ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, മത്സരിക്കാൻ തന്റെ കയ്യിൽ പണമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി നൽകിയ അവസരം താൻ നിരസിച്ചത് അതുകൊണ്ടാണെന്നും നിർമല പറഞ്ഞു.

ആന്ധ്രയിൽ നിന്നോ, തമിഴ്‌നാട്ടിൽ നിന്നോ മത്സരിക്കാനുള്ള അവസരം തനിക്ക് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ തന്നിരുന്നു.' ഒരാഴ്ചയോ, പത്തുദിവസമോ മറ്റോ ആലോചിച്ചിട്ട് ഞാൻ ആ വാഗ്ദാനം നിരസിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാത്രമുള്ള ഫണ്ട് എന്റെ പക്കലില്ല. ആന്ധ്രയിലാണോ, തമിഴ്‌നാട്ടിലാണോ മത്സരിക്കേണ്ടതെന്ന കാര്യത്തിലും എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. അവർ ഉപയോഗിക്കുന്ന ജയസാധ്യതാ മാനദണ്ഡങ്ങളും ആലോചനയിൽ വന്നു. നിങ്ങൾ ഈ സമുദായത്തിൽ നിന്നാണാ, ആ മതത്തിൽ നിന്നാണോ എന്നിങ്ങനെ. അതുകൊണ്ട് ഞാൻ മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞു', 2024 ലെ ടൈംസ് നൗ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ.

എന്റെ വാദം അവർ അംഗീകരിച്ചതിൽ ഞാൻ കൃതാർഥയാണ്. അതുകൊണ്ട് ഞാൻ മത്സരിക്കുന്നില്ല, നിർമല കൂട്ടിച്ചേർത്തു. രാജ്യത്തെ ധനമന്ത്രിക്ക് എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യത്തിന് പണമില്ല എന്നായിരുന്നു അടുത്ത ചോദ്യം. രാജ്യത്തിന്റെ സഞ്ചിത നിധി തനിക്കുള്ളതല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

നിലവിലെ രാജ്യസഭാ അംഗങ്ങളിൽ പീയൂഷ് ഗോയൽ, ഭൂപേന്ദ്ര യാദവ്, രാജീവ് ചന്ദ്രശേഖർ, മൻസുഖ് മാണ്ഡവ്യ. ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട്. നിർമല സീതാരാമൻ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. മറ്റു സ്ഥാനാർത്ഥികൾക്ക് വേണ്ടി താൻ പ്രചാരണത്തിന് എത്തുമെന്നും നിർമല പറഞ്ഞു. നാളെ താൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിനായി പോവുകയാണെന്നും അവർ അറിയിച്ചു.