പൊളിച്ച നടപടി തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവായ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന് വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചിരുന്നു. എസ്‌കവേറ്ററും ബുൾഡോസറും ഉപയോഗിച്ച് ഇന്നലെ പുലർച്ചെ 5.30ന് ആണു കെട്ടിടം പൊളിച്ചുനീക്കാൻ ആരംഭിച്ചത്. ഇതിനെതിരെ വെള്ളിയാഴ്ചതന്നെ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവു നേടുകയും ചെയ്തിരുന്നതായി ജഗന്മോഹൻ പറഞ്ഞു. ഗുണ്ടൂർ ജില്ലയിലെ തേഡപള്ളിയിൽ ജലസേചനവകുപ്പിന്റെ രണ്ടേക്കർ ഭൂമിയിൽ വൈഎസ്ആർ കോൺഗ്രസ് അനധികൃതമായി നിർമ്മിച്ച കെട്ടിടമാണ് പൊളിച്ചതെന്ന് ടിഡിപി വിശദീകരിച്ചു.