- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവ്; പ്രോടെം സ്പീക്കർക്ക് കത്തു നൽകി സോണിയ
ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആവശ്യപ്പെട്ടു പ്രവർത്തകസമിതിയും ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു.
മല്ലികാർജുൻ ഖാർഗെയുടെ വസതയിലാണ് ഇന്ത്യ സഖ്യം യോഗം ചേർന്നത്. സ്പീക്കർ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാനും ഇന്ന് ചേർന്ന ഇന്ത്യാ സഖ്യ യോഗത്തിൽ ധാരണയായി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസിന്റെ വിശാല പ്രവർത്തകസമിതിയോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇക്കാര്യമാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങാണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാവരും കയ്യുയർത്തി പിന്താങ്ങുകയായിരുന്നു.
പ്രതിപക്ഷ നേതാവ് ആയില്ലെങ്കിൽ ഉത്തരവാദിത്തങ്ങളേൽക്കാൻ രാഹുൽ വിമുഖത കാട്ടുന്നുവെന്ന ആക്ഷേപം ശക്തമാകുമെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ദേശീയരാഷ്ട്രീയത്തിൽ നടത്തുന്ന ഇടപെടലുകൾ രാഹുലിന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും, ഇന്ത്യാ സഖ്യത്തിലെ കക്ഷികൾക്കിടയിലും സ്വീകാര്യത വർധിക്കുമെന്നും മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതോടെ, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ തയാറാകുകയായിരുന്നു.
ഭാരത് ജോഡോ യാത്രയിൽ ജനങ്ങളുമായി അടുത്തിടപഴകി ആവശ്യങ്ങൾ മനസ്സിലാക്കിയ രാഹുൽ അക്കാര്യങ്ങളാണു തിരഞ്ഞെടുപ്പു പ്രചാരണ വിഷയങ്ങളാക്കിയത്. ജനങ്ങളുടെ ആവശ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനും അതിനായി പോരാടാനും രാഹുൽ മുന്നിലുണ്ടാകണമെന്നും കോൺഗ്രസ് നേതൃത്വം നിലപാടെടുത്തു. കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോൺഗ്രസിനും പ്രതിപക്ഷത്തിനും ശക്തമായ തിരിച്ചുവരവു നടത്താൻ കഴിഞ്ഞതിന്റെ മുന്നണി പോരാളിയെന്ന വിശേഷണത്തോടെയാണ് രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.
2019ലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു പാർട്ടി പ്രസിഡന്റ് പദം രാഹുൽ ഒഴിഞ്ഞിരുന്നു. പാർട്ടി വിട്ടവരെ അവഗണിച്ചും ഒപ്പം നിന്നവരെ ചേർത്തുപിടിച്ചുമായിരുന്നു പിന്നീടുള്ള വർഷങ്ങളിൽ രാഹുലിന്റെ പോരാട്ടം. രാഷ്ട്രീയത്തിൽ രാഹുൽ എത്തിയിട്ട് 20 വർഷം പിന്നിടുന്നു. 10 വർഷം അധികാരമില്ലാതെ നടത്തിയ പോരാട്ടങ്ങൾക്കൊടുവിൽ പ്രതിപക്ഷത്തെ നയിക്കാനുള്ള നിയോഗം രാഹുലിലേക്കെത്തുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലാണ് രാഹുൽ ഗാന്ധി മത്സരിച്ചത്. റായ്ബറേലിയിലും വയനാട്ടിലും. റായ്ബറേലിയിൽ 3,90,030 വോട്ടുകൾക്കും വയനാട്ടിൽ 3,64,422 വോട്ടുകൾക്കുമാണ് രാഹുൽ വിജയിച്ചത്. വടക്കേ ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു.
പതിനെട്ടാം ലോക്‌സഭാംഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടന ഉയർത്തിപ്പിടിച്ച് സഭാംഗങ്ങളെ എല്ലാം കാണിച്ച ശേഷമായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ.
രാഹുൽ സത്യപ്രതിജ്ഞയ്ക്കായെത്തിയപ്പോൾ 'ഭാരത് ജോഡോ', 'ഇന്ത്യ' എന്ന വിളികളും കരഘോഷങ്ങളും ഉയർന്നു. 'ജയ് ഹിന്ദ്, ജയ് സംവിധാൻ' എന്ന് പറഞ്ഞായിരുന്നു സത്യപ്രതജ്ഞ അദ്ദേഹം അവസാനിപ്പിച്ചത്.