ചെന്നൈ: പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിനും കേന്ദ്രമന്ത്രി നിർമല സീതാരാമനും തമ്മിൽ വാക്‌പോര്. പ്രളയദുരിതാശ്വാസമായി കൂടുതൽ ഫണ്ട് തമിഴ്‌നാടിന് അനുവദിക്കാൻ കഴിയില്ലെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കിയതോടെയാണ് നേതാക്കൾ തമ്മിൽ വാക്‌പോരിന് തുടക്കമായത്. ഇതിന് മറുപടിയുമായി ഉയദനിധി സ്റ്റാലിനാണ് രംഗത്തെത്തിയത്. അൽപ്പം രൂക്ഷമായി തന്നെയായിരുന്നു ഉദയനിധിയുടെ ചോദ്യം.

'' കേന്ദ്രമന്ത്രിയുടെ അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചത്. ജനങ്ങളുടെ നികുതിയുടെ അർഹമായ വിഹിതമാണ് ആവശ്യപ്പെട്ടത്.''.സൂക്ഷിച്ചു സംസാരിക്കണമെന്നു മറുപടി നൽകിയ നിർമല സീതാരാമൻ, അച്ഛന്റെ സ്വത്തുകൊണ്ടാണോ ഉദയനിധി അധികാരം ആസ്വദിക്കുന്നതെന്നു താൻ ചോദിച്ചാൽ എന്താകും എന്നു കൂട്ടിച്ചേർത്തു.

മുഖ്യസ്ഥാനങ്ങളിലുള്ളവർ വാക്കുകൾ ശ്രദ്ധിക്കണം. ഉദയനിധിയോടു വിരോധമില്ല. പക്ഷേ രാഷ്ട്രീയത്തിൽ അച്ഛന്റെ സ്വത്തിനെ കുറിച്ച് സംസാരിക്കേണ്ടതില്ല. മുത്തച്ഛനായ കരുണാനിധി വാക്കുകളുടെ ഉപയോഗം മനസ്സിലാക്കിയിരുന്ന സാഹിത്യകാരനാണെന്നതും അദ്ദേഹം മറക്കുന്നുവെന്നും നിർമല വിമർശിച്ചു. എന്നാൽ, കരുണാനിധിയും ദ്രാവിഡചാര്യൻ പെരിയാറും തങ്ങളെ സംസാരിക്കാൻ പഠിപ്പിച്ചിട്ടുണ്ടെന്നും ഓരോരുത്തരോടും അവരവരുടെ നിലവാരത്തിന് അനുസരിച്ചാണു സംസാരിക്കുകയെന്നും ഉദയനിധി തിരിച്ചടിച്ചു.

'അച്ഛൻ' 'കുടുംബം' എന്നിവ മോശം വാക്കുകളല്ലെന്നും പ്രളയ ദുരിതാശ്വാസ ഫണ്ടിൽ പോലും രാഷ്ട്രീയം കലർത്താനാണു നിർമലയുടെ ശ്രമമെന്നും കുറ്റപ്പെടുത്തി. അതേസമയം, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ട ഫണ്ട് കേന്ദ്രം നൽകിയില്ലെന്നും ദുരന്തത്തിന്റെ പിടിയിൽ അകപ്പെട്ട സംസ്ഥാനത്തെ ജനങ്ങളെ നിർമല സീതാരാമൻ അപമാനിച്ചതായും തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു ആരോപിച്ചു. ശത്രു രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന മട്ടിലായിരുന്നു വാർത്താ സമ്മേളനത്തിൽ നിർമല സീതാരാമന്റെ സംസാരമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻവ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിൽ വൻ ദുരിതം വിതച്ച പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് അങ്ങനെയൊരു സംവിധാനമില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.

സംസ്ഥാനത്തെ മഴക്കെടുതികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും സർക്കാരിനെയും നിർമല സീതാരാമൻ രൂക്ഷമായി വിമർശിച്ചിരുന്നു. വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും പ്രളയം തടയുന്നതിന് സർക്കാർ മുൻകരുതലെടുത്തില്ലെന്ന് ആരോപിച്ചു. 2015ലെ പ്രളയത്തിൽ നിന്നു സർക്കാർ പാഠം പഠിച്ചില്ല. മുൻകരുതൽ എടുത്തിരുന്നെങ്കിൽ പ്രളയം ഒഴിവാക്കാമായിരുന്നു.

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവശ്യപ്പെട്ട അധിക ധനസഹായം അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനം എടുക്കുമെന്ന് പറഞ്ഞ നിർമല, മുൻപ് അനുവദിച്ച ഫണ്ട് സംസ്ഥാനം ശരിയായ രീതിയിൽ വിനിയോഗിച്ചോയെന്ന് ചോദിച്ചു.

സംസ്ഥാനം വലിയ ദുരിതത്തെ നേരിടുമ്പോൾ ഇന്ത്യ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഡൽഹിയിലായിരുന്നുവെന്ന് അവർ പരിഹസിച്ചു. പ്രളയ മുന്നറിയിപ്പ് നൽകുന്നതിൽ കാലാവസ്ഥ കേന്ദ്രം പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതിനും നിർമല മറുപടി നൽകി. മഴയുടെ തീവ്രതയെക്കുറിച്ചു കാലാവസ്ഥാ കേന്ദ്രം കൃത്യമായി പ്രവചിച്ചിരുന്നുവെന്നും കേന്ദ്രത്തിൽ ആധുനിക സംവിധാനമുണ്ടെന്നും പറഞ്ഞു.