- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ മദ്യനയം മനീഷ് സിസോദിയയുടെ ആശയമെന്ന് കെജ്രിവാൾ മൊഴി നൽകിയോ?
ന്യൂഡൽഹി: ഡൽഹിയുടെ പുതിയ മദ്യനയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആശയമായിരുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മൊഴി നൽകിയെന്ന പ്രചാരണം നിഷേധിച്ച് കെജ്രിവാൾ. മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയെ വിമർശിച്ചിട്ടില്ലെന്നും സിബിഐ വൃത്തങ്ങൾ വ്യാജവാർത്ത പ്രചരിപ്പിച്ചതാണെന്നും അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. സിസോദിയയ്ക്കെതിരെ കെജ്രിവാൾ മൊഴി നൽകിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകൾ നിഷേധിച്ചാണ് തന്റെ നിലപാട് കെജ്രിവാൾ വ്യക്തമാക്കിയത്.
മദ്യനയ അഴിമതി കേസിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വാർത്തകൾ പ്രചരിച്ചത്. കെജ്രിവാളിന്റെ മൊഴി സിബിഐ. ഡൽഹി റൗസ് അവന്യൂ കോടതിയെ അറിയിച്ചെന്ന രീതിയിലായിരുന്നു വാർത്തകൾ. ചൊവ്വാഴ്ച സിബിഐ. അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മനീഷ് സിസോദിയെക്കെതിരെ കെജ്രിവാളിന്റെ മൊഴിയില്ലെന്ന് റൗസ് അവന്യൂ കോടതിയും വ്യക്തമാക്കി.
നേരത്തെ സിബിഐയുടെ വാദങ്ങൾ അരവിന്ദ് കെജ്രിവാൾ നിഷേധിച്ചിരുന്നു. മനീഷ് സിസോദിയയെ കുറ്റപ്പെടുത്തുന്ന തരത്തിൽ താൻ മൊഴി നൽകിയിട്ടില്ല എന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. മനീഷ് സിസോദിയ നിരപരാധിയാണ്. തങ്ങളെ അപകീർത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ആരോപണങ്ങൾ അസംബന്ധമാണെന്നാണ് കഴിഞ്ഞദിവസം താൻ സിബിഐയോട് പറഞ്ഞത്. വാർത്തകളുടെ തലക്കെട്ടുകൾക്കുവേണ്ടിയാണ് സിബിഐ. കോടതിയോട് ഇങ്ങനെ പറയുന്നതെന്നും കെജ്രിവാൾ പറഞ്ഞു.
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ കെജ്രിവാളിനെ സിബിഐ. ബുധനാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെ ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിബിഐ. അദ്ദേഹത്തെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോടതിമുറിയിൽ ചോദ്യംചെയ്യാൻ അനുമതി നൽകിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്.
തിഹാർ ജയിലിൽ വച്ചാണ് ചൊവ്വാഴ്ച രാത്രി കെജ്രിവാളിനെ സിബിഐ. ചോദ്യം ചെയ്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വേണമെന്ന് സിബിഐ. ആവശ്യപ്പെട്ടേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.
സിബിഐയും ഇ.ഡിയും ബിജെപിയുടെ നാവായി മാറിയെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഡൽഹി മദ്യനയ അഴിമതി കേസ് സമ്പൂർണമായും വ്യാജമാണ്. യുക്തിരഹിതമായ കാര്യങ്ങളാണ് ഇ.ഡിയും സിബിഐയും എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ബിജെപി. വക്താക്കൾ പറയുന്ന അതേകാര്യമാണ് സിബിഐ. പറയുന്നത്. എന്നാൽ സിബിഐ. പറഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്നും ആം ആദ്മി പാർട്ടി പറഞ്ഞു.
അതേസമയം, മദ്യനയക്കേസിൽ സുപ്രീംകോടതിയിൽ നൽകിയ ഹർജി അരവിന്ദ് കെജ്‌രിവാൾ പിൻവലിച്ചു. ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡൽഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ പൂർണ്ണ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ അഭിഭാഷകന്റെ നടപടി.
ഹർജി പിൻവലിക്കാൻ അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് അനുമതി നൽകി. സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇക്കാര്യം കൂടി ഉൾപ്പെടുത്തി അരവിന്ദ് കെജ്‌രിവാൾ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും.