ന്യൂഡൽഹി: പാർലമെന്റിൽ ഭരണഘടന ഉയർത്തിപ്പിടിച്ചു നാടകം കളിക്കുന്നവരുടെ തെറ്റായ പ്രവർത്തികൾ സെപ്റ്റംബർ 6ന് തന്റെ സിനിമ 'എമർജൻസി' പുറത്തിറങ്ങുമ്പോൾ കാണാമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ റനൗട്ട്. കങ്കണയുടെ ആദ്യ സംവിധാന സംരംഭംകൂടിയാണ് ചിത്രം. ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന എമർജൻസിയെന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

"ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടും. ഈ സിനിമയുടെ നിർമ്മാണ ഘട്ടങ്ങളിൽ ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. സ്വന്തമായി ഫണ്ട് കണ്ടെത്തിയും ആഭരണങ്ങൾ വിറ്റുമാണു സിനിമ പൂർത്തിയാക്കിയത്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജീവ് ഗാന്ധി എഴുതിയ പുസ്തകവും അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നുതന്നെ ലഭിച്ച ആധികാരിക രേഖകളുടെയും അടിസ്ഥാനത്തിലാണ്" കങ്കണ പറയുന്നു.

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ലെന്നും ജനങ്ങളിതു മനസ്സിലാക്കി കോൺഗ്രസിനെ തള്ളിയതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാവാതിരിക്കാനാണു ജനങ്ങൾ ബിജെപിക്ക് എതിരെ വോട്ടു ചെയ്തതെന്നു കോൺഗ്രസ് നേതാവ് പി.ചിദംബരവും പ്രധാനമന്ത്രി മോദി 140 കോടി ഇന്ത്യക്കാരെ കഴിഞ്ഞ 10 വർഷം 'അപ്രഖ്യാപിത അടിയന്തരാവസ്ഥ' യിലിട്ടെന്ന് മല്ലികാർജുൻ ഖർഗെയും തിരിച്ചടിച്ചിരുന്നു. ഇതിനിടയിലാണു കങ്കണയുടെ പ്രതികരണം.

1975ലെ ഇന്ത്യൻ അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയാണു കങ്കണ 'എമർജൻസി' ഒരുക്കുന്നത്. ചിത്രത്തിലെ മുഖ്യകഥാപാത്രമായ ഇന്ദിരാ ഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്നതും കങ്കണയാണ്. മലയാളി താരം വിശാഖ് നായരാണ് ചിത്രത്തിൽ സഞ്ജയ് ഗാന്ധിയായി എത്തുന്നത്. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി ചിത്രത്തിൽ എത്തുന്ന കങ്കണ പുതിയ പോസ്റ്റർ പങ്കുവച്ചാണ് ഇൻസ്റ്റഗ്രാമിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബർ ആറിനാണ് ചിത്രം എത്തുക. ക്യാമറയിൽനിന്ന് ദൂരേക്ക് നോക്കിനിൽക്കുന്ന പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ഇരുണ്ട അധ്യായത്തിന്റെ 50-ാം വർഷത്തിന്റെ തുടക്കം എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി കങ്കണ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഉരുക്കു വനിതയെന്നറിയപ്പെടുന്ന ഇന്ദിരാഗാന്ധിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ സംവിധായകയായും കേന്ദ്ര കഥാപാത്രമായും ഡബിൾ റോളിലാണ് കങ്കണയെത്തുന്നത്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ദിരാഗാന്ധിയുടെ വേഷത്തിലെത്തിയ കങ്കണ തന്നെ ആയിരുന്നു ടീസറിലെയും പ്രധാന ആകർഷണം.

ആനന്ദം എന്ന മലയാള ചിത്രത്തിലെ 'കുപ്പി' എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച വൈശാഖ് നായരാണ് എമർജൻസിയിൽ സഞ്ജയ് ഗാന്ധിയായി എത്തുന്നത്. മണികർണികാ ഫിലിംസിന്റെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുകളും നേരത്തെ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. അനുപം ഖേർ, ശ്രേയസ് തൽപാഡെ, മഹിമ ചൗധരി, മിലിന്ദ് സോമൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലണി നിരക്കുന്നത്. 1975 മുതൽ 1977 വരെയുള്ള 21 മാസക്കാലമായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ കാല ഘട്ടത്തെ കേന്ദ്രീകരിച്ചാണ് ചിത്രമൊരുങ്ങുന്നത്.